Sorry, you need to enable JavaScript to visit this website.

മാധ്യമ നിയന്ത്രണത്തിനൊരു യു-ടേൺ

ഇന്ത്യയിലെ മാധ്യമങ്ങളെ നിയന്ത്രിക്കാൻ ശ്രമം നടക്കുന്നത് ഇതാദ്യമല്ല. 1975 ൽ ഇന്ദിരാഗാന്ധി പ്രസ് സെൻസർഷിപ്പ് ഏർപ്പെടുത്തിയ കാലത്താണ് ഭരണകൂടം പത്രങ്ങളെ നിയന്ത്രിച്ചാലുണ്ടാവുന്ന ഭവിഷ്യത്ത് ഇന്ത്യൻ സമൂഹം അടുത്തറിഞ്ഞത്. പിൽക്കാലത്ത് വർഗീയ പ്രചാരണത്തിൽ മുന്നേറിയ ഒരു പ്രമുഖ ഇംഗഌഷ് ദേശീയ പത്രം അക്കാലത്ത് മുഖപ്രസംഗ കോളം ഒഴിച്ചിട്ടിറക്കി പ്രതിഷേധിച്ചതൊക്കെ പഴയ കഥ. കേന്ദ്രം ഭരിക്കുന്ന മോഡി സർക്കാരിനെ സംബന്ധിച്ചിടത്തോളം മാധ്യമങ്ങളെ പ്രത്യേകിച്ച് നിയന്ത്രിക്കേണ്ട കാര്യമൊന്നുമില്ലെന്ന് നിനച്ചിരിക്കുമ്പോഴാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കഴിഞ്ഞ ദിവസം പുതിയ ഉത്തരവിറക്കിയത്. ആരെങ്കിലും വ്യാജ വാർത്ത നൽകിയാൽ ആ ലേഖകനെ പിന്നെ വെച്ചേക്കില്ല. അവന്റെ/അവളുടെ അക്രഡിറ്റേഷൻ തൽക്ഷണം റദ്ദാക്കും. പത്ര മുതലാളിമാരെ സ്വാധീനിക്കാൻ പല വഴിയുണ്ട്. പരസ്യങ്ങൾ നൽകിയും അവരുടെ വ്യവസായ സംരംഭങ്ങൾക്ക് വഴി വിട്ട സൗകര്യങ്ങൾ ചെയ്തുമൊക്കെ പിടിക്കാം. പഴയ കേരള മുഖ്യമന്ത്രി ഇ.കെ നായനാർ പറഞ്ഞത് പണ്ടു കാലത്ത് തറവാടുകളിൽ ഒരു ആനയുണ്ടെന്ന് ഗമയോടെ പറഞ്ഞിരുന്നതിന് തുല്യമാണ് ഇന്ത്യയിലെ കോർപറേറ്റ് ഹൗസുകൾക്ക് സ്വന്തമായി പത്രങ്ങളും ചാനലുമുണ്ടെന്നതെന്നാണ്. അത്ര വലിയ വ്യവസായ ഭീമനൊന്നുമാകേണ്ടതില്ല. കേരളത്തിലെ ഏതെങ്കിലും നഗരത്തിൽ രണ്ട് കച്ചവടക്കാരുണ്ടെന്ന് കരുതുക. അതിലൊരാൾക്ക് സ്വന്തമായി ഒരു സായാഹ്ന പത്രവുമുണ്ടെന്ന് വിചാരിക്കുക. കലക്ടറേറ്റ് മുതൽ നികുതി ഡയരക്ടറേറ്റ് വരെയുള്ള ഓഫീസുകളിലെല്ലാം അന്തി പത്രത്തിന്റെ മുതലാളി കൂടിയായ വ്യാപാരിക്കായിരിക്കും കൂടുതൽ പരിഗണന ലഭിക്കുക. പക്ഷേ, ഇതുകൊണ്ട് മാത്രം കാര്യമായില്ല. റിപ്പോർട്ടർമാരാണ് വാർത്ത നൽകുന്നത്. പൂച്ചകളെ പോലെ പതുങ്ങി കഴിയുന്ന പുലികളാണ് പലരും. പഠിച്ച പണി നേരാം വണ്ണം അവർ ചെയ്യാൻ തുടങ്ങിയാൽ അധികാര കേന്ദ്രങ്ങൾക്ക് വിഷമമാവും. