ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫ്  ഹര്‍ത്താല്‍

തൊടുപുഴ- സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വീതിയില്‍ പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീം കോടതി നിര്‍ദേശത്തിനെതിരെ ഇടുക്കിക്കിയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ഇതുവരെ കടകളൊന്നും തുറന്നിട്ടില്ല.
ഹൈറേഞ്ച് മേഖലയില്‍ കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നില്ല. ചില സ്വകാര്യ ടാക്‌സി വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങുന്നത്. തൊടുപുഴയില്‍ നിന്നുള്ള ദീര്‍ഘദൂര കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍ ഓടുന്നുണ്ട്. നിര്‍ബന്ധിച്ച് ആളുകളെ മടക്കി അയക്കലോ നിര്‍ബന്ധിപ്പിച്ച് കട അടപ്പിക്കലോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഹൈറേഞ്ച് സംരക്ഷണ സമിതി അടക്കം സമരത്തിലേക്ക് നീങ്ങുകയാണ്. 16ന് യുഡിഎഫും ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. കോടതിവിധി ഇടുക്കി ജില്ലയിലെ ജനവാസ മേഖലകളെയാണ് ഏറെ ഗുരുതരമായി ബാധിക്കുന്നത്. നാല് ദേശീയോദ്യാനങ്ങളും പെരിയാര്‍ ഉള്‍പ്പെടെ നാല് വന്യജീവിസങ്കേതങ്ങളും ഇടുക്കി ജില്ലയിലാണ്. മാത്രമല്ല ഭൂ വിസ്തൃതിയുടെ കൂടുതല്‍ ഭാഗവും ഇവിടെ വനമായുണ്ട്. ഭൂ പ്രശ്‌നങ്ങള്‍ക്കും വിപത്തുകള്‍ക്കും തുടക്കമിട്ടത് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോഴാണെന്ന് സിപിഐഎം നേതാക്കള്‍ ആരോപിക്കുന്നു. ജയറാം രമേശ് 2011 ല്‍ വനം പരിസ്ഥിതി മന്ത്രിയായിരിക്കെ വന്യജീവി സംരക്ഷണത്തിന്റെ പേരില്‍ പുറത്തിറക്കിയ ഉത്തരവ് നടപ്പാക്കാനാണ് ഇപ്പോള്‍ സുപ്രീം കോടതി ഉത്തരവിട്ടിട്ടുളളത്.
 

Latest News