റിയാദ്- സൗദി അറേബ്യയില്‍നിന്ന് ഹജിനു പോകുന്ന ആഭ്യന്തര ഹാജിമാര്‍ക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വെള്ളിയാഴ്ച മുതല്‍ ആരംഭിച്ചിരുന്നു. മന്ത്രാലയത്തിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് വഴിയോ ഇത്മര്‍നാ അപ്ലിക്കേഷന്‍ വഴിയോ ആണ് ഹജിന് രജിസ്റ്റര്‍ ചെയ്യേണ്ടത്. എന്നാല്‍ ആഭ്യന്തര ഹാജിമാര്‍ക്ക് ഹജ് അപേക്ഷകള്‍ ആവശ്യമെങ്കില്‍ ഒഴിവാക്കാമെന്നാണ് ഇപ്പോള്‍ ഹജ്-ഉംറ മന്ത്രാലയം അറിയിച്ചിരിക്കുന്നത്്. ഇതു സംബന്ധമായ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രാലയം ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അപ്ലിക്കേഷനില്‍ ഹജ് സ്റ്റാറ്റസ് ചെക്കു ചെയ്ത് പേജിന്റെ താഴെയുള്ള ഡിലീറ്റ് അപ്ലിക്കേഷന്‍ പ്രസ് ചെയ്തു അപേക്ഷ ഒഴിവാക്കുകയും ചെയ്യാം.
അപ്ലിക്കേഷന്‍ വഴി രജിസ്‌ട്രേഷന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ ഹജ് ചെയ്യാന്‍ അവസരം ലഭിച്ചു എന്നു കരുതരുതെന്നും അപേക്ഷ സ്വീകരിക്കുന്നത് ഇതിന്റെ ആദ്യപടിയായുള്ള നടപടിയാണെന്നും മന്ത്രാലയം വ്യക്തിമാക്കി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പിന്നീട് പണമടച്ച് അവസരം ഉറപ്പിക്കുകയാണ് വേണ്ടത്. നേരത്തെ ഹജ് ചെയ്യാത്തവര്‍ക്കാണ് മുന്‍ഗണന. ആഭ്യന്തര ഹാജിമാര്‍ക്കും വയസ്സില്‍ ഇളവില്ല. 65 വയസ്സ് പൂര്‍ത്തിയാവത്തവര്‍ക്ക് മാത്രമാണ് അവസരം. പ്രതിരോധ കുത്തിവെപ്പുകളും എടുത്തവരാകണം അപേക്ഷകര്‍. രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നും തെറ്റായ വിവരങ്ങള്‍ നല്‍കാതെ സുക്ഷിക്കണമെന്നും മന്ത്രാലയം അറിയിച്ചു.