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിൽ രണ്ട് വർഷത്തെ ട്രെയിനിംഗും ഒരു വർഷത്തെ പ്രൊബേഷനും കഴിഞ്ഞ ശേഷമാണ് ജോലിയിൽ സ്ഥിരപ്പെടുത്തുക. ലേഖകനായി ജില്ലാ ആസ്ഥാനത്ത് ഏതാനും വർഷങ്ങൾ ജോലി ചെയ്ത മാധ്യമ പ്രവർത്തകന് സർക്കാർ നൽകുന്ന അംഗീകാരമാണ് അക്രഡിറ്റേഷൻ. ട്രാൻസ്‌പോർട്ട് ബസിലെയും ട്രെയിനിലെയും സൗജന്യ യാത്രയ്ക്ക് അപ്പുറം പലതുമാണ് അക്രഡിറ്റേഷൻ. ഭാരത സർക്കാർ ഒരാളെ മാധ്യമ പ്രവർത്തകനെന്ന നിലയിൽ അംഗീകരിക്കുന്നുവെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണിത്. അക്രഡിറ്റഡ് ജേണലിസ്റ്റിന് കൂടുതൽ പ്രവർത്തന സ്വാതന്ത്ര്യം ലഭിക്കുന്നു. ഒരർഥത്തിൽ റിപ്പോർട്ടർമാരുടെ ചിറകാണ് അക്രഡിറ്റേഷൻ കാർഡ്. ഇത് മുറിച്ചു കളയാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തിയത്. വ്യാജ വാർത്ത പടച്ചു വിട്ടാൽ പിന്നെ ലേഖകന് അംഗീകാരമില്ല. എഴുതിയത് വ്യാജമാണോ അല്ലയോ എന്നത് തീരുമാനിക്കേണ്ടതാരെന്ന ചോദ്യവും അവശേഷിക്കുന്നു. 
വ്യാജ വാർത്ത നൽകുന്ന മാധ്യമ പ്രവർത്തകർകരുടെ അക്രഡിറ്റേഷൻ റദ്ദാക്കുമെന്നാണ് കേന്ദ്ര സർക്കാർ ചൊവ്വാഴ്ച വ്യക്തമാക്കിയത്. 
പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തത് വ്യാജ വാർത്തയാണെങ്കിൽ ആദ്യം ആറു മാസത്തേക്ക് അക്രഡിറ്റേഷൻ റദ്ദാക്കും. രണ്ടാം തവണയും കുറ്റം ആവർത്തിച്ചാൽ ഒരു വർഷത്തേക്കും മൂന്നാമതും ആവർത്തിച്ചാൽ  അക്രഡിറ്റേഷൻ സ്ഥിരമായി റദ്ദാക്കുമെന്നായിരുന്നു കൽപന. ലഭിക്കുന്ന പരാതികൾ ഉടൻ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ,ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷൻ എന്നിവർക്ക് കൈമാറി സർക്കാർ ഉപദേശം തേടും. 15 ദിവസത്തിനുള്ളിൽ ഇതു സംബന്ധിച്ച റിപ്പോർട്ട് സമിതികൾ സർക്കാരിന് തിരിച്ചു നൽകണം. സമിതികൾ റിപ്പോർട്ട് നൽകുന്നതുവരെ ആരോപിതരായ മാധ്യമ പ്രവർത്തകരുടെ അംഗീകാരം മരവിപ്പിക്കാനാണ് ഉദ്ദേശിച്ചത്. 
കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നപ്പോഴാണ് വ്യാജ വാർത്താ സർക്കുലർ പിൻവലിച്ചത്. 
മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള ആസൂത്രിതമായ നീക്കം ആണ് ഇതന്നെ പരാതിയും ഉയർന്നിരുന്നു. വ്യാജ വാർത്തകൾ നൽകുന്ന മാധ്യമ പ്രവർത്തകരുടെ അംഗീകാരം റദ്ദാക്കുമെന്ന സർക്കുലർ  പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇടപെടലിനെ തുടർന്ന് പിൻവലിച്ചത്. മാധ്യമങ്ങളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് മുതിർന്ന മാധ്യമ പ്രവർത്തകരും പ്രതിപക്ഷ പാർട്ടികളും ആരോപിച്ചതോടെയാണ് സർക്കാർ സമ്മർദ്ദത്തിലായതും സർക്കുലർ റദ്ദാക്കിയതും. 
