കണ്ണൂര്‍- സംസ്ഥാനത്തു തന്നെ അപൂര്‍വമായി സ്ത്രീ കുറ്റവാളികള്‍ക്കെതിരേ കാപ്പ ചുമത്താന്‍ ഒരുങ്ങി കണ്ണൂര്‍ പോലിസ്. പ്രമാദമായ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ട നൈജീരിയന്‍ യുവതി ഉള്‍പ്പെടെയുള്ള മൂന്നു പേര്‍ക്കെതിരേയാണ് കേരള ആന്റിസോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്‍ഷ്യന്‍ ആക്ട് എന്ന 'കാപ്പ' നിയമം ചുമത്തുക. മയക്കുമരുന്ന് കടത്ത് കേസില്‍ കണ്ണൂരില്‍ അറസ്റ്റിലായ മൂന്ന് സ്ത്രീകളടക്കം 13 പ്രതികള്‍ക്കെതിരേ 'കാപ്പ' ചുമത്തുന്നുണ്ട്.
മയക്കുമരുന്ന് കടത്തല്‍ തടയുന്നതിനുള്ള 1988ലെ നിയമമായ 'പിറ്റി'ന് പുറമേയാണ് കാപ്പയും ചുമത്തുന്നത്. കണ്ണൂര്‍ ടൗണ്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലെ പ്രതികളുടെ പേരിലാണ് കടുത്ത വകുപ്പുകള്‍ ചുമത്താനുള്ള തീരുമാനം. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണെന്ന് പോലിസ് അറിയിച്ചു. മാര്‍ച്ച് ഏഴിന് ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലെത്തിയ സ്വകാര്യ ബസില്‍നിന്ന് ഒന്നര കോടിയുടെ ലഹരിമരുന്ന് പിടിച്ച കേസിലും ചാലാട്ടെ കേന്ദ്രത്തില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്ത കേസിലുമാണ് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തുന്നത്.
നിലവില്‍ ഈ കേസുമായി ബന്ധപ്പെട്ട പ്രതികളെല്ലാം ജയിലിലാണ്. കണ്ണൂര്‍ തെക്കിബസാറിലെ റാസിയാ നിവാസില്‍ നിസാം അബ്ദുള്‍ ഗഫൂര്‍ (35) ആണ് കേസിലെ പ്രധാന പ്രതി. അന്താരാഷ്ട്ര മയക്കുമരുന്ന് കേസിലെ പ്രധാന കണ്ണിയാണിയായ ഇയാളെ കേന്ദ്രീകരിച്ചാണ് കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നത്. കേസില്‍ കാപ്പാട് ഡാഫോഡില്‍സ് വില്ലയിലെ അഫ്‌സല്‍ (37), ഇയാളുടെ ഭാര്യ ബള്‍ക്കിസ് (28), ബള്‍ക്കീസിന്റെ ബന്ധുവും തയ്യില്‍ സ്വദേശിയുമായ ജനീസ (40), നൈജീരിയന്‍ യുവതി പ്രിയിസ് ഓട്ടോനിയെ (22) തുടങ്ങിയവരാണ് മുഖ്യ പ്രതികള്‍.