ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിൽ എത്തിനിൽക്കുകയാണ് ഗൾഫ് പ്രവാസികൾ, പ്രത്യേകിച്ചും സൗദി അറേബ്യയിലുള്ളവർ. ഒരു വശത്ത് സൗദിവൽക്കരണ നടപടകിൾ ഊർജിതമാക്കുകയും മറുവശത്ത് ലെവി ഘട്ടംഘട്ടമായി വർധിപ്പിക്കുകയും ചെയ്യുന്നതോടെ ഗത്യന്തരമില്ലാതെ തിരിച്ചുപോവുകയാണ് മലയാളികളടക്കമുള്ള പ്രവാസികൾ. ഇങ്ങനെ പോകുന്നവരിൽ 90 ശതമാനത്തിലേറെ പേർക്കും ഭാവിയെക്കുറിച്ച് ഒരു രൂപവുമില്ല.
നഷ്ടത്തിന്റെ കണക്കുകൾ കൂട്ടിയും കിഴിച്ചും കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് സന്തോഷിക്കാൻ ഒന്നുമില്ലെന്നതാണ് വസ്തുത. സൗദിയിൽ നല്ല ബിസിനസോ, വലിയ ശമ്പളമുള്ള ജോലിയോ ഉണ്ടായിരുന്നതിനാൽ നാട്ടിൽ തെറ്റില്ലാത്ത വരുമാന മാർഗങ്ങൾ ഒരുക്കാൻ കഴിഞ്ഞവർക്ക് പേടിക്കേണ്ടതില്ല. എന്നാൽ അവരെക്കുറിച്ചല്ല ഈ കുറിപ്പിൽ പറയുന്നത്. കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്‌തോ, കുറഞ്ഞ വരുമാനമുള്ള കച്ചവടം ചെയ്ത് ഇവിടെ അരിഷ്ടിച്ച് കഴിയുകയും ബാക്കി പണം നാട്ടിൽ കുടുംബത്തിന്റെ നിത്യച്ചെലവിന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നവരുടെ കാര്യമാണ്. അവരുടെ കയ്യിൽ കാര്യമായി ഒന്നും കാണില്ല. പലർക്കും നല്ല കടവുമുണ്ടായിരിക്കും. ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ നാട്ടിൽ ശിഷ്ടകാലം കഴിയാൻ അതൊരിക്കലും തികയുകയുമില്ല. ചുരുക്കത്തിൽ വലിയൊരു ചോദ്യ ചിഹ്നമായാണ് നല്ലൊരു ഭാഗം പ്രവാസികൾ ഇപ്പോഴത്തെ തിരിച്ചൊഴുക്കിൽ നാട്ടിലേക്ക് മടങ്ങുന്നത്.
തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആറ് മാസത്തേക്ക് സർക്കാർ ശമ്പളം നൽകുമെന്ന തരത്തിൽ ഒരു പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയൻ, തന്റെ ദുബായ് സന്ദർശന വേളയിൽ പറഞ്ഞതായി വാർത്തയുണ്ടായിരുന്നു. കേട്ടപ്പോൾ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ '15 ലക്ഷം അക്കൗണ്ടിൽ' പോലെയാണ് തോന്നിയത്. മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് സർക്കാർ തലത്തിൽ സ്ഥിരീകരണമൊന്നും കാണാതെ വന്നതോടെ പിണറായി അങ്ങനെ പറഞ്ഞോ എന്നും സംശയമുയർന്നു. പിന്നീട് സർക്കാർ അത്തരത്തിൽ എന്തെങ്കിലും നടപടികൾ എടുത്തതായും കണ്ടില്ല. ഏതായാലും ആളുകൾ അത് മറന്ന മട്ടാണ്. പ്രത്യേകിച്ചും പ്രവാസികൾ. അല്ലെങ്കിൽ അങ്ങനെയൊന്ന് നടക്കാൻ പോകുന്നില്ലെന്ന് അവർക്ക് നല്ല ഉറപ്പുണ്ട്.