നിരവധി തെരഞ്ഞെടുപ്പുകൾ അടുത്തു വരവേ കേന്ദ്ര സർക്കാർ ഇറക്കിയ നിർദേശം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നാണ് ആരോപണം ഉയർന്നത്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എങ്ങനെ വ്യാജ വാർത്തകളെ നിയന്ത്രിക്കുമെന്നും ഉത്തരവ് എങ്ങനെയാണ് പരിഷ്‌കരിണ്ടേതെന്നും ട്വിറ്ററിൽ ചോദിച്ചിരുന്നു. പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ പ്രധാനമന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെടുകയായിരുന്നു.  വിവാദമായ സർക്കുലർ റദ്ദാക്കുകയും ചെയ്തു. 
വ്യാജ വാർത്ത എങ്ങനെ നിയന്ത്രിക്കുമെന്ന ചോദ്യം മാധ്യമങ്ങൾക്കും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും വിട്ടുകൊടുത്തു കൊണ്ടാണ് സർക്കുലർ പിൻവലിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വാർത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയുടെ നടപടിയാണ് ഇത്രയും വിവാദങ്ങൾക്ക് കാരണമായത്. എങ്ങനെയാണ് വ്യാജ വാർത്ത എന്ന് തീരുമാനിക്കുക, പരാതി ലഭിച്ചാൽ ഉടൻ തീരുമാനത്തിലെത്താമോ തുടങ്ങിയ ചോദ്യങ്ങളാണ് വിമർശകർ പ്രധാനമായും ഉന്നയിച്ചത്. 
ലോകത്തെ സുപ്രധാന ജനാധിപത്യ രാജ്യമായ ഇന്ത്യൻ ഭരണ സംവിധാനത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങൾ. ഫോർത്ത് എസ്റ്റേറ്റിന് സുഗമമായി പ്രവർത്തിക്കാനാവുന്നില്ലെങ്കിൽ കാര്യങ്ങൾ കീഴ്‌മേൽ മറിയുമെന്നുറപ്പ്. 
മാധ്യമമെന്നത് ദിനപത്രങ്ങൾ മാത്രമല്ല. റേഡിയോയും ടെലിവിഷനും ഇന്റർനെറ്റും സമൂഹ മാധ്യമങ്ങളുമെല്ലാം ചേർന്നാണ് ഈ ധർമം നിറവേറ്റുന്നത്. 1984 ൽ അംഗരക്ഷകരുടെ വെടിയേറ്റ് ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി  കൊല്ലപ്പെട്ട കാര്യം ജനമറിഞ്ഞത് റേഡിയോയിലൂടെയായിരുന്നു. ബി.ബി.സി റേഡിയോയുടെ ശ്രോതാക്കൾ അൽപം ഗമയോടെ ആദ്യമറിഞ്ഞത് തങ്ങളാണെന്ന രീതിയിൽ വാർത്ത പ്രചരിപ്പിച്ചപ്പോൾ ഏറെയൊന്നും വൈകാതെ ആകാശവാണിയും പ്രാദേശിക, ദേശീയ സംവിധാനങ്ങളിലൂടെ കോടിക്കണക്കിന് ശ്രോതാക്കളെ വിവരമറിയിക്കുകയുണ്ടായി. ടെലിവിഷൻ സെറ്റുകൾ വ്യാപകമാവുന്നതിനു മുമ്പ് എൺപതുകളുടെ തുടക്കത്തിൽ റേഡിയോക്കായിരുന്നു ആധിപത്യം. 
ഇന്ത്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ടെലിവിഷൻ സംപ്രേഷണ സ്ഥാപനമായ ദൂരദർശൻ ദൽഹിയിൽനിന്നും മെട്രോ നഗരങ്ങളിൽനിന്നും സംസ്ഥാന തലസ്ഥാനങ്ങളിൽ നിന്നും സംപ്രേഷണം തുടങ്ങിയപ്പോൾ റേഡിയോയുടെ കാലം കഴിഞ്ഞുവെന്ന് കണക്കു കൂട്ടിയവരുണ്ടായിരുന്നു. പ്രണോയ് റോയും  റിനി ഖന്നയുമൊക്കെ സ്വീകരണ മുറികളിലെ സാന്നിധ്യമായത് വളരെ പെട്ടെന്നായിരുന്നു. സ്വകാര്യ സംരംഭകരെ ഉപഗ്രഹ ചാനലുകൾ ആരംഭിക്കാൻ അനുവദിച്ചതോടെ മാധ്യമ രംഗത്തെ മത്സരം മുറുകി. പ്രാദേശിക ഭാഷകളിലാരംഭിച്ച ചാനലുകൾ ജനപ്രിയ പരിപാടികൾക്കൊപ്പം വാർത്തകളുടെ തത്സമയ സംപ്രേഷണവുമൊക്കെ ഉൾപ്പെടുത്തി രംഗം സജീവമാക്കി. 
