Sorry, you need to enable JavaScript to visit this website.

കെ.വി തോമസിന്റെ വീടിന് മുന്നില്‍ തിരുത വിറ്റ് യു.ഡി.എഫ് പ്രതിഷേധം

കൊച്ചി- തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസിന്റെ വിജയം ഉറപ്പായത് മുതല്‍ കോണ്‍ഗ്രസ്സ് വിട്ട് എല്‍.ഡി.എഫിലെത്തിയ കെ.വി തോമസിനെതിരെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധം. തോമസിന്റെ തോപ്പുംപടിയിലെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ചും തിരുത മീന്‍ വിറ്റുമാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ കോണ്‍ഗ്രസ് വിട്ട തോമസിനോടുള്ള പ്രതിഷേധം ആഹ്ലാദ പ്രകടനത്തിലൂടെ പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ച് തുടങ്ങിയിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളജിന് മുന്നില്‍ ഒരുമിച്ചുകൂടി കെ.വി തോമസിനെതിരെ പ്രതിഷേധ മുദ്രാവാക്യം ഉയര്‍ത്തി. പി.ടി തോമസിനെ വാഴ്ത്തിയും ഉമാ തോമസിനെ അഭിനന്ദിച്ചുമുള്ള മുദ്രാവാക്യം വിളിയായിരുന്നു പിന്നീട്.
ആദ്യറൗണ്ടില്‍ തന്നെ പ്രതീക്ഷിച്ചതിലും ഏറെ ഉമ ലീഡ് ഉയര്‍ത്തിയതോടെ തിരുത മീനുമായി പ്രവര്‍ത്തകര്‍ നിരത്തിലെത്തി. തുടര്‍ന്ന് തിരുത മീനുകള്‍ നിരത്തിവെച്ച് മുദ്രാവാക്യം വിളിയുയര്‍ന്നു. മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ കെ.വി തോമസിന്റെ വീടിന് സമീപം കോലം കത്തിച്ചാണ് പ്രതിഷേധം തുടങ്ങിയത്. 'എവിടെ പോയി, എവിടെ പോയി, തിരുത തോമസ് എവിടെ പോയി, ഇല്ലാ ഇല്ലാ മരിച്ചിട്ടില്ല, പി.ടി തോമസ് മരിച്ചിട്ടില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ... തുടങ്ങിയ മുദ്രാവാക്യങ്ങളാണ് വിളിച്ചത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കെ.വി തോമസ് എല്‍.ഡി.എഫിന് വേണ്ടി പ്രചാരണത്തിനെത്തിയിരുന്നു. തൃക്കാക്കരയില്‍ വികസന രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുകയെന്നും സഹതാപതരംഗം ഉണ്ടാകില്ലെന്നുമായിരുന്നു നേരത്തെ കെ.വി തോമസിന്റെ നിലപാട്.
കോണ്‍ഗ്രസ് വിലക്ക് ലംഘിച്ച് കെ.വി തോമസ് കണ്ണൂരിലെ സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തതിന് പിന്നാലെ അദ്ദേഹത്തിന്റെ ജന്മനാടായ കുമ്പളങ്ങിയില്‍ കോണ്‍ഗ്രസ് ശവമഞ്ച യാത്ര നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തോമസിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പ്രഖ്യാപിച്ചത്.

 

Latest News