സർക്കാർ ശമ്പളമൊന്നും തന്നില്ലെങ്കിലും വേണ്ടില്ല, ജീവിക്കാൻ എന്തെങ്കിലും അവസരം തുറന്നുതന്നാൽ മതിയെന്ന് പറയുന്നവരാണ് നാട് പിടിക്കുന്ന സാധാരണ പ്രവാസികൾ. അതിനു പോലും സമ്മതിക്കാത്ത അവസ്ഥയാണ് നാട്ടിൽ. കൊല്ലം പുനലൂരിൽ വർക്ക് ഷോപ്പ് ആരംഭിക്കാൻ പോയ മുൻ പ്രവാസി രാഷ്ട്രീയക്കാരുടെ ശല്യം സഹിക്കാതെ ഈയിടെ തൂങ്ങിമരിച്ച സംഭവം മറക്കാറായിട്ടില്ലല്ലോ.
ചെറിയ മുതൽമുടക്കിൽ ഒറ്റക്കോ കൂട്ടായോ എന്തെങ്കിലും സംരംഭം തുടങ്ങാനുള്ള സഹായം, അല്ലെങ്കിൽ കുടുംബം പുലർത്താൻ കഴിയുന്ന ശമ്പളം കിട്ടുന്ന എന്തെങ്കിലും ജോലി ഇതാണ് നാട്ടിലേക്ക് മടങ്ങുന്ന സാധാരണ പ്രവാസിയുടെ മിനിമം ഡിമാന്റ്. ഇതിനുള്ള സാഹചര്യം ഇന്ന് കേരളത്തിലുണ്ടോ എന്നതാണ് ചോദ്യം. നല്ലൊരു അന്വേഷണം നടത്തിയപ്പോൾ ഈ ലേഖകന് കിട്ടിയ മറുപടി ഇല്ല എന്നാണ്.
ചെറിയൊരു അവധിക്ക് കഴിഞ്ഞ മാസം നാട്ടിൽ പോയപ്പോൾ വർഷങ്ങളായി റിയാദിലുണ്ടായിരുന്ന അയൽവാസിയെ കണ്ടു. ഇപ്പോഴത്തെ സാഹചര്യത്തിൽ മുന്നോട്ട് പോകാനാവാത്തതിനാൽ ജോലി മതിയാക്കി നാട്ടിലെത്തിയതാണ്. വീട്ടിനടുത്തുള്ള കവലയിൽ പലചരക്കു കട ആരംഭിച്ചിരുന്നു അദ്ദേഹം. വാസ്തവത്തിൽ ഈ കട നേരത്തെ ഗൾഫിൽനിന്ന് തിരിച്ചെത്തിയ നാട്ടുകാരനായ മറ്റൊരാൾ നടത്തിയിരുന്നതാണ്. അയാൾക്ക് പിടിച്ചുനിൽക്കാനാവാതെ വന്നപ്പോൾ കട എന്റെ അയൽവാസിക്ക് വിറ്റു. ഇനി ഇദ്ദേഹം എത്ര കാലം അതു മുന്നോട്ടു കൊണ്ടുപോകുമെന്ന് ആർക്കറിയാം. പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തുകയും അവിടെ എന്തെങ്കിലും സംരംഭങ്ങൾ ആരംഭിക്കുകയും കടം കയറി അത് പൂട്ടി വീണ്ടും എങ്ങനെയെങ്കിലും വിസ തരപ്പെടുത്തി ഗൾഫിലേക്ക് വരികയും ചെയ്തവരെ കേരളത്തിലെ മിക്ക ഗ്രാമങ്ങളിലും കാണാനാവും. ഇപ്പോഴത്തെ ഒരു സാഹചര്യം എന്തെന്നാൽ, രണ്ടാമതൊരു ശ്രമമെന്ന നിലയിൽ വരാൻ ഗൾഫിലെ പച്ചപ്പ് നിലനിൽക്കുന്നില്ല എന്നതാണ്. അങ്ങനെ വരുമ്പോൾ നാട്ടിലേക്ക് മടങ്ങുന്നവർക്ക് നാട്ടിൽ തന്നെ പിടിച്ചുനിന്നേ മതിയാവൂ. അല്ലെങ്കിൽ മറ്റേതെങ്കിലും മേച്ചിൽപുറം കണ്ടെത്തണം. ജീവിതത്തിന്റെ നല്ലൊരു പങ്ക് മരുഭൂമിയിൽ ഹോമിച്ചവർക്ക് ഇനി അതിനുള്ള ആയുസ്സുണ്ടാവണമെന്നില്ല.
