Sorry, you need to enable JavaScript to visit this website.

എൻ.എസ്. മാധവൻ-ജയചന്ദ്രൻ നായർ വിവാദത്തിലും വരമ്പത്ത് കൂലിയുമായി ബൽറാം  

എൻ.എസ്. മാധവൻ ജയചന്ദ്രൻ നായർ

 

എം. സുകുമാരൻ എഴുതിയ പിതൃതർപ്പണം എന്ന കഥയിലെ ഒരു പരാമർശം പത്രാധിപരായ ജയചന്ദ്രൻ നായർ കഥാകൃത്തിന്റെ അനുവാദത്തോടെ പണ്ടെന്നോ തിരുത്തിയിരുന്നു. അക്കാര്യം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സുകുമാരൻ പതിപ്പിൽ ഡോ. കെ.എസ്. രവികുമാർ എടുത്തെഴുതി. ( മാതൃഭൂമി പേജിന്റെ പ്രസക്ത ഭാഗം ഇതോടൊപ്പം)   
അതാണിപ്പോൾ വിവാദമായിരിക്കുന്നത്. പഴയ 'നാറിയ' ഒരു ഗാന്ധിത്തൊപ്പി അദ്ദേഹം ധരിച്ചിരുന്നു എന്ന വരിയിൽ  നിന്നും 'നാറിയ' എന്ന വാക്ക് വെട്ടിമാറ്റിയ  'പത്രാധിപ ചെറ്റ'യാണ് ജയചന്ദ്രൻ നായർ എന്നാണ് എൻ.എസ്. മാധവൻ കഴിഞ്ഞ ദിവസം ഇതേപ്പറ്റി എഴുതിയത്.
ട്വീറ്റും മറു ട്വീറ്റുകളും ഇപ്പോൾ നവ മാധ്യമങ്ങളിൽ  പറന്നു നടക്കുന്നു.
മുഖ്യമായും ഇടതുപക്ഷം ചിന്തിക്കുന്ന സാംസ്‌കാരിക നായകർ തമ്മിലെ പോരിൽ 
പരസ്യമായി മാധവൻ പക്ഷം ചേർന്ന് കാണുന്നത് സി.പി.എമ്മിന്റെ പ്രമുഖ വക്താവായ  എൻ. മാധവൻ കുട്ടിയടക്കം ചുരുക്കം ചിലർ മാത്രം.  മറ്റുള്ളവരൊക്കെ നിര നിരയായി ജയ ചന്ദ്രൻ നായർ പക്ഷം ന്യായം ചേരുന്നു.  ഈ ഘട്ടത്തിലാണ് പൊന്നുരുക്കിന്നിടത്ത് ഞങ്ങൾ വേണ്ട എന്ന  പഴയ പൂച്ച ന്യായം തിരുത്തി കോൺഗ്രസ് യുവ നേതാവ് വി.ടി. ബൽറാം നവ രാഷ്ട്രീയക്കാരനാകുന്നത്. 
നവമാധ്യമ രംഗത്തെ വാക്കിന്റെ  ജോലിക്ക് വരമ്പത്ത് കൂലി കൊടുക്കുന്നതിൽ മുന്നിട്ടു തന്നെ നിൽക്കുകയാണ്  അടുത്ത കാലത്തായി കോൺഗ്രസിലെ ഈ യുവതാരം.  രാഷ്ട്രീയക്കാരെ മാത്രമല്ല, സാഹിത്യ ബൗദ്ധിക രംഗത്തെ വമ്പന്മാരെയും  വെറുതെ വിടില്ലെന്ന് എൻ.എസ്. മാധവന്റെ ട്വീറ്റിന് രൂക്ഷമായി പ്രതികരിക്കുക വഴി ബൽറാം തെളിയിച്ചിരിക്കയാണിപ്പോൾ. എ.കെ.ജിയെക്കുറിച്ചെഴുതിയ മുഖപുസ്തക ക്കുറിപ്പും അതു കേട്ട് മനസ്സിന്റെ ഏതെങ്കിലും കോണിൽ കമ്യൂണിസ്റ്റ് വിശ്വാസം അവശേഷിക്കുന്ന സർവ കമ്യൂണിസ്റ്റ് പരിവാറുകളും നിലപാടൊന്നുമില്ലാത്ത പാവങ്ങളും സാമൂഹ്യ മാധ്യമങ്ങളിലും അല്ലാതെയും  ചാടി വീണപ്പോഴും യുവ കോൺഗ്രസ് നേതാവ് ഭയപ്പെട്ട് അടങ്ങിയിരുന്നില്ല.  ഒന്നിന് രണ്ട് എന്ന മട്ടിൽ നിയമസഭക്കകകത്തും പുറത്തും ബൽറാം കൊടുത്തുകൊണ്ടേയിരുന്നു.   ഒരിഞ്ച് പിന്നോട്ടില്ലെന്ന് മനസ്സിലായതോടെ എ.കെ.ജിയെക്കുറിച്ച് അങ്ങനെയൊക്കെ പറഞ്ഞാൽ ഗാന്ധിജിയെക്കുറിച്ച് തങ്ങളും പറയും എന്ന അപമാനകരാമയ മറു നിലാടിലൊക്കെയാണ് ആ വിവാദം ചെന്നെത്തി നിന്നത്. ബജറ്റ് പ്രസംഗത്തിൽ മന്ത്രി തോമസ് ഐസക്കിന് എ.കെ.ജിയെക്കുറിച്ച് നീണ്ടു പരന്ന പാരഗ്രാഫ്  നിറയെ പറയേണ്ടിവന്നതിനും കാരണം ബൽറാം തന്നെ. 'ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും അടിച്ചമർത്തപ്പെട്ടവന്റെ ഉയിർത്തെഴുന്നേൽപിനും ഒരേ പ്രാധാന്യം കൊടുത്ത്, പ്രക്ഷോഭ മുഖത്ത് തീജ്വാല പോലെ ആഞ്ഞുവീശിയ വിപ്ലവകാരിയായിരുന്നു എ.കെ.ജി എന്നൊക്കെ എ.കെ.ജി മരിച്ച് നാല് പതിറ്റാണ്ടിന് ശേഷമുള്ള ബജറ്റ് പ്രസംഗത്തിലും  കേരളീയരെ ഓർമ്മപ്പെടുത്തേണ്ടി വന്നതൊക്കെ ബൽറാം എന്ന യുവ കോൺഗ്രസുകാരന്റെ ഒരൊറ്റ പ്രകോപനത്തിലായിരുന്നു. 


ഇപ്പോഴിതാ ബൽറാമിന്റെ ഇടപെടൽ മറ്റൊരു ഘട്ടത്തിൽ വന്നെത്തി നിൽക്കുന്നു. ഇവിടെ ബൽറാമിന്റെ പക്ഷത്തും മറുപക്ഷത്തുമുള്ളത് കേരള സമൂഹത്തിന്റെ ജീവിത പരിസരത്തെ ആദരണീയർ.  ഒരാൾ  മലയാളത്തിന്റെ ലക്ഷണമൊത്ത ലിറ്റററി ജേണലിസ്റ്റ് എസ്. ജയചന്ദ്രൻ നായർ. കലാകൗമുദി എന്ന എക്കാലത്തെയും സർഗാത്മക ഇടതുപക്ഷ വാരികയുടെ തലപ്പത്തിരുന്നും പിന്നീട് ഏതാണ്ടൊക്കെ അതേ ഗണത്തിലുള്ള ഇന്ത്യൻ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ മലയാളം വാരികയുടെ പത്രാധിപരായും എത്രയോ എഴുത്തുകാരെയും എഴുത്തുകാരികളെയും തന്റെ ഹൃദയപക്ഷത്ത് നിർത്തിയ പത്രാധിപർ. ഒരുപക്ഷേ ഇത്തരത്തിൽ ജനകീയനായി പ്രതിഭകളെ പ്രോത്സാഹിപ്പിച്ച പത്രാധിപർ മലയാള നാട് കൈകാര്യം ചെയ്തിരുന്ന വി.ബി.സി. നായർ മാത്രമാണെന്ന് എഴുത്തിന്റെയും വായനയുടെയും രംഗത്ത് ചെറിയ ബന്ധമുള്ളവർക്ക് പോലും നന്നായറിയാം. പ്രിയപ്പെട്ട വി.ബി.സി എന്ന് സംബോധന ചെയ്‌തെഴുതുന്ന കത്തിൽ വീണുപോകുമായിരുന്ന ഹൃദയാലുവായിരുന്നു വി.ബി.സിയെന്ന് എത്രയോ പേരുടെ അനുഭവ സാക്ഷ്യമാകാം.  
 പ്രയാസങ്ങൾ പറഞ്ഞു ചെല്ലുന്ന എഴുത്തുകാരെ സാമ്പത്തികമായി സഹായിക്കാൻ പോലും ഹൃദയ വിശാലതയുണ്ടായിരുന്ന പത്രാധിപന്മാർ ജയചന്ദ്രൻ നായരെപ്പോലെ മറ്റധികപേരുണ്ടാകില്ല. ഈ വിധമെല്ലാം ജനപക്ഷത്ത് നിൽക്കുന്ന വ്യക്തിക്കെതിരെ അധിക്ഷേപ പദം പ്രയോഗിച്ച വ്യക്തിയെ, അതെ, എൻ.എസ് മാധവനെ മറ്റൊരു തലത്തിലാണ് കേരളം ഉൾക്കൊള്ളുന്നത്. മാധവൻ നാം ജീവിക്കുന്ന കാലത്തിന് എത്രമാത്രം പ്രസക്തനാണെന്ന് അദ്ദേഹത്തിന്റെ ഇടപെടലുകൾ മഹാസാക്ഷ്യങ്ങളായി നിലനിൽക്കുന്നുണ്ട്. തിരുത്തിലൂടെയും ക്ഷുരകനിലൂടെയുമൊക്കെ അതദ്ദേഹം വെളിപ്പെടുത്തിത്തന്നു.  'ഫാസിസം ആളുകളുടെ വായ മൂടിക്കെട്ടുന്നില്ല; കൂടുതൽ സംസാരിക്കാൻ ബാധ്യസ്ഥരാക്കുന്നു. നൂറ്റാണ്ടുകളായി എഴുത്തുകാർക്ക് രണ്ട് ധ്രുവങ്ങളോട് പൊരുതേണ്ടി വന്നിട്ടുണ്ട്. വിലക്കപ്പെട്ട സംവേദനം ഒരു ഭാഗത്ത്, തുടർച്ചയായി സംസാരിച്ചുകൊണ്ടിരിക്കുവാനുള്ള നിർബന്ധം മറുഭാഗത്തും' ഇറാഖി നോവലിസ്റ്റായ അലിയ മംദൂഹിനെ ഉദ്ധരിച്ച് മാധവൻ എഴുതിയതങ്ങനെയാണ്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ മാധവനിൽ നിന്ന്  കേരളത്തിലെ സർവ്വാദരണീയനായ ഒരു വ്യക്തിയെ ലക്ഷ്യമിട്ട് പുറത്തു പോയ വാക്കും പുഛവും അത് പറഞ്ഞയാളുടെ തുടർന്നുള്ള ഇടപെടലുകളെ എത്രയോ ദുർബ്ബലമാക്കും. അതാണ് മാധവന്റെ അസമയത്തും അസ്ഥാനത്തുമുള്ള ട്വീറ്റിലെ വാക്കുകൾ കൂടുതൽ മാരകമായിത്തീരുന്നത്. അതിനുള്ള തെളിവ് നവ മാധ്യമങ്ങളിൽ വല്ലാതെ വന്നു നിറഞ്ഞു കഴിഞ്ഞു. ജയചന്ദ്രൻ നായരെയും മാധവനെയും ഒരുപോലെ ഇഷ്ടപ്പെടുന്നവർ പുതിയ ഘട്ടത്തിൽ മാധവനെ ഉപേക്ഷിച്ചിരിക്കുന്നു. 
 ബുദ്ധിമാനായ ഒരു കോൺഗ്രസ് യുവാവ് ആ അവസരം ശരിക്കും ഉപയോഗിച്ചു എന്നതാണ് സംഭവത്തെ രാഷ്ട്രീയ പ്രാധാന്യത്തിലേക്കെത്തിക്കുന്നത്. ജയചന്ദ്രൻ നായരോട് ചേർന്ന് നിൽക്കുക വഴി ബൽറാമിന് ലഭിക്കുന്ന രാഷ്ട്രീയ പിന്തുണയുടെ അന്തർധാര ചെറുതല്ല.  ജയചന്ദ്രൻ നായർ മലയാളം വാരികയുടെ പത്രാധിപരായിരുന്ന കാലത്താണ് പ്രഭാവർമ്മയുടെ ശ്യാമമാധവം എന്ന കാവ്യം ഖണ്ഡശഃയായി മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നത്. ടി.പി വധം വന്നു വീഴുന്നതും ഈ ഘട്ടത്തിൽ തന്നെ. ഈ കൊലപാതകത്തോട് കവി സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ച് മലയാളം വാരിക ശ്യാമമാധവത്തിന്റെ പ്രസിദ്ധീകരണമങ്ങ്  നിർത്തിവെച്ചു. മലയാള പ്രസിദ്ധീകരണ ചരിത്രത്തിൽ ഇങ്ങനെയൊരനുഭവം ഒരിക്കലുമുണ്ടായിട്ടില്ല. 
കേരളത്തിന്റെ സാംസ്‌കാരിക ലോകത്തെ ഞെട്ടിച്ചുകളഞ്ഞ സംഭവമായിരുന്നു അത്.  പ്രിയ കവി പ്രഭാവർമ്മയോടുള്ള വ്യക്തിപരമായ എതിർപ്പായിരുന്നില്ല കാരണം. പ്രഭാവർമ്മയുടെ രാഷ്ട്രീയം മാത്രം. 
ഒരു പത്രാധിപരുടെ ശക്തി 'തിരുത്ത്' എന്ന വിഖ്യാത കഥയിലൂടെ  മലയാളിയിലേക്ക് പകർത്തിവെച്ചു തന്ന പ്രതിഭയാണ് മാധവൻ. തിരുത്തിലെ ആ വരികൾ ഇങ്ങനെ: ചുല്യാറ്റ് കുനിഞ്ഞു നിന്ന് മേശപ്പുറത്ത് പരത്തി വെച്ച പ്രധാന വാർത്തയ്ക്ക് സുഹറ തലക്കെട്ടായി കംപ്യൂട്ടറിൽ ടൈപ് ചെയ്തിരുന്ന തർക്ക മന്ദിരം തകർത്തു എന്നതിലെ ആദ്യവാക്ക് ഉളിപോലെ പേനമുറുക്കിപ്പിടിച്ച് പല തവണ വെട്ടി. എന്നിട്ട് വിറക്കുന്ന കൈകൊണ്ട്, പാർക്കിൻസണിസത്തിന്റെ ലാഞ്ചന കലർന്ന വലിയ അക്ഷരങ്ങളിൽ വെട്ടിയ വാക്കിന്റെ മുകളിൽ എഴുതി: 'ബാബ്‌രി മസ്ജിദ്.' ഇതു കണ്ട് കഥയിലെ കഥാപാത്രം സുഹ്‌റ കണ്ണീർ തുകി പറയുന്ന വാക്കുണ്ട് 'നന്ദി സർ'.  മാധവൻ വരച്ചു കാണിച്ചു തന്ന ധീരനായ പത്രാധിപർ ചുല്യാറ്റിന്റെ ജീവിക്കുന്ന ചെറുരൂപം തന്നെയാണ് ജയചന്ദ്രൻ നായർ എന്നറിയാത്തതുകൊണ്ടായിരിക്കില്ല മാധവൻ ആ അരുതാത്ത പദം  അദ്ദേഹത്തിനെതിരെ പ്രയോഗിച്ചത്. ഇതു തന്നെയാണ് ബൽറാം തന്റെ പോസ്റ്റിൽ പറയുന്നതും.  ബൽറാമിന്റെ നവ മാധ്യമ കുറിപ്പ് ഇങ്ങനെ:
എൻ.എസ്. മാധവൻ ഏത് പുകയാണ് വലിക്കുന്നത് എന്ന് ഞാൻ തിരിച്ചു ചോദിക്കുന്നില്ല. ഈ ഐ.എ.എസ് തമ്പ്രാൻ ഇഷ്ടമല്ലാത്ത ഒരു പത്രാധിപരെ വിശേഷിപ്പിക്കുന്നത് 'ചെറ്റ' എന്നാണത്രേ! ചേറിൽ പണിയെടുക്കുന്നവരും ചേറു കൊണ്ടുള്ള കുടിലുകൾ മാത്രം സ്വന്തമായുളളവരുമൊക്കെ സംസ്‌കാര ശൂന്യരാണ് എന്ന പഴയ മാടമ്പി ധാർഷ്ട്യത്തിന്റെ സംഭാവനയാണ് 'ചെറ്റ' എന്ന അധിക്ഷേപ വാക്കെന്നത് വിഖ്യാത കഥാകൃത്തിന് മനസ്സിലാകാത്തതുകൊണ്ടാകുമെന്ന് തോന്നുന്നില്ല. ഇത് പെർവെഷനോ സെൽഫ് പ്രൊജക്ഷനോ എന്നേ ഇനി അറിയാനുള്ളൂ.
ഇവിടെ അവസാനം  അത്ര മാന്യമല്ലാത്ത വാക്കുകൾ  എ.കെ.ജി വിവാദ കാലത്ത് ബൽറാമിനെതിരെ മാധവൻ പ്രയോഗിച്ചതാണ്. അതേ വാക്കു കൊണ്ട് തന്നെ തിരിച്ചു കൊടുക്കുകയാണിവിടെ.   പൂർണമായും വരമ്പത്തെ കൂലി തന്നെ. 
സാധാരണ ഗതിയിൽ കോൺഗ്രസുകാർ ഇതുപോലുള്ള ഘട്ടങ്ങളിലൊക്കെ ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമേ അല്ലെന്ന് മന്ദബുദ്ധികളാകുന്നതാണ് അനുഭവം.  ബൽറാമിന്റെ തലമുറ ചരിത്രം മാറ്റിയെഴുതുകയാണ്. പറയാനുള്ളത് പറഞ്ഞിട്ടേ പോകൂ എന്നവർ ആണയിടുന്നു -അവരെത്ര കൊലകൊമ്പന്മാരായാലും. പരിഭ്രമിച്ചു നിൽക്കുന്നതാകട്ടെ, അവശേഷിക്കുന്ന ഇടതുപക്ഷ ബൗദ്ധിക സമൂഹവും. ജയചന്ദ്രൻ നായാർ-എൻ.എസ്.  മാധവൻ വിവാദത്തിന്റെ അന്തർധാരയും അതു തന്നെ.

Latest News