ടെലിവിഷൻ ചാനലുകളിൽ 24 മണിക്കൂറും വാർത്തകളും ന്യൂസ് അപ്‌ഡേറ്റുകളും വന്നപ്പോൾ ദിനപത്രത്തിനെന്ത് സാധ്യതയെന്ന് സംശയിച്ചവരുണ്ടായിരുന്നു. നേരംപോക്കിന് ടി.വിക്കു മുന്നിലിരിക്കുന്നവർ ഗൗരവത്തോടെ  നാട്ടുകാര്യങ്ങൾ അറിയാൻ തിരയുന്നത് പത്രങ്ങളാണിപ്പോഴും.  ചാനലുകൾ പലവുരു ഉരുവിട്ട കാര്യങ്ങൾ ഒഴിവാക്കി അവയുടെ ഫോളോ അപ്പ് വായനക്കാരിലെത്തിക്കാനും പത്രമാധ്യമങ്ങൾ ശ്രദ്ധ പുലർത്തുന്നു. ലേ ഔട്ട്  സ്റ്റൈലിലും ഉള്ളടക്കത്തിലും മാറ്റം വരുത്തി കൂടുതൽ വായനക്കാരെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് അച്ചടി മാധ്യമങ്ങൾ. വാർത്താ വിനിമയ രംഗത്ത് സ്‌ഫോടനം സൃഷ്ടിച്ച ഇന്റർനെറ്റിന്റെ സാധ്യതകൾ പത്രങ്ങളും ടെലിവിഷനും ഒരേ പോലെ പ്രയോജനപ്പെടുത്തുന്നു. 
125 കോടി ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യയിൽ ഭാഷാ പത്രങ്ങളുടെ പ്രചാരത്തിൽ സർവകാല റെക്കോർഡ് സൃഷ്ടിക്കപ്പെടുകയാണ്. ഇന്ത്യയിൽ തലയെടുപ്പുള്ള ഇംഗ്ലീഷ് പത്രങ്ങളും നിരവധി. സ്വാതന്ത്ര്യമുണ്ടെന്ന് വെച്ച് എന്തും എഴുതി പ്രസിദ്ധപ്പെടുത്താനുള്ള സ്വാതന്ത്ര്യമൊന്നും ഇന്ത്യയിലെ പത്രങ്ങൾക്കില്ല.   എല്ലാം  നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ പത്രങ്ങളെ ഇടക്കൊക്കെ  ശാസിക്കാറുമുണ്ട്.  
പൊതു സമൂഹത്തിന് സുരക്ഷാ കവചം ഒരുക്കിക്കൊണ്ടാണ് പത്രാധിപന്മാർ  വാർത്തകൾ പുറത്തേക്ക് വിടുന്നത്. ഡിജിറ്റൽ മാധ്യമങ്ങളിൽ പലയിടത്തും  നിർഭാഗ്യവശാൽ പത്രാധിപരുടെ ജോലി  നടക്കാറില്ല. പത്രാധിപന്മാരുടെ പ്രാധാന്യവും  പ്രസക്തിയുമാണ് ഇത് വ്യക്തമാക്കുന്നത്. വാർത്തകളും സംഭവങ്ങളും വന്നു നിറയുന്ന നവലോകത്ത് അതിൽ നിന്ന് നെല്ലും പതിരും തെരഞ്ഞെടുക്കുന്നത് ശ്രമകരമാണ്. എഡിറ്റോറിയൽ അഥവാ പത്രാധിപ സംഘം ചെയ്യുന്ന പ്രധാന പണിയാണിത്. ഒപ്പം കയ്പും പുളിപ്പും എരിവും മധുരവും  ഉപ്പുമൊക്കെ സമീകൃതമായി അവർ വിളമ്പുന്നു. അറിയിക്കേണ്ടവരെ അറിയേണ്ടതെല്ലാം അറിയിക്കുക എന്ന നാലാം തൂണിന്റെ ധർമവും പാലിക്കുന്നു. ജനാധിപത്യ സംവിധാനത്തിന്റെ നിലനിൽപിന്  ഇത് അനിവാര്യവുമാണ്. 
