ജിദ്ദ - ബി.ജെ.പി ദേശീയ വക്താവ് നൂപുര്‍ ശര്‍മ നടത്തിയ പ്രവാചക നിന്ദയെ രൂക്ഷമായ ഭാഷയില്‍ അപലപിച്ച് ഗള്‍ഫ് സഹകരണ കൗണ്‍സിലും മുസ്‌ലിം വേള്‍ഡ് ലീഗും സൗദി ഹറംകാര്യ വകുപ്പും അല്‍അസ്ഹറും. സംഭവത്തെ ശക്തമായി അപലപിച്ച സൗദി വിദേശ മന്ത്രാലയം ഇസ്‌ലാമിക മതചിഹ്നങ്ങള്‍ക്കും മറ്റു മതവ്യക്തിത്വങ്ങള്‍ക്കും ചിഹ്നങ്ങള്‍ക്കും എതിരായ എല്ലാ തരത്തിലുള്ള അപകീര്‍ത്തികളും നിരാകരിക്കുന്നതായി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി ദേശീയ വക്താവ് നടത്തിയ പരാമര്‍ശങ്ങളെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. നായിഫ് അല്‍ഹജ്‌റഫ് രൂക്ഷമായ ഭാഷയില്‍ അപലപിച്ചു. മുഴുവന്‍ മതങ്ങളുടെയും പ്രവാചകന്മാര്‍ക്കും വ്യക്തിത്വങ്ങള്‍ക്കും മതചിഹ്നങ്ങള്‍ക്കും എതിരായ അപകീര്‍ത്തികള്‍ ഒരിക്കലും അംഗീകരിക്കില്ല. പ്രകോപനങ്ങളെ നിരാകരിക്കുന്ന നിലപാടാണ് ഗള്‍ഫ് സഹകരണ കൗണ്‍സിലിനുള്ളത്. മതങ്ങളെയും വിശ്വാസസംഹിതകളെയും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തുന്നതും മതങ്ങളെ വിലകുറച്ചു കാണിക്കുന്നതും ഒരിക്കലും അംഗീകരിക്കില്ലെന്നും ജി.സി.സി സെക്രട്ടറി ജനറല്‍ പറഞ്ഞു.
പ്രവാചക നിന്ദാ പ്രസ്താവനകളെയും മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണുകളെയും ഹറംകാര്യ വകുപ്പ് അപലപിച്ചു. ഇത്തരം ഹീനമായ പ്രവൃത്തികള്‍ മതങ്ങളോടുള്ള അവമതിയാണ് വ്യക്തമാക്കുന്നത്. ഇങ്ങിനെ ചെയ്യുന്നവര്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചരിത്രം വായിക്കാത്തവരാണ്. വ്യത്യസ്ത മതങ്ങളെയും വിശ്വാസസംഹിതകളെയും മാനിക്കണമന്നതും എല്ലാവര്‍ക്കുമിടയില്‍ സമാധാനം പ്രചരിപ്പിക്കണമെന്നതും ഇസ്‌ലാമിക മതചിഹ്നങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ പാടില്ല എന്നതുമാണ് സൗദി അറേബ്യയുടെ നിലപാട് എന്ന് ഹറംകാര്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
ബി.ജെ.പി ദേശീയ വക്താവ് നടത്തിയ പ്രവാചക നിന്ദാ പ്രസ്താവനകളെ മുസ്‌ലിം വേള്‍ഡ് ലീഗ് (റാബിത്വ) അപലപിച്ചു. മതചിഹ്നങ്ങളെ അവഹേളിക്കുന്നതുള്‍പ്പെടെ സമൂഹത്തില്‍ വിദ്വേഷം ഇളക്കിവിടുന്ന ശൈലികളില്‍ അടങ്ങിയിരിക്കുന്ന അപകടങ്ങള്‍ക്കെതിരെ റാബിത്വ സെക്രട്ടറി ജനറല്‍ ശൈഖ് ഡോ. മുഹമ്മദ് അല്‍ഈസ മുന്നറിയിപ്പ് നല്‍കി. ദേശീയ വക്താവിനെ ബി.ജി.പി സസ്‌പെന്റ് ചെയ്തതിനെയും മതചിഹ്നങ്ങളെ അവഹേളിക്കുന്നതിനെ ശക്തമായി അപലപിച്ചതിനെയും സ്വാഗതം ചെയ്യുന്നു. ഇത്തരം അസംബന്ധ പ്രവണതകള്‍ക്ക് അവസരം നല്‍കരുത്. ഇത്തരം പ്രവാചക നിന്ദകള്‍ ലോക മുസ്‌ലിംകളുടെ വിശ്വാസവും മൂല്യങ്ങളിലുള്ള സ്ഥിരതയും പ്രവാചകനു വേണ്ടിയുള്ള പ്രതിരോധവും വര്‍ധിപ്പിക്കുക മാത്രമാണ് ചെയ്യുകയെന്നും റാബിത്വ സെക്രട്ടറി ജനറല്‍ പറഞ്ഞു.