പ്രവാസം മതിയാക്കാൻ നിർബന്ധിക്കപ്പെടുന്ന സാഹചര്യം ഇതുപോലെ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. പലതാണ് കാരണങ്ങൾ. സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഇവിടത്തെ ചെറുപ്പക്കാരുടെ ഇടയിലെ തൊഴിലില്ലായ്മയാണ് മുഖ്യ കാരണം. പ്രവാസികൾ ഏതാണ്ട് അതിനോട് പൊരുത്തപ്പെട്ടുകഴിഞ്ഞു. എങ്കിലും നാട്ടിലുള്ള ബന്ധുമിത്രാദികൾ നാം ജോലി നഷ്ടപ്പെട്ട് തിരിച്ചു ചെല്ലുന്നതിന്റെ ആകുലതകളാണ് പങ്കുവെക്കുന്നത്.
ഇവരെ കുറിച്ചല്ല ഞാൻ ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്. ഇതിലൊന്നും പെടാത്ത ഒരു വിഭാഗത്തെ കുറിച്ചാണ്. ശരിക്കും അനാഥമായ ഒരു വിഭാഗം. ഒരുനോക്കു കാണാനെങ്കിലും സാധിച്ചിരുന്നെങ്കിൽ എന്ന നാട്ടിലുള്ള ബന്ധുമിത്രാദികളുടെ ആഗ്രഹവും ഇത്തരക്കാരുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്ന വ്യക്തി എന്ന നിലയിലും ചില അനുഭവങ്ങൾ പങ്കുവെക്കട്ടെ.അനാഥരെന്നു പറഞ്ഞവരിൽ തന്നെ രണ്ടു വിഭാഗമുണ്ട്. പലതരം പ്രശ്‌നങ്ങളാൽ താമസരേഖ പുതുക്കാൻ സാധിക്കാതിരിക്കുന്നവർ. തൊഴിലാളിയെ അയാൾ അറിയാതെ സ്‌പോൺസർ ഹുറൂബ് രേഖപ്പെടുത്തുന്നു. തൊഴിൽ തർക്കങ്ങളിൽ ഏർപ്പെടുന്നവരേയും അല്ലാത്തവരേയും കാണാനില്ലെന്ന് സ്‌പോൺസർ പാസ്‌പോർട്ട് വിഭാഗത്തെ അറിയിക്കുന്നതാണ് ഹുറൂബ്. ഇത്തരക്കാർക്ക് പൊതുമാപ്പിലല്ലാതെ നാട്ടിൽ പോകാൻ വളരെ ബുദ്ധിമുട്ടാണ്. ഔദ്യോഗിക രേഖകളിൽ നിയമ ലംഘകരായതിനാൽ ഇവരെ ജോലിക്കു വെക്കുന്നതോ കൂടെ താമസിപ്പിക്കുന്നതോ കുറ്റകരമാണ്. തന്റേതല്ലാത്ത കാരണത്താൽ നിയമ വിരുദ്ധരാക്കപ്പെട്ട ഇത്തരം ആൾക്കാർ പിന്നീട് പലതരം നിയമ വിരുദ്ധ കേന്ദ്രങ്ങളിലെയും അഭയാർഥികളാവാറാണ് പതിവ്. ഇത്തരക്കാരെ കണ്ടെത്തുന്നതിനും അവർക്കു വേണ്ട നിയമ സഹായങ്ങൾ ഏർപ്പെടുത്തുന്നതിനും ഇന്ത്യൻ കോൺസുലേറ്റും സൗദി അധികൃതരും സന്നദ്ധ സംഘടനകളുടെ സേവനം തേടാറാണ് പതിവ്. ഇത്തരം സേവന പ്രവർത്തനങ്ങളിൽ മലയാളികളുടെ സാന്നിധ്യം പലപ്പോഴും സൗദി അധികൃതരുടെ പ്രശംസ പിടിച്ചുപറ്റാറുണ്ട്.
ഇത്തരക്കാരുടെ സ്‌പോൺസർമാരെ അനുനയിപ്പിക്കുക എന്നത് ശ്രമകരമായ ജോലിയാണ്. വർഷങ്ങളോളം നാട്ടിൽ പോകാൻ കഴിയാതെ അനാഥരായ ഇവരെ കയറ്റിവിടുന്നതിന് സന്നദ്ധ പ്രവർത്തകരുടെയും പലപ്പോഴും നല്ലവരായ ലേബർ ഉദ്യോഗസ്ഥരുടെയും ഇടപെടലുകൾ സഹായകമാകാറുണ്ട്.
