കോഴിക്കോട് - വ്യാജ ദേശീയതയുടെ മുഖംമൂടി അണിഞ്ഞ് സംഘ്പരിവാര്‍ യഥാര്‍ഥ ദേശീയതയെ ഹൈജാക്ക് ചെയ്യുകയാണെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ഭരണഘടനാ സംരക്ഷണ സമിതി ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ബുള്‍ഡോസര്‍ രാഷ്ട്രീയത്തിന് പിറകില്‍ സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബൃന്ദ പറഞ്ഞു. ന്യൂനപക്ഷങ്ങളെയും ദളിതരെയും സ്ത്രീകളെയുമാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. ഭരണഘടനാ മൂല്യങ്ങള്‍ക്കും മതനിരപേക്ഷ ചരിത്രത്തിനുമെതിരെയാണ് ബുള്‍ഡോസര്‍ ഉയരുന്നത്.
ഹിന്ദുമത വിശ്വാസികള്‍ മാത്രമാണ് ദേശസ്നേഹികള്‍ എന്ന പ്രചാരണം ചരിത്ര നിഷേധമാണ്. വിഭജിച്ച് ഭരിക്കുക എന്ന കൊളോണിയല്‍ തന്ത്രത്തിന് ഒപ്പമായിരുന്നു ആര്‍.എസ്.എസ്. ദ്വിരാഷ്ട്ര വാദം ആദ്യം ഉന്നയിച്ചത് 1937ലെ ഹിന്ദുമഹാ സമ്മേളനത്തില്‍ വി.ഡി സവര്‍ക്കറാണ്. 1940ല്‍ കോണ്‍ഗ്രസ് ലാഹോര്‍ സമ്മേളനത്തില്‍ മുഹമ്മദലി ജിന്ന ഇത് ഏറ്റുപറഞ്ഞു. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്.
1921 ലെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പൂര്‍ണ സ്വരാജ് എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് സോഷ്യലിസ്റ്റ് ആയ മൗലാന ഹസ്രത്ത് മൊഹാനിയാണ്. പെഷാവര്‍ ഗൂഢാലോചന ആരോപിച്ച് രാജ്യദ്രോഹികളായി പ്രഖ്യാപിച്ചവരില്‍ ഭൂരിഭാഗവും മുസ്‌ലിം സമുദായക്കാരാണ്. മുഹമ്മദ് അക്ബറിനെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി ബ്രിട്ടീഷ് സര്‍ക്കാര്‍ ആദ്യമായി അറസ്റ്റ് ചെയ്തത്. അന്ന് ഹിന്ദു രാഷ്ട്രത്തിനു വേണ്ടി വാദിച്ച് ഈ ഐക്യത്തെ തകര്‍ക്കാനായിരുന്നു ആര്‍.എസ്.എസ് ശ്രമം.
ജനാധിപത്യവും മതനിരപേക്ഷതയുമാണ് ഇന്ത്യയെ താങ്ങിനിര്‍ത്തുന്ന മഹത്തായ രണ്ട് തൂണുകള്‍. അതിനെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നത്. എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യന്‍ ഭരണഘടന. എന്നാല്‍, സംഘപരിവാര്‍ അതില്‍ വിശ്വസിക്കുന്നില്ല. മനുസ്മൃതിയാണ് അവരുടെ ഗ്രന്ഥം. അസമത്വം നിലനില്‍ക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.