കോട്ടയം- നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിൽ സ്വപ്ന സുരേഷിനും പി.എസ്. സരിത്തിനും മാത്രമല്ല, മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ട് പങ്കാളിത്തമുണ്ടെന്നും മുൻ പൂഞ്ഞാർ എംഎൽഎ പി.സി.ജോർജ്. കേസിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. കള്ളക്കടത്ത് നടത്തിയ മുഖ്യമന്ത്രി രാജ്യത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. സോളാർ കേസ് പ്രതി സരിതയുമായി താൻ ഫോണിൽ സംസാരിച്ചതിൽ എന്താണ് പ്രത്യേകത. സരിതയുമായി എത്രകൊല്ലമായി സംസാരിക്കുന്നു. 'ചക്കരപ്പെണ്ണേ' എന്നാണ് സരിതയെ പണ്ടേ വിളിക്കുന്നത്. സ്വപ്ന സുരേഷ് തന്നെ തൈക്കാട് ഗസ്റ്റ് ഹൗസിൽ വന്ന് കണ്ടിട്ടുണ്ടെന്നും പി.സി.ജോർജ് പറഞ്ഞു.
പി.സി.ജോർജിനെ വ്യക്തിപരമായി അറിയില്ലെന്നും സ്വർണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വന്നപ്പോൾ അദ്ദേഹം ബന്ധപ്പെടാൻ ശ്രമിച്ചുവെന്നത് സത്യമാണെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.