അവധിക്കാലത്ത് ഗൾഫ് അവസാനിപ്പിച്ച് നാട്ടിലെത്തിയ പല സുഹൃത്തുക്കളെയും കണ്ടു. മിക്കവരും എന്തെങ്കിലും ബിസിനസ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരാണ്. എന്തു ചെയ്യണമെന്നു മാത്രം ആർക്കും ഒരു രൂപവുമില്ല. സാധാരണ രീതിയിലുള്ള കടകളോ, വ്യവസായ സ്ഥാപനങ്ങളോ തുടങ്ങിയാൽ വിജയിക്കുമെന്ന് ഉറപ്പില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ പരാജയപ്പെടാനാണ് സാധ്യത കൂടുതൽ. പ്രത്യേകിച്ചും ഗൾഫിൽനിന്നുള്ള പണമൊഴുക്കു കൂടി കുറഞ്ഞതിനാൽ. എന്തു ചെയ്യുമെന്നറിയാത്ത ഒരുപാട് മുൻ പ്രവാസികളെ കണ്ടു. എന്തു ചെയ്താലും നഷ്ടത്തിൽ കലാശിക്കുമെന്ന ആശങ്കയിലാണ് മിക്കവരും. ഈ സാഹചര്യത്തിൽ ഇരുണ്ട ഭാവിയാണ് തിരിച്ചുപോകുന്ന പ്രവാസികളെയും കാത്തിരിക്കുന്നത്.
കഞ്ചാവ് കടത്ത്, മദ്യക്കച്ചവടം, കള്ളക്കടത്ത്, ക്വട്ടേഷൻ ഇതൊക്കൊയാണ് ഇപ്പോൾ നാട്ടിൽ നല്ല പണം വാരാൻ കഴിയുന്ന പരിപാടികൾ. നേരായ രീതിയിൽ ജോലി ചെയ്ത് മാന്യമായി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ പണിയല്ലല്ലോ ഇതൊന്നും.
പ്രവാസികളിൽനിന്ന് പണം സമാഹരിച്ച് നാടിന്റെ വികസനത്തിന് പ്രയോജനപ്പെടുന്ന പരിപാടികളുമായി സർക്കാർ മുന്നോട്ടു പോകുന്ന കാലത്താണ് ഈ അവസ്ഥയെന്നതാണ് വിരോധാഭാസം. പ്രവാസി നിക്ഷേപത്തിന് ആനുപാതികമായി ഡിവിഡന്റ് നൽകുമെന്ന് സർക്കാർ ഈയിടെ പ്രഖ്യാപിച്ചിരുന്നു. പക്ഷേ കാര്യമായി എന്തെങ്കിലും നിക്ഷേപിക്കാൻ കയ്യിലുള്ളവർക്കല്ലേ അതിന് കഴിയുകയുള്ളൂ. അല്ലാത്തവർ എന്തു ചെയ്യും? അത്തരക്കാരുടെ പുനരധിവാസമാണ് വരും നാളുകളിൽ കേരളം നേരിടാൻ പോകുന്ന വലിയ പ്രശ്‌നം.