കണ്ണൂര്‍- ലോക പരിസ്ഥിതി ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ-റെയിലിലൂടെ പാരിസ്ഥികാഘാതം സൃഷ്ടിക്കുന്ന ഭരണകൂട നടപടിക്കെതിരെ കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് വയല്‍ റോഡ് പരിസരത്തു കെ-റെയിലിന്റെ മഞ്ഞക്കുറ്റി പറിച്ച് അതേ കുഴിയില്‍ വൃക്ഷതൈകള്‍ നട്ട് പ്രതിഷേധിച്ചു. ബ്ലോക്ക്, മണ്ഡലം, യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കെ-റെയില്‍ കുറ്റി സ്ഥാപിച്ച വിവിധ പ്രദേശങ്ങളില്‍ കെ-റെയില്‍ പാതക്ക് സമാന്തരമായി വൃക്ഷതൈകള്‍ നട്ടു. മറ്റ് സ്ഥലങ്ങളിലും ഈ പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു വൃക്ഷതൈകള്‍ നട്ടു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം റോബര്‍ട്ട് വെള്ളാംവെള്ളി, എം.പി രാജേഷ്, ജില്ലാ ഭാരവാഹികളായ പ്രിനില്‍ മതുക്കോത്ത്, സി.വി സുമിത്ത്, വരുണ്‍ എം.കെ, ജിതേഷ് മണല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.