- 'സ്റ്റോളൻവെൽത്ത്' ഗെയിംസെന്ന് അബൊറിജിനൽ പ്രതിഷേധക്കാർ
- ഇന്ത്യൻ സംഘത്തെ നയിച്ചത് പി.വി.സിന്ധു
ഗോൾഡ്‌കോസ്റ്റ്- അബൊറിജിനൽ ഗോത്ര വർഗക്കാരുടെ പ്രതിഷേധത്തിനും, ചന്നം പിന്നം പെയ്ത മഴക്കുമിടയിൽ വർണക്കാഴ്ചകളൊരുക്കി 21-ാമത് കോമൺവെൽത്ത് ഗെയിംസിന് തുടക്കം. കൊളോണിയൽ കാലത്തിനു മുമ്പുള്ള ഗോത്രവർഗ പൈതൃകത്തെയും, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെയും കുറിക്കുന്ന പരിപാടികളോടെ നടന്ന ഉദ്ഘാടന ചടങ്ങ് ആകർഷകമായി. എങ്കിലും, ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്ത് നേരിടേണ്ടിവന്ന ക്രൂരതകളെയും അടിച്ചമർത്തലുകളെയും ഓർമിപ്പിച്ചുകൊണ്ട് അബൊറിജിനൽ ഗോത്ര വിഭാഗക്കാർ നടത്തിയ പ്രതിഷേധവും ശ്രദ്ധേയമായി. കോമൺവെൽത്ത് ഗെയിംസല്ല 'സ്റ്റോളൻ വെൽത്ത്' ഗെയിംസ് ആണെന്നാണ് ഉദ്ഘാടന ചടങ്ങുകൾ നടന്ന കരാറ സ്റ്റേഡിയത്തിന് പുറത്ത് ദീപശിഖാ റാലിക്ക് മാർഗതസ്സം സൃഷ്ടിച്ചുകൊണ്ട് തെരുവിൽ കുത്തിയിരുന്ന നൂറുകണക്കിന് പ്രതിഷേധക്കാർ വിളിച്ചു പറഞ്ഞത്.
ബ്രിട്ടീഷ് കിരീടാവകാശി ചാൾസ് രാജകുമാരൻ സ്റ്റേഡിയത്തിൽ നിറഞ്ഞ 35,000 ഓളം വരുന്ന കാണികളെ സാക്ഷിയാക്കി ഗെയിംസ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പീറ്റർ ബിയാറ്റി, ഗെയിംസ് പ്രസിഡന്റ് ലൂയിസ് മാർട്ടിൻ തുടങ്ങിയവർ സംബന്ധിച്ചു.
ഗെയിംസിൽ വലിയ പ്രതീക്ഷയുമായെത്തിയ ഇന്ത്യൻ സംഘം, ഒളിംപിക് വെള്ളിമെഡൽ ജേതാവായ ബാഡ്മിന്റൺ താരം പി.വി. സിന്ധുവിന്റെ നേതൃത്വത്തിലാണ് മാർച്ച് പാസ്റ്റിൽ അണിനിരന്നത്. സാധാരണ ഗെയിംസ് ഉദ്ഘാടന ചടങ്ങുകളിൽ ധരിക്കാറുള്ള സാരിക്കും, ബന്ദ്ഗലക്കും പകരം സ്യൂട്ട് ധരിച്ചാണ് ഇന്ത്യൻ വനിതാ, പുരുഷ താരങ്ങൾ മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്. ഗെയിംസിൽ പങ്കെടുക്കുന്ന 71 രാജ്യങ്ങളിൽനിന്നുള്ള ആറായിരത്തിലേറെ കായികതാരങ്ങൾ തങ്ങളുടെ ദേശീയ പതാകകൾക്ക് പിന്നിൽ മാർച്ച് പാസ്റ്റിൽ അണിനിരന്നു.
എങ്കിലും ഉദ്ഘാടന ചടങ്ങിന്റെ പൊലിമയെ ബാധിക്കുന്നതുതന്നെയായിരുന്നു അബൊറിജിനൽ ഗോത്രക്കാരുടെ പ്രതിഷേധം. അവർ റോഡ് ഉപരോധിച്ചതിനെ തുടർന്ന് ഒരു മണിക്കൂറോളമാണ് ദീപശിഖാ റാലി തടസ്സപ്പെട്ടത്. ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്ത് നടന്ന ക്രൂരതകൾക്കെതിരെ മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാർ, തങ്ങളുടെ നാട് കൊള്ളയടിക്കപ്പെട്ടുവെന്നും, തങ്ങൾക്ക് കോമൺവെൽത്തുമായി ഒരു ബന്ധവുമില്ലെന്നും വിളിച്ചുപറഞ്ഞു.
