റിയാദ് - റിയാദ് മെട്രോ പദ്ധതിയിലെ നാലാം പാതയിൽ മെട്രോ ട്രെയിൻ പരീക്ഷണ ഓട്ടം നടത്തി. ഏതാനും എൻജിനീയർമാരുടെ സാന്നിധ്യത്തിൽ പർപ്പിൾ നിറമുള്ള മെട്രോ ട്രെയിൻ ഓടുന്ന വീഡിയോ റിയാദ് വികസന സമിതി പുറത്തുവിട്ടു. നാലു പ്രധാന സ്റ്റേഷനുകളിലെ ഇലക്ട്രിക് ജോലികളും പാതയിലെ ഇലക്ട്രിക് ലൈനുകളുടെ ജോലികളും സൗദി ഇലക്ട്രിക് കമ്പനിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിവരികയാണ്. ഇതുവരെ 68 ശതമാനം നിർമാണം പൂർത്തിയായി.
85 റെയിൽവേ സ്റ്റേഷനുകളും ആറു പാതകളിലായി 176 കി.മീ നീളമുള്ള റെയിൽവേ ലൈനും ഉൾക്കൊള്ളുന്ന റിയാദ് മെട്രോ നെറ്റ്‌വർക് കിംഗ് അബ്ദുൽ അസീസ് പദ്ധതിയുടെ നട്ടെല്ലായാണ് വിശേഷിപ്പിക്കുന്നത്. തലസ്ഥാന നഗരിയിലെ പൊതുസ്ഥലങ്ങൾ, ബിസിനസ് കേന്ദ്രങ്ങൾ, വിദ്യാഭ്യാസ - ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിലൂടെ കടന്നുപോവുന്ന പാത കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, കിംഗ് അബ്ദുല്ല സാമ്പത്തിക നഗരം എന്നിവയെയും ബന്ധിപ്പിക്കുന്നുണ്ട്. അത്യാധുനിക സംവിധാനങ്ങളും മികച്ച യാത്രാസൗകര്യവും ഒരുമിച്ചു ചേരുന്ന ആകർഷകമായ ട്രെയിനുകളാണ് റിയാദ് മെട്രോയിൽ സർവീസ് നടത്തുക. ജർമൻ കമ്പനിയായ സീമെൻസ്, കനേഡിയൻ കമ്പനിയായ ബൊംബാർഡിയർ, ഫ്രാൻസ് കമ്പനിയായ ആൽസ്റ്റം തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര കമ്പനികളാണ് റിയാദ് മെട്രോയിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ നിർമിക്കുന്നത്.
മെട്രോയിലെ 42 ശതമാനം ഭൂഗർഭ പാതയായും 47 ശതമാനം പാലങ്ങളായും 11 ശതമാനം ഉപരിതല പാതയായുമാണ് ക്രമീകരിച്ചിരിക്കുന്നത്. കിംഗ് അബ്ദുല്ല സാമ്പത്തിക കേന്ദ്രം സ്റ്റേഷൻ, ഒലയ്യ സ്റ്റേഷൻ, ഖസർ അൽഹുകും സ്റ്റേഷൻ, പശ്ചിമ സ്റ്റേഷൻ എന്നിവയാണ് റിയാദ് മെട്രോയിലെ പ്രധാനപ്പെട്ട നാലു സ്റ്റേഷനുകൾ.
ഇന്ത്യൻ കമ്പനിയായ എൽ ആന്റ് ടി അടക്കമുള്ള നിരവധി കമ്പനികൾ റിയാദ് മെട്രോയുടെ നിർമാണ പ്രവൃത്തികളിൽ സഹകരിക്കുന്നുണ്ട്. 45,000 ൽ അധികം തൊഴിലാളികളാണ് റിയാദ് മെട്രോ നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നത്.