Sorry, you need to enable JavaScript to visit this website.

തീവ്രവാദ സംഘടനകള്‍ക്ക് വിവരം ചോര്‍ത്തിയെന്നത്  സത്യമല്ലെന്ന് പോലീസുകാരന്റെ ഭാര്യ

തൊടുപുഴ-മൂന്നാര്‍ പോലീസ് സ്‌റ്റേഷനില്‍നിന്ന് തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ക്ക് രഹസ്യവിവരം ചോര്‍ത്തിയെന്ന സംഭവത്തില്‍ ആരോപണവിധേയനായ പോലീസുകാരന്റെ ഭാര്യ പരാതിയുമായി രംഗത്ത്. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനും സിവില്‍ പോലീസ് ഓഫീസര്‍ക്കും ഇതില്‍ പങ്കുണ്ടെന്നുമാണ് ഇവരുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ജില്ലാ പോലീസ് മേധാവിക്കും സംസ്ഥാന പോലീസ് മേധാവിക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്.
പോലീസ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇത്തരമൊരു ആരോപണത്തിന് പിന്നിലെന്നാണ് പരാതിയില്‍ പറയുന്നത്. മാത്രമല്ല, രഹസ്യവിവരം ചോര്‍ത്തിയെന്ന വിവരം മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നതിന് പത്തുദിവസം മുമ്പ് ഇടുക്കി ജില്ലാ പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥന്‍ ഇക്കാര്യങ്ങള്‍ വിളിച്ച് ചോദിച്ചിരുന്നു. അതിനാല്‍ സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്. തങ്ങള്‍ മിശ്രവിവാഹിതരാണ്. എന്നാല്‍ ഇതരമതസ്ഥനായ ഭര്‍ത്താവ് തന്നെ മതപരിവര്‍ത്തനത്തിന് ശ്രമിച്ചിട്ടില്ല. മതപരമായ ആചാരങ്ങള്‍ പിന്തുടരാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്.തീവ്രവാദ സംഘടനകള്‍ക്ക് രഹസ്യവിവരം ചോര്‍ത്തിയെന്ന ആരോപണത്തില്‍ മൂന്നാര്‍ സ്‌റ്റേഷനിലെ മൂന്ന് പോലീസുകാരാണ് സംശയനിഴലിലുള്ളത്. സംഭവത്തില്‍ മൂന്നാര്‍ ഡിവൈ.എസ്.പി.യാണ് നിലവില്‍ അന്വേഷണം നടത്തുന്നത്. കേന്ദ്ര ഇന്റലിജന്‍സും സംഭവത്തില്‍ വിവരങ്ങള്‍ തേടിയിരുന്നു
 

Latest News