Sorry, you need to enable JavaScript to visit this website.

ആദിത്യന് സൈക്കിള്‍ കിട്ടി, സ്വപ്‌നം സഫലമായി

കോട്ടയം-  ആദിത്യന് ഇനി സൈക്കിള്‍ ഒരു സ്വപ്‌നമല്ല. ബാലതാരത്തിനുളള ചലച്ചിത്ര അവാര്‍ഡ് കിട്ടിയ കുമരകം സ്വദേശി ആദിത്യനു സൈക്കിള്‍ സമ്മാനമായി ലഭിച്ചു. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ആദിത്യന്‍ മണിക്കുട്ടന്റെ ആഗ്രഹം അറിഞ്ഞ ബി.ജെ.പി ജില്ലാ നേതൃത്വം സൈക്കിള്‍ വാങ്ങി കുമരകം പൊങ്ങലക്കരിയിലെ വീട്ടില്‍ എത്തി നല്‍കുകയായിരുന്നു. സൈക്കിള്‍ വാങ്ങുന്നതിനായി വീടിനു ചുറ്റുമുള്ള പ്രദേശങ്ങളിലെ തോടുകളില്‍നിന്നു ഇനിപ്ലാസ്റ്റിക് കുപ്പികള്‍ തേടി അലയേണ്ടതില്ല.

ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കിട്ടിയശേഷം കുമരകം എട്ടാം വാര്‍ഡ് പൊങ്ങലക്കരി കോളനിയിലെ വീട്ടില്‍ വാര്‍ഡ് മെമ്പര്‍ ഷീമാ രാജേഷിന്റെ നേതൃത്വത്തില്‍ ആദിത്യനെ അനുമോദിക്കുന്നതിനായി പഞ്ചായത്ത് അംഗങ്ങള്‍ എത്തിയിരുന്നു. അപ്പോഴാണ് വീട്ടുകാര്‍ പറഞ്ഞ് ആദിത്യന്റെ സൈക്കിള്‍ സ്വപ്നത്തെ കുറിച്ച് അറിഞ്ഞത്. ആഗ്രഹ സഫലീകരണത്തിനായി ആദിത്യന്‍ വള്ളത്തിലും നടന്നും പരിസരങ്ങളില്‍നിന്നും ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികള്‍ ചാക്കില്‍ കെട്ടിയ നിലയില്‍ അവിടെ കാണുകയുണ്ടായി. ഇക്കാര്യം ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജില്‍ ലാലിന്റെ ശ്രദ്ധയില്‍പെടുത്തി. ഇഷ്ടമുള്ള സൈക്കിള്‍ വാങ്ങി നല്‍കാമെന്ന് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷിക ദിനത്തില്‍ വീട്ടില്‍ എത്തി സൈക്കിള്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

 

Latest News