Sorry, you need to enable JavaScript to visit this website.

കുടുംബം മറന്നുള്ള  സാമൂഹ്യ സേവനം

സാമൂഹ്യ പ്രവർത്തകർ പലവിധമുണ്ട്. നിസ്വാർത്ഥ സേവകർ, നേതാവ് ചമയാൻ ഇറങ്ങി പുറപ്പെട്ടവർ, ഉപജീവന മാർഗത്തിന് സാമൂഹ്യ സേവനം മറയാക്കിയവർ... അങ്ങനെ പലതരത്തിൽ പെട്ടവർ. പലരും അവരുടെ സംഘടനാ ബലത്തിലാണ് സാമൂഹ്യ പ്രവർത്തകന്റെ കുപ്പായം അണിയാറുള്ളത്. അപൂർവം ചിലർ ഒരു സംഘടനയുടെയും പിൻബലമില്ലാതെയും ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. യഥാർത്ഥത്തിൽ ഒരു സാമൂഹ്യ, ജീവ കാരുണ്യ പ്രവർത്തകന്റെ കടമ നിർവഹണം പൂർണ തോതിലാകുന്നത്  അവന്റെ കുടുംബവും പ്രാരാബ്ധങ്ങളില്ലാതെ പ്രയാസരഹിതമായി കഴിയുന്നുവെന്ന് ഉറപ്പു വരുത്തുമ്പോഴാണ്. എന്നാൽ ഈ ഉത്തരവാദിത്തം അറിഞ്ഞോ അറിയാതെയോ വിസ്മരിച്ചുകൊണ്ട് പ്രതിഫലേഛയില്ലാതെ സ്വയം മറന്ന് നിസ്വാർത്ഥ സേവനം നടത്തുന്നവരുണ്ട്. ഗൾഫ് മേഖലയിലാണ് ഇത്തരത്തിൽ പെട്ടവർ കൂടുതലായുള്ളത്. ഇത്തരക്കാർ ഒട്ടേറെ ആരോപണങ്ങൾക്കും വിധേയരാകാറുണ്ട്. കൃത്യനിഷ്ഠയില്ലാത്ത ജീവിതം അവരുടെ ജീവിതക്രമത്തെ താളം തെറ്റിക്കാറുമുണ്ട്. എങ്കിലും അതൊന്നും ഗൗനിക്കാതെ അവർ സേവനം തുടർന്നുകൊണ്ടേയിരിക്കും. അത്തരത്തിൽപെട്ട ഒരാളായിരുന്നു കഴിഞ്ഞ ദിവസം നാട്ടിൽ നിര്യാതനായ മുഹമ്മദലി പടപ്പറമ്പ്. കാൽ നൂറ്റാണ്ടിലേറെക്കാലം സൗദി അറേബ്യയിൽ പ്രവാസ ജീവിതം നയിച്ച മുഹമ്മദലിയുടെ കുടുംബം ഇന്നും ദാരിദ്ര്യം വിട്ടുമാറാത്ത കുടുംബങ്ങളുടെ പട്ടികയിലാണെന്ന് അവിടം സന്ദർശിച്ചവർ സാക്ഷ്യപ്പെടുത്തുന്നു. 
മതിയായ രേഖകളില്ലാതെ കഴിഞ്ഞിരുന്ന സൗദി ഒട്ടാകെയുള്ളവരുടേതെന്ന് വിശേഷിപ്പിക്കാവുന്ന അഭയ കേന്ദ്രമായിരുന്നു നാലഞ്ചു വർഷം മുമ്പുവരെ ജിദ്ദയിലെ കന്ദറ പാലവും പരിസരവും. പാലത്തിനടിയിലെ വൃത്തിഹീനമായ അന്തരീക്ഷത്തിലായിരുന്നു അവരിലേറെ പേരും കഴിഞ്ഞിരുന്നത്. അതിൽ മാറാരോഗികൾ, രോഗത്താൽ അവശരായി ശരീരവും മനസ്സും ജീർണിച്ചവർ, ജീവിതത്തെ കയറൂരിവിട്ടവർ -അങ്ങനെ പലതരത്തിലുള്ളവരുണ്ടായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ വിഷമിച്ചിരുന്ന ഇക്കൂട്ടരുടെ ആശ്രയ കേന്ദ്രമായിരുന്നു മുഹമ്മദലി. അനധികൃത താമസക്കാരായി കഴിയുന്നതിനിടെ പിടിക്കപ്പെട്ട് തർഹീലിലും കേസുകളിൽപെട്ട് ജയിലുകളിലകപ്പെട്ടവർക്കും മുഹമ്മദലി ആശ്വാസമായിരുന്നു. ഓടിച്ചെല്ലാവുന്നിടത്തെല്ലാം അദ്ദേഹം ഓടിയെത്തി സഹായം എത്തിച്ചു. ശരീരം പഴുത്ത് ജീർണിച്ചവരുടെ മുറിവുകൾ ശുദ്ധമാക്കി മരുന്നുവെച്ചു കെട്ടി. മാനസിക നില തെറ്റി കുളിയും നനയും  ഇല്ലാതെ വിഴുപ്പുഭാണ്ഡവുമായി കഴിഞ്ഞിരുന്നവരെ ഭാണ്ഡങ്ങളകറ്റി കുളിപ്പിച്ച് ഭക്ഷണം എത്തിച്ചു നൽകി. മാതാപിതാക്കൾ ജയിലിലായതിനെത്തുടർന്ന് അനാഥരായ പറക്കമുറ്റാത്ത കുഞ്ഞുങ്ങളുടെ രക്ഷിതാവായി അവരുടെ വിശപ്പും ദാഹവുമകറ്റി തണലേകി. 
