കോവിഡ് മൂലം രണ്ടു വർഷത്തിലേറെ വീട്ടിലിരുന്നാണ് കുട്ടികൾ സ്‌കൂളിലേക്ക് വരുന്നത്. പൊതുസമ്പർക്കം കുറഞ്ഞതു മൂലം കുട്ടികളിലുണ്ടായിട്ടുള്ള മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ കാണാതെ പോകാനാകില്ല. മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം മൂലം കാഴ്ച വൈകല്യമുൾപ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ കുട്ടികളിൽ കണ്ടുവരുന്നുണ്ട്. മാനസികമായ ഉണർവ് നഷ്ടപ്പെടുന്നതും ലോക്ഡൗൺ കാലത്തെ പ്രധാന പ്രശ്‌നമായി ഉയർന്നു വന്നിരുന്നു. ഇത്തരം പ്രശ്‌നങ്ങളെ കൂടി അഭിമുഖീകരിക്കുന്ന ബോധന രീതിയിലായിരിക്കണം കോവിഡാനന്തര കാലത്തെ സ്‌കൂൾ കാലത്ത് ശ്രദ്ധ പതിപ്പിക്കേണ്ടത്.
മൂന്നു വർഷത്തോളം നീണ്ട കോവിഡ് മഹാമാരിയിൽ മുടങ്ങിപ്പോയ വിദ്യാലയങ്ങൾ പുതിയൊരു വർഷത്തിലേക്ക് തുറക്കുകയാണ്. കൊറോണയുടെ ഭീതിയൊഴിഞ്ഞ് കുട്ടികൾ സ്‌കൂളിലേക്ക് വീണ്ടുമെത്തുന്നത് ആശ്വാസത്തോടെയും സന്തോഷത്തോടെയുമാണ്. സ്‌കൂളുകൾ പ്രവേശനോൽസവങ്ങൾക്കുള്ള തയാറെടുപ്പുകൾ തുടങ്ങി. പുതിയ ഉടുപ്പുകൾ തയ്പിച്ച്, പുസ്തകങ്ങൾ നിറച്ച പുതിയ ബാഗുമായി ജൂൺ ഒന്നിനായി കാത്തിരിക്കുകയാണ് കുട്ടികൾ. അടച്ചിടലിന്റെ കാലത്തെ അസ്വസ്ഥതകൾ അവർക്ക് മുന്നിൽ അവസാനിക്കുകയാണ്. കൂട്ടുകാരുമായി നേരിട്ട് കൂട്ടുകൂടാനുള്ള നാളുകൾ വീണ്ടുമെത്തുന്നു.
പക്ഷേ, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളും വെല്ലിവിളികളും ഇപ്പോഴും അവസാനിച്ചിട്ടില്ല. സ്‌കൂൾ ബസിലെ അപകടകരമായ യാത്ര മുതൽ ക്ലാസ് മുറികളുടെ പരിമിതികൾ വരെ കുട്ടികൾക്ക് മുന്നിൽ വെല്ലുവിളിയായി നിൽക്കുന്നു. മലപ്പുറം ജില്ലയിലെ മങ്കടയിൽ സ്‌കൂൾ ബസിനുള്ളിൽ ക്ലാസുകൾ നടത്തേണ്ടി വരുന്ന ദുരവസ്ഥ പുറത്തു വന്നത് അടുത്തിടെയാണ്. വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കൂടുതലുള്ള മലബാർ മേഖലയിൽ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി കൊറോണ കാലത്തിന് ശേഷവും തുടരുകയാണ്.
