വാഹനങ്ങളിലെ വിൻഡ് ഷീൽഡ് വൈപ്പർ പോലെയാണ് ചിരി. മഴയെ തടയാൻ കഴിയില്ലെങ്കിലും മഴയിലൂടെ നിർത്താതെ സഞ്ചരിക്കാൻ അതേറെ സഹായിക്കുന്നുവെന്ന് പറയാറുണ്ട്.
അറിയാമോ? മുതിർന്നവർ ഏകദേശം പതിനഞ്ച് തവണ മാത്രം ചിരിക്കുമ്പോൾ കുട്ടികൾ ദിനേന കുറഞ്ഞത് നാന്നൂറ് തവണയെങ്കിലും ചിരിക്കാറുണ്ട്. ചിരിക്കാൻ പ്രത്യേക കാരണമോ ഉപാധികളോ കുട്ടികൾക്ക് വേണ്ടതില്ല. വളരുന്തോറും ചിരിക്കാനും ചില കാരണങ്ങൾ ഉണ്ടാവണം എന്ന് പ്രായമാവുന്നവർ കരുതുന്നു. അതുകൊണ്ടു തന്നെ അവർക്ക് സന്തോഷങ്ങൾക്കും ചില കാരണങ്ങൾ ആവശ്യമായി വരുന്നു. ഇന്നത് കണ്ടാൽ അല്ലെങ്കിൽ ഇന്നത് കിട്ടിയാൽ എനിക്ക് ചിരി വരും. അല്ലെങ്കിൽ ഇന്ന സാഹചര്യം സംജാതമായാൽ എനിക്ക് സന്തോഷമാവും എന്നൊക്കെയാണ് മുതിർന്നവർ ധരിച്ചു വെച്ചിരിക്കുന്നത്.
പുതിയ കാലത്ത് ചിരിക്കാൻ വക നൽകുന്ന സാഹചര്യങ്ങൾ കുറഞ്ഞു വരികയും സങ്കടപ്പെടുത്തുന്നതും നിരാശപ്പെടുത്തുന്നതുമായ സംഭവങ്ങളും വാർത്തകളും കൂടിക്കൂടി വരികയുമാണ്. ഗൗരവ പ്രകൃതക്കാരും വെറുപ്പിന്റെ പ്രചാരകരും ചുറ്റിലും വർധിച്ചുകൊണ്ടിരിക്കുന്നു. എല്ലായിടങ്ങളിൽ നിന്നും നർമ രസം ചോർന്നു പോയിക്കൊണ്ടിരിക്കുന്നു. പകരം വിദ്വേഷം നിറഞ്ഞതും വിഷലിപ്തവുമായ പരിഹാസങ്ങളാണ് എങ്ങും. വ്യക്തി, കുടുംബം, സാമൂഹം തുടങ്ങി സർവ തലത്തിലും ഇത് തന്നെയാണ് സ്ഥിതിയെന്ന് കാണാവുന്നതാണ്. ഫലമോ? ക്രമാതീതമായ പിരിമുറുക്കങ്ങൾ! അതുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ, അസുഖങ്ങൾ! ഉയർന്ന രക്തസമ്മർദം, ഉൽക്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ തുടങ്ങി ധാരാളം പ്രശ്‌നങ്ങൾ വേറെ. എഴുപത് ശതമാനം അസുഖങ്ങളും നിയന്ത്രണാതീതമായ മാനസിക സംഘർഷങ്ങളുടെ ഫലമാണ്.
നിരന്തരമായ ക്ഷീണം, കഴുത്ത് വേദന, ഇടക്കിടെ വരുന്ന ജലദോഷം, ചുമ, ദഹനക്കേട് മലബന്ധം, ശ്വാസ തടസ്സം, തലകറക്കം, ലൈംഗിക ശേഷിക്കുറവ്, ഒറ്റപ്പെടൽ, ഓർമപ്പിശകുകൾ, ആത്മനിന്ദ, തീരുമാനങ്ങൾ എടുക്കാനുള്ള കഴിവില്ലായ്മ, ആത്മഹത്യാ പ്രവണത എന്ന് വേണ്ട സകല ദുർലക്ഷണങ്ങളും ഉടലെടുക്കുന്നത് ഉള്ളു തുറന്ന് ചിരിക്കാൻ കഴിയാതെ ആത്മസംഘർഷങ്ങളുടെ നെരിപ്പോടിൽ നീറിക്കൊണ്ടിരിക്കുന്നവരിലാണ്.
കഴുത്തറുപ്പൻ മൽസരങ്ങൾ, സ്വാർത്ഥത, ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകൾ, നേരും നെറിയും ഇല്ലാതാക്കുന്ന മാധ്യമ ചർച്ചകൾ, കുത്തഴിഞ്ഞ വാർത്താ വിതരണ രീതികൾ, മൂല്യബോധം നഷ്ടപ്പെട്ട രാഷ്ട്രീയക്കാരും മതക്കാരും പടച്ചുവിടുന്ന വിനാശകാരിയായ പരനിന്ദയുടെയും അപരവൽക്കരണത്തിന്റെയും മാലിന്യം നിറയുന്ന സോഷ്യൽ മീഡിയ, അതിവേഗം, സാമ്പത്തിക പരാധീനതകൾ, വിലക്കയറ്റം, രോഗങ്ങൾ, അസൂയ, പക തുടങ്ങി പല ഘടകങ്ങളും ആധുനിക മനുഷ്യന്റെ മാനസികാരോഗ്യത്തെ പ്രതികൂലമായി മുമ്പെങ്ങുമില്ലാത്ത വിധം പിടിച്ചുലയ്ക്കുകയാണ്.
