കൊച്ചി- നടിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു കൊച്ചിയില്‍ തിരിച്ചെത്തി. ഹൈക്കോടതി അറസ്റ്റു തടഞ്ഞ് താത്ക്കാലിക ഉത്തരവ് നല്‍കിയതോടെയാണ് വിജയ് ബാബു തിരിച്ചെത്തിയത്. വിജയ് ബാബു ഇന്ന് തിരികെയെത്തുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നു.
രാവിലെ 9.30 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ വിജയ് ബാബു 11 മണിയോടെ എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. യാത്രാമധ്യേ ആലുവയില്‍ ക്ഷേത്ര ദര്‍ശനവും നടത്തി.
പ്രതിസന്ധി ഘട്ടത്തില്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി. കോടതിയില്‍ വിശ്വാസമുണ്ട്. സത്യം പൂര്‍ണ്ണമായും കോടതിയില്‍ തെളിയും. നീതി കിട്ടുമെന്ന് ഉറപ്പുണ്ടെന്നും അതിനാണ് അന്വേഷണവുമായി സഹകരിക്കുന്നതെന്നും വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു.
വിജയ് ബാബുവിനോട് ഇന്നു തന്നെ പോലീസിനു മുമ്പാകെ ഹാജരാകാനും അന്വേഷണത്തോട് സഹകരിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. പോലീസ് കേസെടുത്തതോടെ ഏപ്രില്‍ അവസാന വാരം ദുബായിലേക്ക് കടന്ന വിജയ് ബാബു പിന്നീട് ജോര്‍ജിയയിലേക്ക് കടന്നിരുന്നു. മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ അനുകൂല നിലപാട് ഉണ്ടായതോടെയാണ് 39 ദിവസത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തുന്നത്.