എങ്കിലും മുൻനിശ്ചയിച്ച പ്രകാരം ഉദ്ഘാടന ചടങ്ങുകൾ ആരംഭിച്ചു. കോളനിവാഴ്ചക്കും മുമ്പുള്ള ഓസ്‌ട്രേലിയൻ പാരമ്പര്യത്തിൽ ഊന്നിയുള്ള പരിപാടികളായിരുന്നു ഉദ്ഘാടന ചടങ്ങിൽ പലതും. ലോകത്ത് ഇന്ന് നിലനിൽക്കുന്ന ഏറ്റവും പുരാതന സംസ്‌കാരം എന്നായിരുന്നു അബൊറിജിനൽ പൈതൃതത്തെ ഉദ്ഘാടന ചടങ്ങിൽ പരിചയപ്പെടുത്തിയത്. ഇതിനിടയിൽ പല തവണ മഴ ചാറിയെങ്കിലും ചടങ്ങുകൾക്ക് മുടക്കമുണ്ടായില്ല.
ഗെയിംസ് ഉദ്ഘാടനം ചെയ്യാനെത്തിയ ചാൾസ് രാജകുമാരനെയും ഭാര്യ കാമില പാർക്കർ ബൗൾസിനെയും സ്വീകരിച്ചത് അബൊറിജിനൽ വിഭാഗത്തിൽപെട്ട യുഗാംബെ ഗോത്രക്കാരായ മുതിർന്ന പുരുഷനും സ്ത്രീയുമാണ്. പതിനായിരം പേർ മാത്രമുള്ള ഗോത്രമാണ് യുഗാംബെ.
തുടർന്ന് മണലാരണ്യത്തിൽ കഴിയുന്ന ഒരു അബൊറിജിനൽ കുടുംബത്തെ സ്‌കൈകാമിന്റെയും ലേസർ രശ്മികളുടെയും സഹായത്തോടെ ദൃശ്യവൽക്കരിച്ചു. അവരുടെ പിൻമുറക്കാരിയായ പെൺകുട്ടി സ്മാർട്ട് ഫോണിലൂടെ ഗെയിംസിന്റെ കൗണ്ട്ഡൗണിന് തുടക്കമിട്ടു. അബൊറിജിനലുകളുടെ ചരിതം സൂചിപ്പിച്ച്, 65,000 വർഷം മുമ്പാണ് കൗണ്ട്ഡൗൺ ആരംഭിച്ചത്. വിവിധ വർണത്തിലുള്ള പ്രകാശരശ്മികൾ പായിച്ച് കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിസ്മയമൊരുക്കിയാണ് പല കാലഘട്ടങ്ങളിലൂടെ കടന്ന് കൗണ്ട് ഡൗൺ അവസാനിച്ചത്.
ലോകത്തെങ്ങുമുള്ള സർഫിംഗ് പ്രിയരുടെ ഇഷ്ട കേന്ദ്രമായ ഗോൾഡ് കോസ്റ്റിന്റെ പ്രത്യേകതകൾ വ്യക്തമാക്കുന്നതായിരുന്നു പിന്നീട് അവതരിപ്പിക്കപ്പെട്ട പരിപാടി. വെള്ളത്തിമിംഗലമായ മിഗാലൂവിന്റെ കൃത്രിമ രൂപത്തെ ഒഴുക്കിവിട്ടുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിനും ചടങ്ങിൽ ഊന്നൽ നൽകി. എല്ലാ വർഷവും അന്റാർട്ടിക്കയിൽനിന്ന് 12,000 കിലോമീറ്റർ സമുദ്രത്തിലൂടെ നീന്തി ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റ് തീരത്ത് ഇണചേരാനും പ്രസവിക്കാനും എത്തുന്നവയാണ് മിഗാലൂ തിമിംഗലങ്ങൾ.
ദീപശിഖയും വഹിച്ചുകൊണ്ട് ഡാമിയൻ റൈഡർ എന്ന കുട്ടി സ്റ്റേഡിയത്തിൽ പ്രവേശിച്ചപ്പോൾ കരഘോഷമുയർന്നു. ബാലപീഡനത്തിന് ഇരയാവുകയും അതിനെ അതിജീവിക്കുകയും ചെയ്ത കുട്ടിയാണ് ഡാമിയൻ. ബാല പീഡനത്തിനെതിരെ സമൂഹത്തിൽ അവബോധം സൃഷ്ടിക്കാനായി 17 ദിവസം കൊണ്ട് 800 കിലോമീറ്റർ ഓടി രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട് ഡാമിയൻ.
ദീപശിഖ സ്റ്റേഡിയത്തിൽ തെളിയിച്ച ശേഷം കരിമരുന്ന് പ്രയോഗം വർണാഭമായ അന്തരീക്ഷം സൃഷ്ടിച്ചു. 'സ്വപ്നങ്ങൾ പങ്കുവെക്കൂ' എന്ന സന്ദേശം സ്വദേശികൾക്കും അതിഥികൾക്കും മുന്നിൽ അവതരിപ്പിച്ചു കൊണ്ടാണ് ഉദ്ഘാടന ചടങ്ങുകൾ അവസാനിച്ചത്.