കൊച്ചി- ലൈംഗിക പീഡന കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി അടുത്ത ചൊവ്വാഴ്ച വരെ തടഞ്ഞു. വിജയ് ബാബു വിദേശത്തു നിന്നെത്തിയിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനു വിധേയമകുന്നുണ്ടെന്നും പ്രോസിക്യുഷന്‍ കോടതിയില്‍ അറിയിച്ചു. പരാതിക്കാരിയെ കാണാനോ സ്വാധീനിക്കാനോ വിജയ് ബാബു ശ്രമിക്കരുത്, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളും കോടതി മുന്നോട്ടു വെച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയോ മറ്റു മാധ്യമങ്ങളിലൂടെയോ പരാതിക്കാരിയെ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കി. വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ച്ചയിലേക്ക് മാറ്റി. കേസില്‍ വിജയ് ബാബുവിനെ പോലിസ് ചോദ്യം ചെയ്യുകയാണ്. വിജയ് ബാബുവിന്റെ അറസ്റ്റ് നേരത്തെ കോടതി തടഞ്ഞിരുന്നു. തുടര്‍ന്ന് ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പോലീസ് ചോദ്യം ചെയ്തുവരികയാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ചൊവ്വാഴ്ച വരെ അറസ്റ്റു ചെയ്യുന്നത് കോടതി തടഞ്ഞത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ജാമ്യാപേക്ഷ ഏഴാം തിയതിയിലേക്ക് മാറ്റിവെക്കണമെന്നു പ്രോസിക്യുഷന്റെ ആവശ്യ പ്രകാരമാണ് ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റിയത്. അറസ്റ്റിനെ ഭയമുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും വിജയ് ബാബു കോടതിയില്‍ ബോധിപ്പിച്ചു.