രാജ്യത്തിന്റെ അതിർ വരമ്പുകൾ നോക്കാതെ പ്രേമബദ്ധരാവുകയും അതിനു ശേഷം കാര്യസാധ്യത്തിനു ശേഷം കാമുകൻമാർ തങ്ങളുടെ രാജ്യങ്ങളിലേക്ക് കാമുകിയെ തനിച്ചാക്കി രക്ഷപ്പെടുന്നതോടെ ജീവിതം വഴിമുട്ടിയ വിവിധ രാജ്യക്കാരായ സ്ത്രീകൾക്ക് വഴികാട്ടിയായും നാടെത്തിപ്പെടാൻ സഹായം തേടിയലഞ്ഞവർക്ക് കേൺസുലേറ്റിന്റെയും നിയമ സഹായം ആവശ്യമായവർക്ക് അതിനുള്ള വഴികൾ കാണിച്ചും കൊടുത്തും കൂടെ നിന്നു. ജോലിയെടുത്തു കിട്ടുന്ന തുക ഇത്തരം പ്രവർത്തനങ്ങൾക്ക്  ചെലവഴിച്ചും മതിയാവാതെ വരുന്നവക്ക് ഷറഫിയയിലെ കടകളിലും ഹോട്ടലുകളിലും പോളിക്ലിനിക്കുകളിലുമെല്ലാം കയറിയിറങ്ങി സംഘടിപ്പിച്ചും രാപ്പകലില്ലാതെ ഭക്ഷണം ആവശ്യമായവർക്ക് അതും ചികിത്സ അനിവാര്യമായവർക്ക് ചികിത്സയും ലഭ്യമാക്കി  മത, ഭാഷാ, ദേശ വ്യത്യാസമില്ലാതെ നൂറുകണക്കിനു പേർക്ക് ആശ്വാസം പകരാൻ മെലിഞ്ഞുണങ്ങിയ ഈ മനുഷ്യനു കഴിഞ്ഞിരുന്നു. 
മുഹമ്മദലിയുടെ നിസ്വാർഥ സേവനം മനസ്സിലാക്കി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ പ്രതിനിധിയെന്ന നിലയിൽ എവിടെയും കയറി ചെല്ലുന്നതിനുള്ള പാസ് കോൺസുലേറ്റ് അദ്ദേഹത്തിനു നൽകി. ഈ സൗകര്യം ദുരുപയോഗം ചെയ്യാതെ ആവശ്യമായിടങ്ങളിൽ മാത്രം ഉപയോഗിച്ചുകൊണ്ടായിരുന്നു മുഹമ്മദലിയുടെ ജീവകാരുണ്യ ജൈത്രയാത്ര. 
ഇതിനിടെ കുടുംബത്തെയും സ്വന്തത്തെയും നോക്കാൻ അദ്ദേഹം മറന്നു. സ്‌കൂൾ വിദ്യാർഥിയായിരുന്ന കാലം മുതൽ സാമൂഹ്യ പ്രവർത്തനവും ഉപജീവനത്തിനായുള്ള ജോലിയും ചെയ്തു ശീലിച്ച മുഹമ്മദലി പ്രിന്റിംഗ് ജോലികളിൽ പ്രാഗൽഭ്യം തെളിയിച്ചിട്ടുള്ള ആളാണെങ്കിലും അതിന്റേതായ മെച്ചമൊന്നും പ്രവാസ ജീവിതത്തിൽ കൈവരിക്കാനായില്ല. 
