റിയാദ് - തലസ്ഥാന നഗരിയിലെ അല്‍സആദ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന റെസ്റ്റോറന്റില്‍ സ്‌ഫോടനം. പാചക വാതകം ചോര്‍ന്നാണ് റെസ്റ്റോറന്റില്‍ അഗ്നിബാധയും പാട്ടിത്തെറിയുമുണ്ടായത്. ഉഗ്രസ്‌ഫോടനത്തില്‍ റെസ്റ്റോറന്റ് ഏറെക്കുറെ പൂര്‍ണമായും തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. റെസ്റ്റോറന്റിനു സമീപം നിര്‍ത്തിയിട്ടിരുന്ന ഏതാനും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകള്‍ തീയണക്കുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയും ചെയ്തു.
റെസ്റ്റോറന്റിലെ അഞ്ചു ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായി സമീപവാസിയായ സൗദി പൗരന്‍ പറഞ്ഞു. രാത്രി അടച്ചിട്ട സമയത്താണ് റെസ്റ്റോറന്റില്‍ അഗ്നിബാധയും ഉഗ്രസ്‌ഫോടനവുമുണ്ടായത്. ഇതാണ് ആളപായം ഒഴിവാക്കിയത്. സ്‌ഫോടനത്തില്‍ റെസ്റ്റോറന്റിലെ ഫര്‍ണിച്ചറും ഉപകരണങ്ങളും മറ്റും റോഡിലേക്ക് തെറിച്ചുവീണു. സ്‌ഫോടനത്തില്‍ റെസ്റ്റോറന്റിലുണ്ടായ നാശനഷ്ടങ്ങളുടെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൗദി പൗരന്‍ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.