കൊച്ചി- യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ ദുബായിലെ ഒളിവു ജീവിതം അവസാനിപ്പിച്ച് കൊച്ചിയിലെത്തിയ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ പോലീസ് ഒമ്പത് മണിക്കൂറോളം ചോദ്യം ചെയ്തു. ടൗണ്‍ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
നടിയെ ബലാല്‍സംഗം ചെയ്തിട്ടില്ലെന്നും ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടത്തിയതെന്നുമുള്ള നിലപായില്‍ വിജയ്ബാബു ഉറച്ചു നിന്നു. പുതിയ സിനിമയില്‍ മറ്റൊരു നടിയെ നായികയാക്കിയതിന്റെ വൈരാഗ്യമാണ് ബലാല്‍സംഗ ആരോപണത്തിന് പിന്നിലെന്നും വിജയ്ബാബു വിശദീകരിച്ചു. തന്റെ വാദം വ്യക്തമാക്കുന്നതിനുള്ള തെളിവുകളും വിജയ്ബാബു ഹാജരാക്കി. പരാതിക്കാരിയുമായി നടത്തിയ വാട്സാപ്പ് ചാറ്റുകളും, ബാങ്ക് സ്റ്റേറ്റ്മെന്റും, സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളുമാണ് പോലീസ് മുമ്പാകെ ഹാജരാക്കിയത്. ചോദ്യം ചെയ്യല്‍ നാളേയും തുടരും. കേസ് നാളെ കോടതി പരിഗണിക്കുന്നുണ്ട്.
രാവിലെ 9.30 ഓടെയാണ് വിജയ് ബാബു നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. കോടതിയില്‍ വിശ്വാസമുണ്ടെന്നും പോലീസുമായി സഹകരിക്കുമെന്നും വിജയ് ബാബു പറഞ്ഞു. ബഹുമാനപ്പെട്ട കോടതിയില്‍ പൂര്‍ണ വിശ്വാസമുണ്ട്. പോലീസുമായി പൂര്‍ണമായും സഹകരിക്കും. സത്യം പുറത്തു കൊണ്ട് വരുമെന്നും വിജയ്ബാബു പറഞ്ഞു. കുടുംബത്തോടൊപ്പം ആലുവയിലെ ദത്താഞ്ജനേയ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് ചോദ്യം ചെയ്യലിന് പോലീസ് മുമ്പാകെ ഹാജരായത്.
നടിയുടെ പരാതിയില്‍ പോലീസ് കേസെടുത്തതോടെ പോലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്ന് 39 ദിവസങ്ങള്‍ക്ക് ശേഷമാണ് വിജയ് ബാബു തിരികെയെത്തിയത്. വിജയ് ബാബു നാട്ടിലെത്തുമ്പോള്‍ അറസ്റ്റ് പാടില്ലെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കഴിയില്ല.മുന്‍കൂര്‍ ജാമ്യ ഹരജി നാളെ പരിഗണിക്കാനിരിക്കെ ഇതിനെ എതിര്‍ക്കാനുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്.