ജോലി ചെയ്തുകൊണ്ടിരുന്ന കമ്പനി തന്റെ രേഖകളെല്ലാം സമയാസമയം ശരിയാക്കുന്നുണ്ടാകാമെന്ന പ്രതീക്ഷയിലായിരുന്നുവെങ്കിലും അങ്ങനെയായിരുന്നില്ലെന്ന കാര്യം മതിയായ രേഖകളില്ലാത്തതിന്റെ പേരിൽ ജവാസാത്ത് പിടിച്ചപ്പോഴാണ് അദ്ദേഹം അറിഞ്ഞത്. പലരുടെയും രക്ഷക്കായി പല തവണ തർഹീലിലെത്തിയിട്ടുള്ള മുഹമ്മദലി പക്ഷേ, തർഹീലിലകപ്പെട്ടപ്പോൾ രക്ഷക്കാരുമുണ്ടായിരുന്നില്ലെന്നതാണ് വാസ്തവം. രക്ഷതേടി അദ്ദേഹം ആരേയും സമീപിച്ചതുമില്ല. താൻ തർഹീലിലാണെന്ന വിവരം അധികമാരെയും അറിയിക്കാതെ സ്വയം രക്ഷാ മാർഗങ്ങൾ തേടിയെങ്കിലും  അതു വിജയിച്ചില്ല. അങ്ങനെ അപ്രതീക്ഷിതമായാണ് എതാണ്ട് മൂന്നു വർഷം മുൻപ് മുഹമ്മദലിക്ക് പ്രവാസം അവസാനിപ്പിക്കേണ്ടി വന്നത്. നാട്ടിലെത്തിയിട്ടും അദ്ദേഹം തന്റെ സേവന പാത പിന്തുടർന്നു. അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന വീട്ടിനുള്ളിൽ കഴിയുന്ന കുടുംബത്തിന്റെയും വൃദ്ധമാതാവിന്റെയും പ്രയാസങ്ങൾ അപ്പോഴും അദ്ദേഹത്തിനു ജീവകാരുണ്യ പ്രവർത്തനത്തിനു തടസ്സമായില്ല. ഇതൊരു മുഹമ്മദലിയുടെ മാത്രം കഥയല്ല. ഇത്തരം വേറിട്ട ജീവകാരുണ്യ പ്രവർത്തനവുമായി കഴിയുന്നവർ ഇപ്പോഴും ഗൾഫ് രാജ്യങ്ങളിലുണ്ട്. 
സ്വയം മറന്നും കുടുംബത്തെ നോക്കാതെയുമുള്ള ഈ ജീവകാരുണ്യ പ്രവർത്തന ശൈലിയെ ഒരു നിലക്കും പ്രോത്സാഹിപ്പിക്കാവുന്നതല്ല. പക്ഷേ ചിലർ അങ്ങനെയാണ്. അവർ ജീവിത നേട്ടമായി കാണുന്നത് ഭൗതികമായ നേട്ടങ്ങളേക്കാളുപരി അശരണരായവരുടെ  അത്താണിയായി വർത്തിച്ചതിന്റെ പേരിൽ ലഭിക്കുന്ന പ്രാർഥനയാണ്. അങ്ങനെയുള്ളവരും നമുക്കിടയിൽ ഉണ്ടാവുമ്പോൾ മാത്രേമ സാമൂഹ്യ പ്രവർത്തകരെന്ന പേരിൽ നടക്കുന്നവർ ഇറങ്ങിച്ചെല്ലാൻ മടിക്കുന്നിടങ്ങളിൽ എത്തിപ്പെടാൻ ആളുകളുണ്ടാവൂ. അപ്പോൾ അത്തരക്കാർക്കും അവരുടെ കുടുംബത്തിനും തണലേകേണ്ടതിന്റെ ഉത്തരവാദിത്തം സാമൂഹ്യ ജീവികളായ നമ്മളിൽ നിക്ഷിപ്തമാണ്. എങ്കിൽ മാത്രമേ ഇത്തരക്കാരുടെ വേർപാടിൽ നിരാലംബരായ കുടുംബങ്ങൾക്ക് ആശ്വാസം ലഭിക്കൂ. അതിനുള്ള പരിശ്രമം ജിദ്ദയിലെ സാമൂഹ്യ, ജീവകാരുണ്യ സംഘടനകളിൽനിന്നും മനുഷ്യ സ്‌നേഹികളിൽനിന്നും ഉണ്ടാകേണ്ടതുണ്ട്. 

 

Latest News