തിരുവനന്തപുരം- ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ വിവാദത്തിൽ ഇന്ത്യ മാപ്പു പറയേണ്ടതില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ത്യ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാജ്യമാണ്. പ്രധാനമന്ത്രിയും ആര്‍എസ്എസ് തലവനും പലതവണ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ചിലര്‍ കലഹങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. അവര്‍ പ്രധാനമന്ത്രിയും മോഹന്‍ ഭാഗവതും പറയുന്നത് കേള്‍ക്കണം. രാജ്യത്ത് സമാധാന അന്തരീക്ഷം ഉണ്ടാക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ശ്രമിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
മറ്റു രാജ്യങ്ങളുടെ ആവശ്യത്തിന് വഴങ്ങി ഇന്ത്യ മാപ്പു പറയേണ്ടതില്ല. കശ്മീര്‍ വിഷയത്തിലടക്കം ഈ രാജ്യങ്ങളടക്കം പലതും ഇന്ത്യന്‍ നിലപാടിനെതിരെ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതൊന്നും രാജ്യത്തെ ബാധിക്കാറില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
ബി.ജെ.പി വക്താക്കൾ നടത്തിയ പ്രവാചക നിന്ദക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം തുടരുകയാണ്. ഇസ്ലാമിക രാജ്യ സംഘടനയായ ഒ.ഐ.സിക്കു പിറകെ ഗൾഫ് സഹകരണ കൌൺസിലും ബി.ജെപി നേതാക്കളുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ അപലപിച്ചു. അതിനിടെ, ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ മറുപടി നൽകിയിരുന്നു. ഒഐസിയുടെ നിലപാട് അനാവശ്യവും ഇടുങ്ങിയ മനഃസ്ഥിതിയുമുള്ളതാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി.
ഒഐസിയുടെ പ്രസ്താവന ചിലരുടെ പ്രേരണ കാരണമാണ്. ഇന്ത്യന്‍ സര്‍ക്കാര്‍ എല്ലാ മതങ്ങള്‍ക്കും ഉയര്‍ന്ന ബഹുമാനം നല്‍കുന്നു. ചിലര്‍ നടത്തിയ വിവാദ പരാമര്‍ശം ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടല്ലെന്നും, ഒഐസി സെക്രട്ടേറിയറ്റിന്റെ പ്രസ്താവനയെ തള്ളിക്കളയുന്നുവെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.