റിയാദ് - സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ ഏപ്രിലില്‍ നിയമാനുസൃത മാര്‍ഗങ്ങളില്‍ സ്വദേശങ്ങളിലേക്ക് 1,365 കോടി റിയാല്‍ (364 കോടി ഡോളര്‍) അയച്ചതായി സൗദി സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഏപ്രിലില്‍ വിദേശികള്‍ അയച്ച പണം 2.8 ശതമാനം തോതില്‍ വര്‍ധിച്ചു. 2021 ഏപ്രിലില്‍ വിദേശികള്‍ 1,330 കോടി റിയാലാണ് നിയമാനുസൃത മാര്‍ഗങ്ങളില്‍ സ്വദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാര്‍ച്ചിലും വിദേശികള്‍ അയച്ച പണത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. മാര്‍ച്ചില്‍ 4.6 ശതമാനം തോതിലാണ് വിദേശികളുടെ റെമിറ്റന്‍സ് വര്‍ധിച്ചത്.
എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ചിനെ അപേക്ഷിച്ച് ഏപ്രിലില്‍ വിദേശികള്‍ അയച്ച പണത്തില്‍ 7.1 ശതമാനം (104 കോടി റിയാല്‍) കുറവ് രേഖപ്പെടുത്തി. മാര്‍ച്ച് മാസത്തില്‍ 1,470 കോടി റിയാലാണ് വിദേശികള്‍ ബാങ്കളും ധനകാര്യ സ്ഥാപനങ്ങളും വഴി സ്വദേശങ്ങളിലേക്ക് അയച്ചത്. ഇരുപതു മാസത്തിനിടെ വിദേശികള്‍ അയച്ച ഏറ്റവും ഉയര്‍ന്ന തുകയാണ് മാര്‍ച്ചിലെത്.
ഈ വര്‍ഷം ജനുവരി, ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വിദേശികള്‍ ആകെ 5,207 കോടി റിയാല്‍ സ്വദേശങ്ങളിലേക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിദേശികളുടെ റെമിറ്റന്‍സ് 5,069 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഈ വര്‍ഷം വിദേശികള്‍ അയച്ച പണത്തില്‍ 2.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം വിദേശികള്‍ 15,390 കോടി റിയാലും (4,100 കോടി ഡോളര്‍) 2020 ല്‍ 14,970 കോടി റിയാലും (3,990 കോടി ഡോളര്‍) സ്വദേശങ്ങളിലേക്ക് അയച്ചിരുന്നു. കഴിഞ്ഞ വര്‍ഷം വിദേശികളുടെ റെമിറ്റന്‍സില്‍ 2.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
ഏപ്രില്‍ മാസത്തില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സൗദി പൗരന്മാര്‍ 650 കോടി റിയാല്‍ വിദേശങ്ങളിലേക്ക് അയച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഇത് 459 കോടി റിയാലായിരുന്നു. ഇതിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഏപ്രിലില്‍ സ്വദേശികള്‍ അയച്ച പണത്തില്‍ 30.7 ശതമാനം വര്‍ധന രേഖപ്പെടുത്തി. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സൗദികള്‍ വിദേശങ്ങളിലേക്ക് അയച്ച പണത്തില്‍ തുടര്‍ച്ചയായി പതിനാലാം മാസമാണ് വളര്‍ച്ച രേഖപ്പെടുത്തുന്നതെന്ന് സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു.