മലപ്പുറം-ഉമ്മയോട് സലാം ചൊല്ലി, പ്രിയപ്പെട്ടവരോടൊക്കെ യാത്ര പറഞ്ഞ് മലപ്പുറം ജില്ലയിലെ ആതവനാട് പഞ്ചായത്തിലുള്ള ചോറ്റൂരില്‍നിന്ന് ചേലമ്പാടന്‍ ശിഹാബ് പുറപ്പെട്ടു. സൗദി അറേബ്യയിലേക്ക് നടന്നു പോയി വിശുദ്ധ ഹജ് കര്‍മം നിര്‍വഹിക്കുകയാണ് ലക്ഷ്യം.
ഈ വര്‍ഷത്തെ ഹജിനല്ല, 2023ലെ ഹജിനാണ് ശിഹാബ് ഇപ്പോള്‍ തന്നെ പുറപ്പെട്ടിരിക്കുന്നത്. കേരള അതിര്‍ത്തി കടന്ന് കര്‍ണാടക, മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങള്‍ പിന്നിട്ട് വാഗ അതിര്‍ത്തി വഴി പാക്കിസ്ഥാനിലേക്ക്. ശേഷം ഇറാനും ഇറാഖും കുവൈത്തും കടന്ന് വേണം സൗദി അറേബ്യയിലെത്താന്‍. അതിനിടയില്‍ പുണ്യ കേന്ദ്രങ്ങള്‍ ഏറെയുണ്ട് സന്ദര്‍ശിക്കാന്‍. കാലാവസ്ഥ, ഭക്ഷണരീതികള്‍ എന്നിവയെല്ലാം മനസിലാക്കിയിട്ടുണ്ട്. പള്ളികളിലും മറ്റുമായി വിശ്രമിക്കണം. യാത്ര സംബന്ധിച്ച് ഏറെയാളുകള്‍ അറിഞ്ഞതിനാല്‍ പലരും വഴിയില്‍ സഹായിക്കാനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്.
യാത്രയുടെ ഓരോ വിവരങ്ങളും യുട്യൂബില്‍ അപ് ലോഡ് ചെയ്യാന്‍ ശ്രമിക്കുമെന്ന് ശിഹാബ് പറഞ്ഞു. വീട്ടുകാരുടെയും നാട്ടുകാരുടെയും ആശങ്ക ഒഴിവാക്കാന്‍ ഇത് സഹായിക്കും. ജോലി ആവശ്യാര്‍ഥം നേരത്തെ സൗദിയില്‍ പോയപ്പോള്‍ ഉംറ നിര്‍വഹിച്ചിട്ടുണ്ട്. യു.എ.ഇയിലെ മിക്ക എമിറേറ്റുകളിലും പോയിട്ടുണ്ട്. പിന്നെ ശ്രീലയങ്കയും സന്ദര്‍ശിച്ചിട്ടുണ്ടെന്ന് ശിഹാബ് പറഞ്ഞു.