ഭൗതിക ജീവിതം പ്രശ്‌നരഹിതമായി ഒരു പ്രശാന്തമായ പുഴ പോലെ എന്നും ഒഴുകുമെന്നത് തെറ്റായ ധാരണയാണ്.
ഋതുഭേദങ്ങൾ എങ്ങനെയാണോ നമ്മുടെ ബാഹ്യലോകത്ത് വേനലും മഞ്ഞും മഴയും കൊണ്ടുവരുന്നത്, അതുപോലെ നമ്മുടെ ആന്തരിക ലോകത്തും പല കാലാവസ്ഥ മാറ്റങ്ങളും സംഭവിക്കുന്നുണ്ട്.
സ്വന്തത്തോടും അന്യരോടും കൂടുതൽ കരുണയോടെ, കരുതലോടെ പെരുമാറാൻ ഈ തിരിച്ചറിവ് നമ്മെ പ്രാപ്തരാക്കും.
ഏറ്റവും പവിത്രമായ ബന്ധങ്ങളിലൊന്നായ
വിവാഹ ബന്ധത്തെ വളരെ നിസ്സാരമായ കാരണങ്ങളാൽ വേർപെടുത്താൻ ഒരുമ്പെടുന്നവരുടെ എണ്ണം കൂടി വരുന്ന കാലമാണിത്. അവരിൽ പലരും കാണാതെ പോവുന്ന ചില കാര്യങ്ങളുണ്ട്. ഭൂരിപക്ഷം കുടുംബങ്ങളിലും സമാനമായ പല പ്രശ്‌നങ്ങളും ഉണ്ടെന്നതാണത്. അത്തരം പ്രശ്‌നങ്ങളോടും പ്രതിസന്ധികളോടും അവർ സ്വീകരിക്കുന്ന വിവേകത്തോടെയുള്ള സമീപനങ്ങളും വിട്ടുവീഴ്ചകളുമാണ് കുടുംബ ഭദ്രതക്ക് കോട്ടം തട്ടാതെ മുന്നോട്ട് പോവാൻ അവരെ പ്രേരിപ്പിക്കുന്നത്.
ആരോഗ്യം, സമ്പത്ത്, സന്താനങ്ങൾ, ബന്ധങ്ങൾ, അധികാരം തുടങ്ങിയ മേഖലകളിൽ പല രീതിയിൽ പല തോതിൽ വെല്ലുവിളികൾ നേരിടാതെ
ഇവിടെ ആരും സമ്പൂർണ സ്വസ്ഥതയോടെ ജീവിച്ച് മരിക്കുന്നില്ല. എന്തിന്, എന്ത് കൊണ്ടിങ്ങനെയെന്നതിന് ഉത്തരം തരാൻ ഭൗതിക ശാസ്ത്ര നിരീക്ഷണ പരീക്ഷണ നിഗമനങ്ങൾക്ക് മാത്രം കഴിയുകയുമില്ല.
ദുർവാശിയും താൻ പോരിമയും കുലമഹിമയും ദുരഭിമാനവും ധൂർത്തും വികല മനോഭാവവും കൊണ്ട് ഇരുളടഞ്ഞ മനസ്സുമായി നടക്കുന്നവരിൽ പലരും ജീവിതാനന്ദത്തിന്റെ നറുനിലാവ് കാണാനുള്ള കാഴ്ചശേഷി നഷ്ടമായവരാണ്. ഈ വസ്തുത പല ഫാമിലി കൗൺസലിംഗ് സെഷനിൽ നിന്നും ബോധ്യപ്പെട്ട കാര്യമാണ്.
സ്വയം തീർത്ത മലിനവും ദുസ്സഹവുമായ തടവറയ്ക്കുള്ളിൽ
അവരുടെ ഇണകളെയും മക്കളെയും സഹപ്രവർത്തകരെയും കൂടി വരിഞ്ഞുമുറുക്കി ഒരുതരം പൊറുതിയില്ലാത്ത നരകമാണ് അവർ പണിയുന്നതെന്നവർ അറിയുന്നില്ല. ഒരു ഫലിതത്തിൽ, ഒരു ചിരിയിൽ, ഒരു പൊറുക്കലിൽ കലാശിക്കേണ്ട സൗന്ദര്യപ്പിണക്കങ്ങൾ കാണെക്കാണെ എത്ര പെട്ടെന്നാണ് വൻ കലഹങ്ങളും കലാപങ്ങളുമായി അവിടെ പരിണമിക്കുന്നത്!
ഫലമോ തകർന്നടിഞ്ഞ വ്യക്തികൾ, ഗതിയില്ലാത്ത കുടുംബങ്ങൾ, ചിന്നിച്ചിതറിയ സമൂഹങ്ങൾ!
അടുത്തിടെ വായിച്ച ഒരു ഫലിതമിങ്ങനെ: വിവാഹ മോചനം ചെയ്യാനെത്തിയ ഭർത്താവിനോട് ജഡ്ജി കാരണം തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞത്രേ: എനിക്കും അവൾക്കുമിടയിൽ മതവിശ്വാസ കാര്യത്തിൽ കാര്യമായ വ്യത്യാസമുണ്ട്! എന്താണ് ആ വ്യത്യാസം -ജഡ്ജി ചോദിച്ചു. 'അവൾ സ്വയം ദൈവമാണെന്ന് കരുതുന്നു. അതെനിക്ക് ഒരിക്കലും അംഗീകരിക്കാനാവില്ല, അത്ര തന്നെ.'