കൊച്ചി- ആലുവയില്‍ അച്ഛനും രണ്ട് മക്കളും മുങ്ങിമരിച്ചു. പാലാരിവട്ടം സ്വദേശി ഉല്ലാസ് ഹരിഹരന്‍, മക്കളായ വിഷ്ണുപ്രിയ, ഏകനാഥ് എന്നിവരാണ് മരിച്ചത്. ആലുവ മണപ്പുറം നടപ്പാലത്തില്‍നിന്ന് പെരിയാറിലേക്ക് ചാടിയതിനെ തുടര്‍ന്നാണ് ഉല്ലാസ് ഹരിഹരന്‍ മരിച്ചത്. ചാടുന്നതിന് മുമ്പ് ഇയാള്‍ കുട്ടികളെ പെരിയാറിലേക്ക് തള്ളിയിട്ടുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
മൂന്ന് പേരുടേയും മൃതദേഹം കണ്ടെടുത്തു. വൈകിട്ട് നാലരയോടെയാണ് സംഭവം. ആദ്യം മകന്‍ ഏകനാഥിനെ ഉല്ലാസ് താഴേക്ക് തള്ളിയിട്ടതായാണ് വിവരം. പിന്നീട് വിഷ്ണുപ്രിയയെ തള്ളിയിടാന്‍ നോക്കിയെങ്കിലും കുട്ടി കുതറിമാറാന്‍ ശ്രമിച്ചുവെന്നും ഉല്ലാസ് ബലമായി മകളെ കൂടി തള്ളിയിട്ട ശേഷം പെരിയാറിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കുട്ടികളുടെ മൃതദേഹം നേരത്തെ തന്നെ കണ്ടെടുത്തുവെങ്കിലും ഉല്ലാസിന്റെ മൃതശരീരത്തിനായി ഏറെ നേരം തിരച്ചില്‍ നടത്തേണ്ടി വന്നു. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ഡൈവിങ് ടീമടക്കമെത്തിയാണ് വ്യപകമായ തിരച്ചില്‍ നടത്തിയത്. ഇതിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ഉച്ചക്ക് ശേഷമാണ് ഉല്ലാസ് കുട്ടികളേയും കൂട്ടി വീട്ടില്‍ നിന്ന് പോയതെന്നാണ് വീട്ടുകാരില്‍നിന്ന് ലഭിക്കുന്ന വിവരം. കൂടുതല്‍ അന്വേഷണത്തിനായി പോലീസ് പാലാരിവട്ടത്തെ വീട്ടിലേക്ക് തിരിച്ചിട്ടുണ്ട്.