നാദാപുരം - ഞായറാഴ്ച വൈകീട്ട് ഉമ്മത്തൂർ പുഴയിൽ ഒഴുക്കിൽ പെട്ട് മരിച്ച വിദ്യാർഥി മുഹമ്മദിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ദുബായിയിൽ പ്രവാസിയായ മുവന്തേരി അരിരയാരീമ്മൽ കൊയിലോത്ത് മൊയ്തുവിന്റെ മകൻ മുഹമ്മദി (13) ന്റെ മൃതദേഹം നൂറുകണക്കിനാളുകളുടെ സാന്നിധ്യത്തിൽ പാറക്കടവ് ജുമാ മസ്ജിദ് കബർസ്ഥാനിൽ ഖബറടക്കി.
ഇന്നലെ ഉച്ചയോടെയാണ് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിയത്. മുഹമ്മദിനോടൊപ്പം ഒഴുക്കിൽ പെട്ട താഴേക്കണ്ടത്തിൽ അലിയുടെ മകൻ മിസഹബി (13) നായുള്ള തെരച്ചിൽ തുടരുകയാണ്. അപകടം നടന്ന് 24 മണിക്കൂർ പിന്നിട്ടതോടെ നേവിയുടെ സഹായം തേടിയിട്ടുണ്ട്. ജില്ലാ കലക്ടർ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുണ്ട്.
എറണാകുളത്ത് നിന്നുള്ള മുങ്ങൽ വിദഗ്ധർ ഇന്ന് എത്തിയേക്കും. ആർ.ഡി.ഒ ബിജു, തഹസിൽദാർ പ്രസീൽ, ഹെഡ് കോട്ടേഴ്‌സ് തഹസിൽദാർ സുധീർ, വില്ലേജ് ഓഫീസർമാരായ ശ്രീകുമാർ, ധർമ്മരാജ്, പോലീസ്, ഫയർഫോഴ്‌സ് ഓഫീസർമാരും സ്ഥലത്തുണ്ട്. കുട്ടികൾ മുങ്ങിയ പുഴയുടെ കരയിൽ രക്ഷാപ്രവർത്തനം കാണാൻ ഇന്നലെ വൈകീട്ടും നൂറുകണക്കിനാളുകളാണ് തിങ്ങികൂടിയത്. പുഴയോരത്ത് ആളുകൾ തടിച്ചു കൂടുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകട സാധ്യത കണത്തിലെടുത്താണിത്.
പ്രവേശനോത്സവത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായ രണ്ട് വിദ്യാലയങ്ങൾ വിദ്യാർഥികളുടെ ദുരന്തവാർത്തയറിഞ്ഞതോടെ ശോകമൂകമായി. മുഹമ്മദ് പഠിക്കുന്ന പാറക്കടവ് ദാറുൽ ഹുദാ സ്‌കൂളും ഒഴുക്കിൽ പെട്ട് കാണാതായ മിസ്ഹബ് പഠിക്കുന്ന ഉമ്മത്തൂർ ഹയർ സെക്കന്ററി സ്‌കൂളിലും പ്രവേശനോത്സവം റദ്ദാക്കി. പാറക്കടവ് ദാറുൽ ഹുദയിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് മുഹമ്മദ്. ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് മിസ്ഹബ്.
കെ. മുരളീധരൻ എം.പി, ഇ.കെ. വിജയൻ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, ബിന്ദു പുതിയോട്ടിൽ പഞ്ചായത്ത് പ്രസിഡന്റുമാരായ നസീമ കൊട്ടാരത്തിൽ (ചെക്യാട്), ഷാഹിന (തൂണേരി), കെ.പി. പ്രദീഷ് (വളയം), മറ്റ് ജനപ്രതിനിധികൾ വിവിധ പാർട്ടി നേതാക്കൾ ഉൾപ്പെടെയുള്ളവർ മുഹമ്മദിന്റെ വീട്ടിൽ അന്തിമോപചാരമർപ്പിക്കാനെത്തി.