സ്‌കൂൾ ബസുകളുടെ ദുരവസ്ഥയിൽ നിന്ന് തുടങ്ങുന്നതാണ് വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ. കാലപ്പഴക്കം ചെന്ന ബസുകളിൽ കുട്ടികളെ കുത്തിനിറച്ച് കൊണ്ടു പോകുന്നത് ഇനിയും തുടരാതിരിക്കേണ്ടതുണ്ട്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികളുടെ യാത്രാപ്രശ്‌നം എന്നും തലവേദനയാണ്. പരിമിതമായ ബസുകളിലാണ് കുട്ടികൾക്കായുള്ളത്, സ്വകാര്യ സ്‌കൂളുകളിലേത് പോലെ ഉയർന്ന ബസ് ഫീസ് നൽകി വിദ്യാർഥികൾക്ക് യാത്ര ചെയ്യാനാവില്ലെന്നതിനാൽ പൊതു വിദ്യാലയങ്ങളിൽ പരിമിതമായ ബസുകൾ ഉപയോഗിച്ചാണ് കുട്ടികളെ കൊണ്ടുപോകുന്നത്. ലൈൻ ബസുകളെ ആശ്രയിക്കുന്ന കുട്ടികളും കുറവല്ല.
കോവിഡ് കാലത്ത് സ്‌കൂൾ ബസുകൾ നിർത്തിയിട്ടതിനാൽ അവയുടെ പ്രവർത്തന ക്ഷമതയും സംശയത്തിന്റെ നിഴലിലാണ്. വരുമാനമില്ലാത്തതിനാൽ ബസുകളുടെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്തിയിട്ടില്ല. നേരത്തെയുള്ള താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അവരെല്ലാം പുതിയ തൊഴിൽ മേഖല തേടിപ്പോയി.സ്‌കൂൾ വീണ്ടും തുറക്കുമ്പോൾ ഈ ബസുകൾ സർവ്വീസ് യോഗ്യമാക്കേണ്ടതുണ്ട്.പുതിയ ജീവനക്കാരെയും നിയമിച്ചു കൊണ്ടിരിക്കുകയാണ്.സ്‌കൂൾ ബസുകളുടെ കാര്യത്തിൽ ഇത്തവണ മോട്ടോർ വാഹന വകുപ്പ് പരിശോധന കൂടുതൽ കാര്യക്ഷമമാക്കിയിട്ടുണ്ട്. കേടുപാടുള്ള ബസുകൾ സർവീസിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.
പല വിദ്യാലയങ്ങളിലും കെട്ടിടങ്ങളുടെ സ്ഥിതിയും ആശാവഹമല്ല. കോവിഡ് തുടങ്ങുന്നതിന് മുമ്പ് നിർമാണം തുടങ്ങിയ പല കെട്ടിടങ്ങളും ഇപ്പോഴും പണി പൂർത്തിയായിട്ടില്ല. കോവിഡ് ലോക്ഡൗണുകൾ മൂലം നിർമാണം തടസ്സപ്പെട്ട നിരവധി സ്‌കൂൾ കെട്ടിടങ്ങളുണ്ട്. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാഭ്യാസ വകുപ്പ് ഇവയുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമിച്ചു വരികയാണ്. പൊതു വിദ്യാലയങ്ങളിൽ കുട്ടികൾ വർധിക്കുന്ന കാലം കൂടിയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം പ്രവാസികൾ ഉൾെപ്പടെയുള്ള രക്ഷിതാക്കളുടെ വരുമാനം കുറഞ്ഞതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റുന്ന പ്രവണത വർധിച്ചിട്ടുണ്ട്. കൂടുതൽ കുട്ടികളെ ഉൾക്കൊള്ളാൻ പല വിദ്യാലയങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ കുറവാണ്. ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണേണ്ടതുണ്ട്.