മാധ്യമം എന്ന ആശയത്തെ തല കീഴായി മറിച്ചിരിക്കുന്നു ഇന്റർനെറ്റ് സാങ്കേതിക വിദ്യ. വിവര സാങ്കേതിക രംഗത്തെ പോലെ ഇത്രയേറെ മാറ്റത്തിന് വിധേയമായ മറ്റേതെങ്കിലും മേഖലയുണ്ടാവില്ല. ആർക്കും എഴുതാം എന്തും എഴുതാം എന്തും പ്രസിദ്ധപ്പെടുത്താം എന്നായി. ഇത് ഈ രംഗത്ത് അരാജകത്വം സൃഷ്ടിച്ചുവെന്നത് നേര്. ഇ-മെയിലുകൾ, ബ്ലോഗുകൾ, സോഷ്യൽ മീഡിയയിലെ പേജുകൾ എന്നിവ വഴി ആർക്കും രചന വായനക്കാരിലെത്തിക്കാം. 
ഇന്ത്യയിൽ ഒരു സായാഹ്ന പത്രം ആരംഭിക്കണമെങ്കിൽ ന്യൂദൽഹിയിലെ രജിസ്ട്രാർ ഓഫ് ന്യൂസ് പേപ്പേഴ്‌സിന്റെ അനുമതി വേണം. അതത് ജില്ലകളിലെ കലക്ടറേറ്റിൽ സമർപ്പിച്ച അപേക്ഷകളിൽ ഒന്നോ, രണ്ടോ വർഷമെടുത്താണ് തീരുമാനം. എന്നാൽ ന്യൂസ് പോർട്ടൽ തുടങ്ങാൻ ഇത്രയൊന്നും ക്ലേശിക്കേണ്ടതില്ല. 
ഒരു കംപ്യൂട്ടറും അപ്പ്‌ലോഡ്  ചെയ്യാൻ ഒരു ഓപറേറ്ററുമായാൽ ഓൺലൈൻ മാധ്യമ സ്ഥാപനമായി. സോഷ്യൽ മീഡിയയിലൂടെ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് വേഗമേറിയ കാലത്താണ് നമ്മൾ ജീവിക്കുന്നത്. പുതിയ കാലത്തിന്റെ സ്വാതന്ത്ര്യമനുഭവിക്കുന്ന ഇതിലെ എഴുത്തുകാരെല്ലാം റിപ്പോർട്ടർമാരായി മാറിയിട്ടുമുണ്ട്.  
കേന്ദ്ര സർക്കാർ തീരുമാനം പുനഃപരിശോധിക്കാൻ തയാറായത് വെറുതെയല്ല. ഇന്ത്യയിലെ മാധ്യമ സമൂഹത്തിന്റെ ശക്തമായ പ്രതിഷേധം കണക്കിലെടുത്താണ് അക്രഡിറ്റേഷൻ റദ്ദാക്കൽ ഭീഷണി ഒഴിഞ്ഞു മാറിയത്. പ്രസ് ക്ലബ് ഓഫ് ഇന്ത്യയും ഫെഡറേഷൻ ഓഫ് പ്രസ് ക്ലബ്‌സും എഡിറ്റേഴ്‌സ് ഗിൽഡും ശക്തമായ ആശങ്ക രേഖപ്പെടുത്തിയിരുന്നു. പ്രക്ഷേപണ മന്ത്രാലയം തീരുമാനമെടുക്കുന്നതിന് മുമ്പ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തിരുന്നില്ലെന്നും പറയുന്നുണ്ട്. 
വിവാദ തീരുമാനം പിൻവലിച്ചത് ജനാധിപത്യത്തിന്റേയും മാധ്യമ പ്രവർത്തനത്തിന്റേയും വിജയമാണെന്നാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിശേഷിപ്പിച്ചത്. വ്യാജ വാർത്ത തടയാൻ സംവിധാനങ്ങളുണ്ടെന്നിരിക്കേ  പരിഷ്‌കാരവും യു-ടേണുമെല്ലാം കേന്ദ്രത്തിന്റെ റേറ്റിംഗിനെ ബാധിച്ചിട്ടുണ്ടെന്നുറപ്പ്. 

 

Latest News