കൊച്ചി- മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളുമായി തനിക്ക് ബന്ധമില്ലെന്ന് ഷാജ് കിരണ്‍. സ്വപ്ന സുരേഷിനെ തനിക്ക് അറിയാമെന്നും നിരന്തരമായി തങ്ങള്‍ സംസാരിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയെ താന്‍ അവസാനമായി കാണുന്നത് ഒരു വാര്‍ത്താ സമ്മേളനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേത്തു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ താന്‍ നല്‍കിയ മൊഴി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് തനിക്ക് ഭീഷണിയുണ്ടായതായി സ്വപ്ന ഹരജിയില്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടി ഷാജ് കിരണ്‍ എന്നായാളാണ് തന്നെ സമീപിച്ചതെന്ന് സ്വപ്‌ന ഹരജിയില്‍ വ്യക്തമാക്കിയത്. ഇതിനുപിന്നാലെയാണ് ഷാജ് മാധ്യമങ്ങളോട് സംസാരിച്ചത്.
സ്ഥലക്കച്ചവടവുമായിട്ടാണ് സ്വപ്നയെ പരിചയപ്പെടുന്നത്. അറുപത് ദിവസങ്ങളായിട്ട് സ്വപ്നയെ അറിയാം. ശിവശങ്കര്‍ എന്നയാളെ ടിവിയില്‍ അല്ലാതെ വേറെ എവിടെയും കണ്ടിട്ടില്ല. ഈ പറഞ്ഞ ദിവസങ്ങളില്‍ സിപിഎം നേതാക്കളോ ശിവശങ്കറോ കോണ്‍ഗ്രസ് നേതാക്കളോ തന്നെ വിളിച്ചിട്ടുണ്ടെങ്കില്‍ ആരോപണങ്ങള്‍ എല്ലാം സമ്മതിക്കാം. സ്വപ്നയുടെ പക്കല്‍ ശബ്ദരേഖ ഉണ്ടെങ്കില്‍ അത് പുറത്തു വിടട്ടെ എന്നും അദ്ദേഹം പറഞ്ഞു.
സ്വപ്നയെ നേരിട്ട് കാണും. അവരുടെ വായില്‍നിന്ന് കേള്‍ക്കണം. ഞാന്‍ അവരെ ഭീഷണിപ്പെടുത്തി, സിഎമ്മിന് വേണ്ടി സംസാരിച്ചു എന്ന് സ്വപ്ന പറഞ്ഞാല്‍ മതി, എനിക്ക് കുഴപ്പമില്ല. എനിക്കറിയാവുന്ന സ്വപ്ന എനിക്കെതിരെ പറയില്ല. ഓഡിയോ ഉണ്ടെങ്കില്‍ അത് പുറത്തുവിടട്ടെ. ആരെങ്കിലും പറഞ്ഞ് പറയിപ്പിച്ചതാണോ എന്ന് സ്വപ്നയോട് ചോദിച്ചിരുന്നു. എന്നാല്‍ അങ്ങനെ അല്ലെന്നായിരുന്നു സരിത്തും സ്വപ്നയും പറഞ്ഞത്. പിന്നെ ഒന്നും ചോദിച്ചിട്ടില്ലെന്നും ഷാജ് കരുണ്‍ മാധ്യമങ്ങളോട് പറഞ്ഞു.