കുട്ടികളുടെ സുരക്ഷയാണ് മറ്റൊരു വെല്ലുവിളി. പെൺകുട്ടികളും ആൺകുട്ടികളും വിദ്യാലയങ്ങളിൽ ലൈംഗിക പീഡനത്തിന് ഇരകളാകുന്നുവെന്ന വാർത്തകൾ പുറത്തു വരുന്നു. അധ്യാപകർ തന്നെ പീഡകരാകുന്നുവെന്നത് ഞെട്ടിക്കുന്നതാണ്. സ്‌കൂളുകളിൽ വിദ്യാർഥികളുടെ സുരക്ഷ സംബന്ധിച്ച ക്രമീകരണങ്ങൾ കൂടുതൽ ശക്തമാകേണ്ടതുണ്ട്. കുട്ടികളുടെ സംരക്ഷകരും വഴികാട്ടികളുമാണ് തങ്ങളെന്ന ബോധ്യം അധ്യാപകർ വീണ്ടും ഊട്ടിയുറപ്പിക്കേണ്ട കാലം കൂടിയാണിത്.
മയക്കുമരുന്നിന്റെ ഉപയോഗം വിദ്യാർഥികളിലേക്ക് പടരുന്നത് ആശങ്കയോടെ കാണണം. വിദ്യാലയങ്ങൾ മയക്കുമരുന്ന് മാഫിയ സംഘങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളായിട്ട് കുറെ കാലമായി. എട്ടും പൊട്ടും തിരിയാത്ത വിദ്യാർഥികളെ പ്രലോഭിപ്പിച്ച് മയക്കുമരുന്നിന് അടിമകളാക്കി പണം സമ്പാദിക്കാൻ ശ്രമിക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത വർധിക്കേണ്ടതുണ്ട്.
കോവിഡ് മൂലം രണ്ടു വർഷത്തിലേറെ വീട്ടിലിരുന്നാണ് കുട്ടികൾ സ്‌കൂളിലേക്ക് വരുന്നത്. പൊതുസമ്പർക്കം കുറഞ്ഞതു മൂലം കുട്ടികളിലുണ്ടായിട്ടുള്ള മാനസിക ആരോഗ്യ പ്രശ്‌നങ്ങൾ കാണാതെ പോകാനാകില്ല. മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം മൂലം കാഴ്ച വൈകല്യമുൾെപ്പടെയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ കുട്ടികളിൽ കണ്ടുവരുന്നുണ്ട്. മാനസികമായ ഉണർവ് നഷ്ടപ്പെടുന്നതും ലോക്ഡൗൺ കാലത്തെ പ്രധാന പ്രശ്‌നമായി ഉയർന്നു വന്നിരുന്നു. ഇത്തരം പ്രശ്‌നങ്ങളെ കൂടി അഭിമുഖീകരിക്കുന്ന ബോധന രീതിയിലായിരിക്കണം കോവിഡാനന്തര കാലത്തെ സ്‌കൂൾ കാലത്ത് ശ്രദ്ധ പതിപ്പിക്കേണ്ടത്.
പൊതുവിദ്യാലയങ്ങളുടെ കാര്യത്തിൽ പൊതുജനങ്ങളുടെ ഇടപെടലുകളും സഹകരണവും കൂടുതൽ ആവശ്യമായി വരികയാണ്. കുട്ടികളുടെ എണ്ണം വർധിക്കുകയും അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി നിലനിൽക്കുകയും ചെയ്യുമ്പോൾ നാട്ടിലെ വിദ്യാലയങ്ങൾക്ക് താങ്ങാകാൻ പൊതുജനങ്ങൾക്ക് കഴിയണം.പൂർവ വിദ്യാർത്ഥി സംഘടനകൾ പൂർവാധികം ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം സംഘങ്ങളുടെ സഹായം അവർ പഠിച്ച വിദ്യാലയങ്ങളിലേക്ക് എത്തേണ്ടതുണ്ട്. പൊതു വിദ്യാലയങ്ങളുടെ പരിമിതികൾ മനസ്സിലാക്കി അവ പരിഹരിക്കുന്നതിനുള്ള നിർദേശങ്ങളും സഹകരണവും ഇത്തരം കൂട്ടായ്മകൾക്ക് നൽകാവുന്നതാണ്.