ഇനി രണ്ടാമത്തെ വിഭാഗം അനാഥമായി മോർച്ചറികളിൽ മാസങ്ങളോളം കിടക്കേണ്ടിവരുന്നവരാണ്. ചില സന്ദർഭങ്ങളിൽ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് സ്പോൺസറുടെ നിസ്സഹകരണം തടസ്സമാകാറുണ്ട്. ഇതിനു മുഖ്യ കാരണം ഇതിലെ നടപടിക്രമങ്ങളുടെ സങ്കീർണതകൾ തന്നെയാണ്.
ഇത്തരം സങ്കീർണതകളാണ് പലപ്പോഴും ഉറ്റവരുടെ കാത്തിരിപ്പ് നീളുന്നതിനിടയാക്കുന്നത്. ആരും അറിയപ്പെടാതെയും നിയമക്കുരുക്കുകളുടെ നൂലാമാലകളാൽ നാടണയാൻ നാളുകളോളം കാത്തുകിടക്കേണ്ടിവരുന്നവരുടെയും സകല പ്രതീക്ഷകളും നഷ്ടപ്പെട്ട് അവരെ കാത്തിരിക്കുന്ന ഉറ്റവരുടെയും മനസ്സിൽ പ്രതീക്ഷയുടെ നറുവെളിച്ചമെന്നൊണമായിരിക്കും സന്നദ്ധ പ്രവർത്തകരുടെ ഇത്തരം ഇടപെടലുകൾകൊണ്ടുണ്ടാവുന്നത്. സൗദിയിലെ പ്രവാസികളിൽ ഭൂരിഭാഗവും സ്വമനസ്സോടെയും അല്ലതെയും നാടണയുന്ന ഈ വേളയിലും ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരു തെറ്റും ചെയ്യാത്ത ഇത്തരം വിഭാഗത്തെക്കുറിച്ചുള്ള ആശങ്കയാണ് ബാക്കിയാവുന്നത്.
നടപടിക്രമങ്ങൾ മനസ്സിലാക്കി പൂർത്തിയാക്കിയാൽ കാലതാമസമില്ലാതെ മൃതദേഹങ്ങൾ ഉറ്റവരുടെ അടുത്തെത്തിക്കാം.
1 - മരിച്ചയാളുടെ ബന്ധുക്കൾ ഒരാളെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള സമ്മതപത്രം
അറബിക് പരിഭാഷ ഇന്ത്യൻ കോൺസുലേറ്റ് അറ്റ്‌സ്‌റ്റേഷനോടു കൂടിയത്
2 - കോൺസുലേറ്റിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്
3 - ഡെത്ത് നോട്ടിഫിക്കേഷൻ, ഡെത്ത് പരിശോധനാഫലവും ഹോസ്പിറ്റലിൽനിന്നും നേടിയതിനു ശേഷം ഇംഗ്ലീഷ് പരിഭാഷ കോൺസുലേറ്റ് അറ്റസ്‌റ്റേഷനോടു കൂടിയത്
4 - മരിച്ചയാളിന്റെ പാസ്‌പോർട്ട് കോപ്പി, ഐഡി കോപ്പി ചുമതലപ്പെട്ടയാളിന്റെ ഐഡി കോപ്പി സഹിതം പോലീസ് ക്ലിയറൻസ് ലെറ്ററിനായി ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനിൽ സബ്മിറ്റ് ചെയ്തതിനു ശേഷം അവിടെ നിന്നും കവറിൽ സീൽ ചെയ്ത സർട്ടിഫിക്കറ്റ്.
