കൊച്ചി- തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡില്‍ നിര്‍മാണത്തിലുള്ള അന്ധകാരത്തോട് പാലത്തിലുണ്ടായ അപകടത്തില്‍ യുവാവു മരിച്ച സംഭവത്തില്‍ ഓവര്‍സീയറെയും കരാറുകാരനെയും ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്തു. ഓവര്‍സീയര്‍ ഇരുമ്പനം വേലിക്കകത്ത് വീട്ടില്‍ സുമേഷ് (44), കരാറുകാരന്‍ മൂവാറ്റുപുഴ പണ്ടപ്പിള്ളി വര്‍ക്കിച്ചന്‍ കെ.വളമറ്റം (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പൊതുമരാമത്ത് വകുപ്പ് ജില്ലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, ഓവര്‍സീയര്‍ എന്നിവരെ സംഭവത്തെത്തുടര്‍ന്നു സസ്‌പെന്‍ഡ് ചെയ്തു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് ചീഫ് എന്‍ജിനീയറോട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അപകടം നടന്ന് 24 മണിക്കൂറിനുള്ളില്‍ സസ്‌പെന്‍ഷന്‍. ഉദ്യോഗസ്ഥര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും ദൗര്‍ഭാഗ്യകരമായ സംഭവമാണിതെന്നും മന്ത്രി പറഞ്ഞു. ഒരുതരത്തിലുള്ള വിട്ടുവീഴ്ചയുണ്ടാകില്ലെന്നും തെറ്റു ചെയ്തവരെ സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.
കരാറുകാരന്‍ ഉള്‍പ്പെടെ 5 പേര്‍ക്കെതിരെയും പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്നാണ് ഇന്നലെ അറസ്റ്റിലേക്കു കടന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഓവര്‍സീയറെയും കരാറുകാരനെയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.
അന്ധകാരത്തോടിനു കുറുകെ പൊതുമരാമത്ത് വകുപ്പ് (പാലം വിഭാഗം) നിര്‍മിക്കുന്ന പാലത്തിലാണു ശനി പുലര്‍ച്ചെ അപകടം ഉണ്ടായത്. പുതിയകാവ് ഭാഗത്തു നിന്നു ബൈക്കില്‍ എത്തിയ എരൂര്‍ വടക്കേ വൈമീതി വാലത്തു വീട്ടില്‍ മാധവന്റെയും തിലോത്തമയുടെയും മകന്‍ വിഷ്ണു (28), സുഹൃത്ത് വൈമീതി റോഡ് ചാലിപ്പാടത്ത് സുധീറിന്റെ മകന്‍ ആദര്‍ശ് (22) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. വിഷ്ണുവിനു ജീവന്‍ നഷ്ടമായി. ഗുരുതരമായി പരുക്കേറ്റ ആദര്‍ശ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലം പണിയുന്ന ഭാഗത്തു വേണ്ട രീതിയില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലായിരുന്നു