കോഴിക്കോട്- പ്രശസ്ത ചിത്രകാരന്‍ പി ശരത് ചന്ദ്രന്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. എരഞ്ഞിപ്പാലത്തെ വീട്ടില്‍വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി എന്ന സിനിമയുടെ പരസ്യ ചിത്രകാരന്‍ എന്ന നിലയില്‍ പ്രശസ്തനാണ്.
ജലച്ചായം, ഓയില്‍ കളര്‍, അക്രിലിക്, ചാര്‍ക്കോള്‍ എന്നീ എല്ലാ മാധ്യമങ്ങളിലും ഒരേ പോലെ പ്രാഗല്‍ഭ്യം തെളിയിച്ച ചിത്രകാരനാണ് ശരത് ചന്ദ്രന്‍. തലശ്ശേരിയിലെ കേരള സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സിലെ സി വി ബാലന്‍ നായര്‍ക്കു കീഴിലാണ് ശരത് ചന്ദ്രന്‍ ചിത്രകല പരിശീലിച്ചത്.
1964 ല്‍ ബോംബെയില്‍ എത്തിയ ശരത് ചന്ദ്രന്‍ ശാന്തിനികേതനില്‍ നിന്നുള്ള എന്‍. ആര്‍ ഡേയുടെ കീഴില്‍ ജോലിക്ക് ചേര്‍ന്നു. അതിനു ശേഷം ഗോള്‍ഡന്‍ ടുബാക്കോ കമ്പനി ലിമിറ്റഡില്‍ ആര്‍ട്ട് ഡയരക്ടറായി. ലോകത്തെമ്പാടും വില്‍ക്കുന്ന 800 ല്‍ പരം സിഗരറ്റ് റ്റുകള്‍ ഡിസൈന്‍ ചെയ്തത് ശരത് ചന്ദ്രനാണ്. തുടര്‍ന്ന് ഓര്‍ബിറ്റ് എന്ന പേരില്‍ സ്വന്തമായി ഒരു പരസ്യ ഏജന്‍സിയും അദ്ദേഹം നടത്തി. ഇപ്പോള്‍ കോഴിക്കോട് വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. സംസ്‌കാരം വൈകീട്ട് നാലുമണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.