റിയാദ്- മൂല്യവര്‍ധിത നികുതി (വാറ്റ്) യുമായി ബന്ധപ്പെട്ട് ചുമത്തിയ പിഴകള്‍ റദ്ദാക്കുമെന്ന് സകാത്ത് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ഇന്ന് ബുധന്‍ മുതല്‍ നവംബര്‍ 30 വരെയാണ് ഈ ആനുകൂല്യമുണ്ടാവുക. കോവിഡ് കാരണം പ്രതിസന്ധിയിലായ സ്ഥാപനങ്ങള്‍ക്ക് ആശ്വാസമെന്ന നിലയിലാണ് ഈ ആനുകൂല്യം.
വാറ്റ് രജിസ്‌ട്രേഷന്‍ വൈകല്‍, പണമടക്കാന്‍ കാലതാമസം നേരിടല്‍, റിട്ടേണ്‍ സബ്മിഷന്‍ വൈകല്‍, റിട്ടേണില്‍ മാറ്റം വരുത്തല്‍ എന്നിവക്കുള്ള പിഴകളും ഇ ഇന്‍വോയ്‌സ്, വാറ്റ് എന്നിവയുമായി ബന്ധപ്പെട്ട് ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ ചുമത്തിയ പിഴകളും ഈ ആനുകൂല്യ പ്രകാരം അടക്കേണ്ടതില്ല. ഇതുവരെ വാറ്റില്‍ രജിസ്റ്റര്‍ ചെയ്യാത്തവരും റിട്ടേണ്‍ സബ്മിഷന്‍ ചെയ്യാത്തവരും ഇക്കാലയളവില്‍ നടപടികള്‍ പൂര്‍ത്തിയാക്കണം. എന്നാല്‍ നേരത്തെ പിഴയടച്ചവര്‍ക്ക് പിഴകള്‍ തിരിച്ചുലഭിക്കില്ലെന്നും അതോറിറ്റി അറിയിച്ചു.