കോഴിക്കോട്- പള്ളി ഖബര്‍സ്ഥാനില്‍നിന്നും ചന്ദനം മുറിച്ചുകടത്തിയ മഹല്ല് മുതവല്ലി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. കോഴിക്കോട് എലത്തൂര്‍ മഹല്ല് മുതവല്ലി മുഹമ്മദ് നിസാര്‍, ചന്ദനം വാങ്ങാനെത്തിയ മുസ്തഫ, അബദുല്‍ നാസര്‍ എന്നിവരാണ് പിടിയിലായത്. ചന്ദനമുട്ടികളും കാറും കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് എലത്തൂര്‍ മഹല്ല് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനിലെ രണ്ട് ചന്ദന മരങ്ങള്‍ മുറിച്ചു കടത്തുന്നതിനിടെയാണ് മൂന്നുപേര്‍ പിടിയിലായത്. മഹല്ല് കമ്മിറ്റി മുതവല്ലി നാസിദാസ് മന്‍സിലില്‍ മുഹമ്മദ് നിസാര്‍ (64), ബാലുശ്ശേരി കണ്ണാടി പൊയില്‍ കരിമാന്‍കണ്ടി മുസ്തഫ(48), ഉണ്ണിക്കുളം വള്ളിയോത്ത് കിഴക്കോട്ടുമ്മല്‍ അബദുല്‍ നാസര്‍(48) എന്നിവരെയാണ് പോലീസ് പിടികൂടി വനപാലകര്‍ക്ക് കൈമാറിയത്.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എലത്തൂര്‍ എസ്.ഐ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് എത്തിയാണ് ഇവരെ പിടികൂടിയത്. മുപ്പത് കിലോയോളം ചന്ദനമുട്ടികളും ചന്ദനം കടത്താന്‍ ഉപയോഗിച്ച കെ എല്‍ 11 എ ജെ 1020 നമ്പര്‍ കാറും കസ്റ്റഡിയിലെടുത്തു.
പോലീസ് പിടികൂടിയ പ്രതികളെ പിന്നീട് വനം വകുപ്പിന് കൈമാറി. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെത്തിച്ച പ്രതികളെ വനപാലകര്‍ ചോദ്യം ചെയ്ത് വരികയാണ്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.