റിയാദ് - രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചതിന് സോഷ്യല്‍മീഡിയ സെലിബ്രിറ്റിയായ അറബ് യുവതിക്ക് വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് നാലു ലക്ഷം റിയാല്‍ പിഴ ചുമത്തിയതായി ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയ അറിയിച്ചു. സൗദിയില്‍ പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് യുവതിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുമായി സഹകരിക്കുന്നതില്‍ നിന്ന് രാജ്യത്തെ സ്ഥാപനങ്ങളെ വിലക്കിയിട്ടുമുണ്ട്. ഇ-കൊമേഴ്‌സ് നിയമം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസ് പരിശോധിച്ച് ശിക്ഷകള്‍ പ്രഖ്യാപിക്കുന്നതിന് യുവതിക്കും ഇവരുമായി പങ്കാളിത്തത്തിലുള്ള സ്ഥാപനത്തിനും എതിരായ കേസ് ഇത്തരം നിയമ ലംഘനങ്ങള്‍ പരിശോധിച്ച് തീര്‍പ്പ് കല്‍പിക്കുന്ന പ്രത്യേക കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്.
ഓഡിയോവിഷ്വല്‍ മീഡിയ നിയമം, പുകവലി വിരുദ്ധ നിയമം, ഇ-കൊമേഴ്‌സ് നിയമം എന്നിവ ലംഘിച്ച യുവതി ലൈസന്‍സില്ലാതെ ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിച്ചതായും കണ്ടെത്തിയിട്ടുണ്ടെന്ന് ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയ പറഞ്ഞു. സ്‌നാപ് ചാറ്റിലൂടെയാണ് യുവതി വിവിധ ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. ലെബനീസ് യുവതി ഡോ. യൗമി ആണ് രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് കുടുങ്ങിയ സെലിബ്രിറ്റിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഡോ. യൗമി നിരവധി പരസ്യങ്ങളില്‍ മോഡലായി വേഷമിടുകയും ഈ പരസ്യങ്ങള്‍ സ്‌നാപ് ചാറ്റിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നു.