Sorry, you need to enable JavaScript to visit this website.

കണക്കുചോദിക്കാതെ കാലം കടന്നുപോകില്ലെന്ന് വി.ഡി. സതീശൻ

കൊച്ചി- കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ക്രിമിനൽ കേസ് പ്രതിയായ ബിജു രാധാകൃഷ്ണൻ അഞ്ചരകോടി രൂപ കോഴ നൽകിയെന്ന മൊഴിയോടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക് രക്ഷപ്പെടാൻ ഒരു പഴുതും ഇല്ലാതായെന്ന് 2015 ഡിസംബർ രണ്ടിന് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ട സി.പി.എം സംസ്ഥാന സെക്രട്ടറിയാണ് ഇന്ന് മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നത്. കേസിൽ ഉൾപ്പെട്ട വനിതയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി ഉമ്മൻചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ശ0 ിപാർശ ചെയ്ത മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. 
എന്നാലിപ്പോൾ സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന സ്വപ്ന സുരേഷാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നതും കോടതിയിൽ രഹസ്യമൊഴി നൽകിയതും. ഇതേക്കുറിച്ച് നീതിയുക്തമായ അന്വേഷണം നടക്കട്ടേയെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും മാറി നിൽക്കുന്നതിന് പകരം അന്വേഷണം അട്ടിമറിച്ചും തെളിവുകൾ നശിപ്പിച്ചും പണം ഒഴുക്കിയും പോലീസിനെ ഉപയോഗിച്ച് നഗ്നമായ അധികാര ദുർവിനിയോഗത്തിലൂടെയും രക്ഷപ്പെടാനുള്ള ശ്രമമാണ് പിണറായി വിജയൻ നടത്തുന്നത്. 
പിണറായി പണ്ട് പറഞ്ഞതു പോലെ, 'ഈ തട്ടിപ്പിൽ മുഖ്യമന്ത്രി ഒന്നാം പ്രതിയാണ് എന്ന് തുടക്കം മുതൽ തെളിവുകൾ നിരത്തി പ്രതിപക്ഷം പറയുന്നതാണ്. അന്വേഷണം അട്ടിമറിച്ചും തെളിവുകൾ നശിപ്പിച്ചും പണം ഒഴുക്കി സാക്ഷികളെ സ്വാധീനിച്ചും നഗ്നമായ അധികാര ദുർവിനിയോഗത്തിലൂടെയും രക്ഷപ്പെടാൻ ശ്രമിച്ച മുഖ്യമന്ത്രിയുടെ തനിനിറം കൂട്ടുപ്രതിയുടെ വെളിപ്പെടുത്തലിലൂടെ മറനീക്കി പുറത്തു വന്നിരിക്കുന്നു.' ഉമ്മൻചാണ്ടിക്ക് ഒരു നീതി, പിണറായി വിജയന് മറ്റൊരു നീതി എന്നത് ഇവിടെ നടക്കില്ല. ഇനിയെങ്കിലും പിണറായിക്ക് രാജിവെക്കാനുള്ള ബുദ്ധി തെളിയുമെന്നാണ് കരുതുന്നതെന്ന് സതീശൻ പറയുന്നു.

Latest News