റിയാദ്- ഹജ് തീര്‍ഥാടകര്‍ക്ക് മികച്ച സേവനം ഉറപ്പാക്കുന്നതിനായി സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിശുദ്ധ ഹറമുകളില്‍ താത്കാലികമായി ജോലി അജീര്‍ പ്ലാറ്റ്‌ഫോം വഴി വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നു. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം മക്ക അല്‍ മുഖറമ എമിറേറ്റ്‌സുമായി സഹകരിച്ചാണ് പെര്‍മിറ്റ് നല്‍കുന്നത്.
ഹജ് സീസണില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിശുദ്ധ ഹറമുകളില്‍ ജോലി ചെയ്യാന്‍ അജീര്‍ പ്ലാറ്റ്‌ഫോം വഴി വര്‍ക്ക് പെര്‍മിറ്റ് നേടാം. ഹജ് സീസണില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുണ്യസ്ഥലങ്ങളിലെ അവരുടെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാക്കാന്‍ ഇതുവഴി തൊഴിലാളികള്‍ക്ക്് പെര്‍മിറ്റ് നേടാം. സൗദികളെയും പ്രവാസികളെയും ഇതിനായി തൊഴില്‍ ചെയ്യാന്‍ താല്‍ക്കാലികമായി നിയമിക്കുകയും ചെയ്യാം.
വെര്‍ച്വല്‍ ലേബര്‍ മാര്‍ക്കറ്റ് പോലെ ഹജ് ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോം വഴി സീസണില്‍ ഒഴിവുള്ള തൊഴിലവസരങ്ങള്‍ പ്രദര്‍ശിപ്പിക്കാനും സംവിധാനമുണ്ട്. പ്ലാറ്റ്‌ഫോം പരിശോധിച്ച് തൊഴിലന്വേഷകര്‍ക്ക് അവസരങ്ങള്‍ കണ്ടെത്തി അപേക്ഷിക്കുകയും ചെയ്യാം. ഹജ് സീസണില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും തൊഴിലാളികളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
സൗദി തൊഴില്‍ വിപണിയിലെ സാധ്യതകള്‍ അറിയിക്കുക, പുറത്തുനിന്നുള്ള റിക്രൂട്ട്‌മെന്റിനെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. ഹജ് സീസണില്‍ ജോലികള്‍ കുറ്റമറ്റതായി നടക്കുന്നതിനും ഹാജിമാര്‍ക്ക് മികച്ച സൗകര്യമൊരുക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി.