കൊച്ചി- മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഷാജ് കിരണ്‍ ഭീഷണിയും സമ്മര്‍ദ്ദവും ചെലുത്തിയതിന്റെ ശബ്ദരേഖ ഇന്ന് പുറത്തുവിടുമെന്ന് സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍. വൈകീട്ട് മൂന്നുമണിക്കാണ് ശബ്ദരേഖ പുറത്തുവിടുക. പാലക്കാട് വെച്ച് വാര്‍ത്താസമ്മേളനം നടത്തിയാകും സ്വപ്‌ന സുരേഷ് ഓഡിയോ ക്ലിപ്പ് പരസ്യമാക്കുകയെന്നും അഭിഭാഷകന്‍ ആര്‍ കൃഷ്ണരാജ് അറിയിച്ചു.
മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയ ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തി എന്നാണ് സ്വപ്നയുടെ ആരോപണം. ഇത് തെളിയിക്കുന്ന ശബ്ദരേഖ കയ്യിലുണ്ടെന്നും അത് പുറത്ത് വിടുമെന്നും സ്വപ്ന ഇന്നലെ പറഞ്ഞിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധവും മുഖ്യമന്ത്രിയുടെ നാവായി പ്രവര്‍ത്തിക്കുന്ന നികേഷ് കുമാര്‍ എന്നയാളെക്കുറിച്ചും ഷാജ് കിരണ്‍ സംസാരിച്ചു. തന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് തെളിവുകളെല്ലാം പുറത്ത് വിടുന്നതെന്നും സ്വപ്ന പറയുന്നു.
എന്നാല്‍ മുഖ്യമന്ത്രിയെയോ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ഉള്‍പ്പെടെയുള്ള മറ്റ് നേതാക്കളെയോ പരിചയമില്ലെന്നാണ് ഷാജ് കിരണ്‍ വ്യക്തമാക്കിയത്. സുഹൃത്ത് എന്ന നിലയിലാണ് സ്വപ്നയുമായി സംസാരിച്ചത്. സ്വപ്ന വിളിച്ചതനുസരിച്ചാണ് കഴിഞ്ഞ ദിവസം പാലക്കാട് പോയി അവരെ കണ്ടതെന്നുമാണ് ഷാജ് കിരണിന്റെ വാദം.