റിയാദ്- യു.എസ്, യു.കെ, ഷെങ്കന്‍ വിസകള്‍ ഉള്ളവര്‍ ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസക്ക് അര്‍ഹരാണെന്നും ഇവരെ സൗദി അറേബ്യയിലേക്കുള്ള വിമാനത്തില്‍ കൊണ്ടുവരണമെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വിമാന കമ്പനികളെ ഉണര്‍ത്തി.
ഇത്തരം വിസയുള്ളവരെ ചില രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളില്‍നിന്ന് തിരിച്ചയച്ച പശ്ചാത്തലത്തിലാണ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വീണ്ടും വിമാന കമ്പനികള്‍ക്ക് സര്‍ക്കുലര്‍ അയച്ചത്.
വിസ പ്രാബല്യത്തിലുണ്ടെന്ന് ഉറപ്പു വരുത്തുക, വിസ ഒരു തവണയെങ്കിലും ഉപയോഗിച്ചതായി പാസ്‌പോര്‍ട്ടില്‍ എന്‍ട്രി സ്റ്റാമ്പ് ഉണ്ടായിരിക്കുക എന്നീ കാര്യങ്ങള്‍ പരിശോധിച്ചാല്‍ മതി. ഇതു രണ്ടു ം ഉറപ്പാക്കി സൗദി അറേബ്യയിലെ ഏത് എയര്‍പോര്‍ട്ടില്‍ എത്തിക്കുന്നവര്‍ക്കും ഓണ്‍അറൈവല്‍ വിസിറ്റ് വിസ ലഭിക്കും.
സിവില്‍ ഏവിയേഷന്‍ സര്‍ക്കുലര്‍ പാലിക്കാതിരിക്കുന്നത് സര്‍ക്കാര്‍ ഉത്തരവുകളുടെ ലംഘനമായി കണക്കാക്കുമെന്നും നടപടികള്‍ നേരിടേണ്ടിവരുമെന്നും അതോറിറ്റി ഉണര്‍ത്തി.
എന്താണ് ഷെങ്കന്‍ വിസ..?
ആറു മാസ കാലയളവിനിടയില്‍ 90 ദിവസം വരെ 26 യൂറോപ്യന്‍ രാജ്യങ്ങളില്‍ വിനോദസഞ്ചാരത്തിനോ ബിസിനസ്സ് ആവശ്യങ്ങള്‍ക്കോ ( ജോലി ചെയ്യാന്‍ അനുവാദമില്ല ) താമസിക്കാനോ അനുവദിക്കുന്ന പ്രത്യേക വിസയാണ് ഷെങ്കന്‍ വിസ.
ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാന്‍, ചൈന പോലെയുള്ള ഇ.യൂ ഇതര രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഷെങ്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഈ വിസ ആവശ്യമാണ്. അതേസമയം ബ്രിട്ടന്‍, അമേരിക്ക പോലുള്ള മറ്റ് യൂറോപ്യന്‍ യൂണിയന്‍ ഇതര പൗരന്മാര്‍ക്ക് ഷെങ്കന്‍ ആവശ്യമില്ല.