തിരുവനന്തപുരം- കീഴാറ്റൂർ സമരത്തെ പിന്തുണക്കാൻ യു.ഡി.എഫ് തീരുമാനിച്ചു. കർഷകരുടെയും തൊഴിലാളികളുടെയും സമരത്തെ അടിച്ചമർത്താനുള്ള സർക്കാർ തീരുമാനം ഉപേക്ഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വികസന പ്രവർത്തനങ്ങൾക്ക് സ്ഥലം ആവശ്യമാണ്. സ്ഥലം ഏറ്റെടുക്കുന്നത് പ്രദേശവാസികളുടെ ആശങ്ക പരിഹരിച്ചുകൊണ്ടു വേണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ് യോഗ തീരുമാനങ്ങൾ വിശദീകരിച്ച് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയൽകിളികളുടെ ആവശ്യങ്ങൾ പരിശോധിക്കാൻ സർക്കാർ തയാറാകണം. ഇക്കാര്യത്തിൽ സർക്കാർ ആവശ്യപ്പെട്ടാൽ യു.ഡി.എഫ് അഭിപ്രായം പറയും. ഇക്കാര്യത്തിൽ ദുരഭിമാനം വെടിയാൻ സർക്കാർ തയാറാകണമെന്നും ഏകാധിപത്യ ശൈലിയിൽ പോലീസിനെക്കൊണ്ട് സമരങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
സർക്കാരിന്റെ രണ്ടാം വാർഷികം വഞ്ചനാദിനമായി ആചരിക്കാൻ യു.ഡി.എഫ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മെയ് 18 ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ നടക്കുന്ന സമ്മേളനത്തിൽ സർക്കാരിന്റെ രണ്ടു വർഷത്തെ 'നേട്ടങ്ങൾ' പ്രസിദ്ധീകരിക്കും.
പെട്രാളിയം ഉൽപന്നങ്ങളുടെ വില നിത്യേന വർധിക്കുകയാണ്. ജനങ്ങളെ ഇത് ഗുരുതരമായി ബാധിച്ചു. ഇക്കാര്യത്തിൽ മോഡിക്കും പിണറായിക്കും ഒരേ നയമാണ്. കേന്ദ്രം വില വർധിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാരിന് സന്തോഷമാണ്, കാരണം സർക്കാരിന് വരുമാന വർധനവ് ഉണ്ടാകും. എന്നാൽ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ വില വർധനവ് ഉണ്ടായ സമയത്ത് നാലുവട്ടം അധിക നികുതി വേണ്ടെന്നുവെച്ച് ജനങ്ങളെ സഹായിച്ചെന്നും രമേശ് പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധനവിൽ പ്രതിഷേധിച്ച് ഒൻപതിന് സംസ്ഥാന വ്യാപകമായി പ്രകടനവും പൊതുസമ്മേളനവും നടത്തും.
ചെങ്ങന്നൂരിൽ യു.ഡി.എഫ് വിജയം ഉറപ്പിച്ചിരിക്കുകയാണ്. അവിടെ പണത്തിന്റെയും അധികാരത്തിന്റെയും സ്വാധീനം ഉറപ്പിക്കാനാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നത് -രമേശ് പറഞ്ഞു.