കൊച്ചി- തൃപ്പൂണിത്തുറയില്‍ നിര്‍മാണത്തിലിരുന്ന പാലത്തില്‍ ബൈക്കിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറസ്റ്റില്‍. അറസ്റ്റിലായത് ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ വിനീത വര്‍ഗീസാണ്. മന:പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിനു ശേഷം വിനീതയെ ജാമ്യത്തില്‍ വിട്ടയച്ചു.
കേസില്‍ പാലം പണിയുടെ കരാറുകാരന്‍, ഓവര്‍സീയര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു വിട്ടയക്കുകയായിരുന്നു. വിനീത ഉള്‍പ്പെടെ നാലുപേരെ അന്വേഷണത്തിന്റെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ഉത്തരവിട്ടത്. സംഭവത്തില്‍ കേസെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
അപകടത്തില്‍പെട്ട രണ്ടു യുവാക്കളില്‍ ഒരാള്‍ മരിച്ചു. പാലത്തിനു സുരക്ഷാ സംവിധാനം ഇല്ലാതിരുന്നതാണ് അപകടത്തിലേക്ക് നയിച്ചത്. റോഡിനും പാലത്തിനും ഇടയിലെ ഗര്‍ത്തം അറിയാതെയാവാം ഇവര്‍ അപകടത്തില്‍പ്പെട്ടത് എന്നാണ് നിഗമനം.