കോഴിക്കോട്- കോഴിക്കോട് കോട്ടൂളിയിൽ പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട് കവർച്ച. അർധരാത്രിയോടെയായിരുന്നു സംഭവം. അരലക്ഷം രൂപയോളം കവർന്നതായാണ് പ്രാഥമിക വിവരം. പരിക്കേറ്റ പെട്രോൾ പമ്പ് ജീവനക്കാരൻ മുഹമ്മദ് റാഫിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർദ്ധരാത്രിയിൽ കറുത്ത മുഖം മൂടിയിട്ട ഒരാളാണ് പമ്പിലെത്തിയത്. കറുത്ത വസ്ത്രങ്ങളും കൈയുറയും ധരിച്ച ഇയാൾ പെട്രോൾ പമ്പിലെ ഓഫീസിലേക്ക് ഇടിച്ചു കയറി. തുടർന്ന് ജീവനക്കാരനും ഇയാളും തമ്മിൽ മൽപ്പിടുത്തമുണ്ടായി. ജീവനക്കാരനെ മർദ്ദിച്ച് കൈകൾ തുണി കൊണ്ട് കെട്ടിയിട്ട ശേഷം പമ്പിലെ ഓഫീസിൽ സൂക്ഷിച്ചിരുന്ന പണവുമായി കടന്നുകളയുകയായിരുന്നു. കവർച്ചയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. സംഭവം നടന്ന പമ്പിൽ മെഡിക്കൽ കോളേജ് പൊലീസിന്റെ നേതൃത്വത്തിൽ ഫൊറൻസിക് വിദഗ്ധർ എത്തി പരിശോധന നടത്തി.