കല്‍പറ്റ- വന്യജീവി സങ്കേതങ്ങളുടെ പരിസ്ഥിതി ലോല മേഖലയില്‍നിന്നു ജനവാസ കേന്ദ്രങ്ങളും കൃഷിതോട്ടം മേഖലകളും പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യവുമായി വയനാട്ടിലടക്കം കര്‍ഷകസാമൂഹിക സംഘടനകള്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ വെറുതെയായി. വയനാട് വന്യജീവി സങ്കേതത്തിന്റെപാരിസ്ഥിതി ലോല മേഖല സംബന്ധിച്ചു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനു സമര്‍പ്പിച്ച ശുപാര്‍ശയും നിഷ്ഫലമായി. ദേശീയോദ്യാനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, പക്ഷി സങ്കേതങ്ങള്‍, ജൈവ മണ്ഡലങ്ങള്‍ എന്നിവയ്ക്കു സംരക്ഷിത വനാതിര്‍ത്തിയില്‍നിന്നു കുറഞ്ഞതു ഒരു കിലോമീറ്റര്‍ പരിധിയില്‍ പരിസ്ഥിതി ലോല മേഖല വേണമെന്നാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവായത്. ജസ്റ്റിസ് എല്‍.നാഗേശ്വരറാവു, ജസ്റ്റിസ് ബി.ആര്‍.ഗവായ്, ജസ്റ്റിസ് അനിരുദ്ധ ബോസ് എന്നിവര്‍ ഉള്‍പ്പെട്ട അവധിക്കാല ബെഞ്ചാണ് 61 പേജുള്ള വിധി പുറപ്പെടുവിച്ചത്. ഇന്ത്യയില്‍ 53 ദേശീയോദ്യാനങ്ങളും 18 ജൈവ മണ്ഡലങ്ങളും 29 പക്ഷി സങ്കേതങ്ങളും 51 വന്യ ജീവിസങ്കേതങ്ങളും നിലവിലുണ്ട്. ഇവയ്‌ക്കെല്ലാം സൂപ്രീം കോടതി വിധി ബാധകമാണ്.
സുപ്രീം കോടതി ഉത്തരവിനെ ജില്ലയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പൊതുവെ സ്വാഗതം ചെയ്യുന്നുണ്ട്. എന്നാല്‍ വന്യജീവി സങ്കേതത്തിനു അതിരില്‍ താമസിക്കുന്ന ജനങ്ങളില്‍ ആശങ്ക കത്തിക്കയറുകയാണ്. വയനാട് വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റര്‍ പരിധി പരിസ്ഥതി ലോല മേഖലയാക്കുന്നതു വിപരീതഫലത്തിനു കാരണമാകുമെന്നു അവര്‍ കരുതുന്നു. പരിസ്ഥിതി ലോല മേഖലയുമായി 2011 ഫെബ്രുവരി ഒമ്പതിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നാണ് സൂപ്രീം കോടതിയുടെ കല്‍പന. പലതരത്തിലുള്ള നിരോധനങ്ങളും നിയന്ത്രണങ്ങളും ഉള്‍പ്പെടുന്നതാണ് മാര്‍ഗനിര്‍ദേശങ്ങള്‍. സുപ്രീം കോടതി വിധി വയനാടിനെ സംബന്ധിച്ചിടത്തോളം ദൗര്‍ഭാഗ്യകരമാണെന്നു ഹരിത സേന ജില്ലാ പ്രസിഡന്റ് എം.സുരേന്ദ്രന്‍ പറഞ്ഞു. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ വികസന മുരടിപ്പ് ഉണ്ടാകുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. നൂല്‍പ്പുഴ, പുല്‍പള്ളി, തിരുനെല്ലി പഞ്ചായത്തുകള്‍, ബത്തേരി മുനിസിപ്പാലിറ്റി എന്നിവയുടെ കണ്ണായ പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലയുടെ പരിധിയില്‍ വരും.
344.53 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുത്താനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ ശുപാര്‍ശ. ഈ ദൂരപരിധിയില്‍ കൃഷി സ്ഥലങ്ങളും വീടുകളും ഉള്‍പ്പെടുന്നതിനാല്‍ ജനം എതിര്‍ത്തു. പാരിസ്ഥിതിക സംവേദക മേഖലയില്‍നിന്നു ജനവാസ കേന്ദ്രങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നു വിവിധ പാര്‍ട്ടികളും സംഘടനകളും ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്നു വന്യജീവി സങ്കേതത്തിനു പുറത്തുള്ള ജനവാസ മേഖലകള്‍ പൂര്‍ണമായും ഒഴിവാക്കി 2013 ഫെബ്രുവരി 11നു ശുപാര്‍ശ സമര്‍പ്പിച്ചു. ഇതേ ശൂപാര്‍ശ 2018 സെപ്റ്റംബര്‍ 19നും സമര്‍പ്പിച്ചു. എന്നാല്‍ ഇതു നിരസിച്ച കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ജനവാസ മേഖലകളെയും ഉള്‍പ്പെടുത്തി പുതിയ നിര്‍ദേശം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വന്യജീവി സങ്കേതത്തിനു പുറത്തെ 72.94 ചതുരശ്ര കിലോമീറ്ററും വന്യജീവി സങ്കേതത്തിനകത്തെ 19.09 ചതുരശ്ര കിലോമീറ്ററും ജനവാസ മേഖലയും 26.56 ചതുരശ്ര കിലോമീറ്റര്‍ വനവും ഉള്‍പ്പെടുത്തി ആകെ 118.59 ചതുരശ്ര കിലോമീറ്റര്‍ സംവേദക മേഖലയില്‍ വരുന്നവിധത്തില്‍ ശുപാര്‍ശ 2019 നവംബര്‍ 21നു സമര്‍പ്പിച്ചു. 2021 ഫെബ്രുവരിയില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ശുപാര്‍ശ അംഗീകരിച്ച് കരടുവിജ്ഞാപനം പുറത്തിറക്കി. ഇതേത്തുടര്‍ന്നു ഉയര്‍ന്ന ശക്തമായ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ ശുപാര്‍ശ കേന്ദ്ര മന്ത്രാലയത്തിനു സമര്‍പ്പിച്ചത്. വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന ടെറിട്ടോറിയല്‍ ഡിവിഷനുകളില്‍പ്പെട്ട 69.12ചതുരശ്ര കിലോമീറ്റര്‍ റിസര്‍വ് വനവും വന്യജീവി സങ്കേതത്തിനകത്തെ 19.09 ചതുരശ്ര കിലോമീറ്റര്‍ ജനവാസ മേഖലയുമാണ് ഏറ്റവും ഒടുവിലുത്തെ ശുപാര്‍ശയില്‍ പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുത്തിയത്. വന്യജീവി സങ്കേതത്തിനു പുറത്തുള്ള ജനവാസമേഖലകള്‍ പൂര്‍ണമായും സംവേദക മേഖലയില്‍നിന്നു ഒഴിവാക്കിയായിരുന്നു ശുപാര്‍ശ.