ദോഹ- 'പ്രവാസി ക്ഷേമ പദ്ധതികൾ അറിയാം' എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന കാമ്പയിൻ ആരംഭിച്ചു. ഏഷ്യൻ ടൗണിലെ ഗ്രാന്റ്മാളിൽ നടന്ന ചടങ്ങിൽ ഗ്രാന്റ് മാൾ റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പ്രവാസി ക്ഷേമ നിധി അപേക്ഷാ ഫോം സ്വീകരിച്ച് കാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രവാസികൾക്കായി ആവിഷ്‌കരിച്ചിട്ടുള്ള സർക്കാർ പദ്ധതികൾ സാധാരണക്കാരന് പ്രാപ്യമാക്കുന്ന കൾച്ചറൽ ഫോറത്തിന്റെ കാമ്പയിൻ മാതൃകാ പരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഐ.സി.ബി.എഫ് ഇൻഷുറൻസ് സ്‌കീം പ്രചരണോദ്ഘാടനം സ്‌കീമിലേക്കുള്ള അപേക്ഷാ ഫോം സ്വീകരിച്ച് ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി സാബിത് സഹീർ നിർവഹിച്ചു. പദ്ധതിയിൽ അംഗത്വമെടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും ആനുകൂല്യങ്ങളെകുറിച്ചും അദ്ദേഹം വിശദീകരിച്ചു. നോർക്ക അംഗത്വ പ്രചാരണ ഉദ്ഘാടനം അപേക്ഷ ഫോം സ്വീകരിച്ച് കൾച്ചറൽ ഫോറം പ്രസിഡന്റ് എ.സി. മുനീഷ് നിർവഹിച്ചു. പ്രവാസികളെ സർക്കാറിന്റെ വിവിധ പദ്ദതികളുടെ ഗുണഭോക്താക്കളാക്കുക എന്നതോടൊപ്പം പദ്ധതികൾ കൂടുതൽ ആകർഷകമാക്കാനുള്ള നിർദേശങ്ങൾ സംസ്ഥാന സർക്കാറിനും നോർക്കക്കും സമർപ്പിക്കുക എന്നത് കൂടിയാണ് കാമ്പയിൻ കൊണ്ട് ലക്ഷമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കൾച്ചറൽ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. പ്രവാസി ക്ഷേമ ബോർഡ് നൽകുന്ന പ്രവാസി പെൻഷൻ 3500 രൂപയിലേക്ക് സർക്കാർ ഉയർത്തിയതായി അദ്ദേഹം പറഞ്ഞു. കൾച്ചറൽ ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി താസീൻ അമീൻ സെക്രട്ടറി മുഹമ്മദ് ഷരീഫ് തുടങ്ങിയവർ ആശംസകളർപ്പിച്ചു. കാമ്പയിൻ ജനറൽ കൺവീനർ ഫൈസൽ എടവനക്കാട് സ്വാഗതവും കൾച്ചറൽ ഫോറം നോർക്ക സെൽ സെക്രട്ടറി ഉവൈസ് എറണാകുളം നന്ദിയും പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഗ്രാൻ മാളിൽ സജ്ജീകരിച്ച നാലു ബൂത്തുകൾ വഴി നൂറുകണക്കിനാളുകൾ വിവിധ പദ്ധതികളിൽ അംഗത്വമെടുത്തു. കൾച്ചറൽ ഫോറം സംസ്ഥാന സെക്രട്ടറി സിദ്ദീഖ് വേങ്ങര, അൽജാബിർ, നിസ്താർ, എം.എസ്. ഷറഫുദ്ദീൻ, മുഹമ്മദ് ഷുഐബ്, തുടങ്ങിയവർ നേതൃത്വം നൽകി.
വിവിധ പദ്ധതികൾ പ്രവാസി മലയാളികൾക്ക് പരിചയപ്പെടുത്തുകയും ഓൺലൈൻ സംവിധാനങ്ങൾ വഴി പരമാവധി ആളുകളെ അതിൽ അംഗങ്ങളെ ആക്കുകയുമാണ് കാമ്പയിനിലൂടെ ലക്ഷ്യം വെക്കുന്നത്. വിവിധ ജില്ലാ കമ്മിറ്റികൾക്കും മണ്ഡലം കമ്മിറ്റികൾക്കും കീഴിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ബോധവൽക്കരണ പരിപാടികളും അംഗത്വം എടുക്കാനുള്ള ബൂത്തുകളും കാമ്പയിൻ കാലത്ത് ഒരുക്കും. വിവിധ പ്രാദേശിക കൂട്ടായ്മകളുമായി സഹകരിച്ചും പ്രവാസി ക്ഷേമപദ്ധതികളെ കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. ഇതിനായി പ്രവാസി കൂട്ടായ്മകൾക്ക് 7062 9272 എന്ന നമ്പറിൽ ബന്ധപ്പെടാം.