മരണം രജിസ്‌ട്രേഷൻ ഓഫീസിൽ രജിസ്റ്റർ ചെയ്താൽ ഡെത്ത് സർട്ടിഫിക്കറ്റ് കിട്ടും. ഡെത്ത് സർട്ടിഫിക്കറ്റ് കോപ്പിയും മരിച്ചയാളിന്റെ പാസ്‌പോർട്ട് കോപ്പി, ഐഡി കോപ്പി ചുമതലപ്പെട്ടയാളിന്റെ ഐഡി കോപ്പി, ഒറിജിനൽ ഡെത്ത് സർട്ടിഫിക്കറ്റും കോപ്പിയുമായി വീണ്ടും പോലീസ് സ്‌റ്റേഷനിൽ കാണിച്ച് അവിടെനിന്നും ലേബർ ഓഫീസിലേക്കുള്ള ലെറ്റർ വാങ്ങണം. സ്‌പോൺസറും ചുമതലപ്പെട്ടയാളും അനുബന്ധ രേഖകളുമായി ലേബർ ഓഫീസറുടെ മുൻപാകെ ആനുകൂല്യങ്ങൾ തീർപ്പാക്കി ലേബർ ഓഫീസിൽ നിന്നും കിട്ടിയ ലെറ്ററിന്റെ കോപ്പിയും ഡെഡ്‌ബോഡി അയക്കുന്ന എയർപോർട്ടും വ്യക്തമാക്കി ഒരു ഫയൽ ആക്കി ഗവർണറേറ്റിൽ സബ്മിറ്റ് ചെയ്താൽ അവിടെനിന്നും രേഖകൾ പരിശോധിച്ചതിനു ശേഷം അനുമതിപത്രം തയാറാക്കി നമ്പറിട്ടതിനു ശേഷം (തുടർന്നുള്ള എല്ലാ നടപടിക്രമങ്ങൾക്കും ഈ നമ്പറാണ് കാണിക്കേണ്ടത്).
ബോഡി എംബാം ചെയ്യുന്ന ഹോസ്പിറ്റലിലേക്കും ബന്ധപ്പെട്ട എയർപോർട്ടിലേക്കും ഫാക്‌സ് മെസേജ് ചെയ്തതിനു ശേഷം പോലീസ് സ്‌റ്റേഷനിലേക്കും പാസ്‌പോർട്ട് ഓഫീസിലേക്കും (ജവാസാത്ത്) നിലവിൽ ഡെഡ്‌ബോഡിയിരിക്കുന്ന ഹോസ്പിറ്റലിലേക്കും നടപടിക്രമങ്ങൾക്കുള്ള അനുമതിപത്രം ഗവർണറേറ്റിൽനിന്നും നേരിട്ടെത്തിക്കും.
ലേബർ ഓഫീസിൽനിന്നും കിട്ടിയ ലെറ്ററിന്റെ ഒർജിനലും അനുബന്ധ രേഖകളുമായി പാസ്‌പോർട്ട് ഓഫീസിനെ സമീപിച്ച് നമ്പർ കാണിച്ചാൽ എക്‌സിറ്റ് പേപ്പർ കിട്ടും.
ഇനി എംബാം ചെയ്യുന്നതിനുള്ള പുതിയ ഫീസായ 6000 റിയാൽ ഓൺലൈൻ മുഖേന പേ ചെയ്തതിന്റെ കോപ്പിയും ബോഡി റിലീസ് ചെയ്യുന്നതിനു ഹോസ്പിറ്റലിലേക്കു പോലീസ് സ്‌റ്റേഷനിൽനിന്നും കിട്ടിയ ലെറ്ററിന്റെ ഒറിജിനലും മറ്റനുബന്ധ രേഖകളും ആംബുലൻസുമായി ഹോസ്പിറ്റലിനെ സമീപിച്ചാൽ എംബാം ചെയ്യുന്ന ഹോസ്പിറ്റലിലേക്കുള്ള ലെറ്ററോടു കൂടി ബോഡി റിലീസ് ചെയ്തു കിട്ടും. എംബാം ചെയ്ത് അവിടെനിന്നും കിട്ടുന്നലെറ്ററുമായി കാർഗോ സർവീസ് മുഖാന്തരം നാട്ടിൽ ബോഡി സ്വീകരിക്കുന്ന ആളിന്റെ പേരും അഡ്രസ്സും അടങ്ങിയ ഓപൺ ടിക്കറ്റുമായി എയർപോർട്ട് അധികൃതരെ സമീപിച്ചു ക്ലിയറൻസ് വാങ്ങിയാൽ തീയതി ഉറപ്പിച്ച് മൃതദേഹം നാട്ടിലേക്ക് അയക്കാനാവും.