കൊച്ചി- സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ അനുമതി നല്‍കി കേരള ഹൈക്കോടതി. ആലുവ സ്വദേശിനി ആദില നസ്‌റിന്റെ അപേക്ഷയാണ് ഹൈക്കോടതി അംഗീകരിച്ചത്. ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോയ താമരശേരി സ്വദേശിനിയായ ഫാത്തിമ നൂറയെ ആദില നസ്‌റിനൊപ്പം പോകാന്‍ കോടതി അനുവദിച്ചു. പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ചു ജീവിക്കുന്നതിനു വിലക്കില്ലെന്നു വ്യക്തമാക്കിക്കൊണ്ട് ജസ്റ്റിസ് വിനോദ് ചന്ദ്രന്റേതാണ് നടപടി. ആദില സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജി ഹൈക്കോടതി തീര്‍പ്പാക്കി.
തനിക്കൊപ്പം താമസിക്കാന്‍ ആലുവയിലെത്തിയ ഫാത്തിമ നൂറയെ വീട്ടുകാര്‍ ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടു പോയെന്നും കാണാനില്ലെന്നുമായിരുന്നു ആദിലയുടെ ഹരജി.
ഹരജി പരിഗണിച്ച ഹൈക്കോടതി പെണ്‍കുട്ടിയെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കാന്‍ ബിനാനിപുരം പോലീസിനു നിര്‍ദേശം നല്‍കി. തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയുമായി ഹൈക്കോടതിയിലെത്തി. ഈ സമയം പരാതിക്കാരിയായ ആദിലയെയും കോടതിയില്‍ വിളിച്ചു വരുത്തി. ചേംബറില്‍വച്ചു സംസാരിച്ച് ഇരുവരെയും ഒരുമിച്ചു ജീവിക്കാന്‍ അനുവദിക്കുകയായിരുന്നു.
സൗദിയിലെ പഠനത്തിനിടെയാണ് 22 വയസ്സുകാരിയായ ആദില നസ്‌റിനും 23 വയസ്സുകാരി നൂറയുമായി പ്രണയത്തിലായത്. കേരളത്തില്‍ മടങ്ങിയെത്തിയിട്ടും വീട്ടുകാരുടെ എതിര്‍പ്പ് കണക്കിലെടുക്കാതെ ഇരുവരും പ്രണയം തുടര്‍ന്നു.
ഈ മാസം 19നാണ് ആദില കോഴിക്കോട്ടെത്തിയത്. ഇരുവരും കോഴിക്കോട്ടുള്ള സംരക്ഷണ കേന്ദ്രത്തിലായിരുന്നു. ബന്ധുക്കള്‍ തിരഞ്ഞെത്തിയതോടെ പൊലീസ് ഇടപെട്ടു. പിന്നീട് ആദിലയുടെ രക്ഷകര്‍ത്താക്കള്‍ ഇരുവരെയും ആലുവയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇതിനിടെ, താമരശേരിയില്‍നിന്ന് ബന്ധുക്കളെത്തി നൂറയെ ബലമായി പിടിച്ചുകൊണ്ടുപോകുകയായിരുന്നു. കോടതിയില്‍ ഹാജരാക്കുമെന്ന് പറഞ്ഞാണ് കൊണ്ടുപോയതെങ്കിലും ഹാജരാക്കാതിരുന്നതോടെയാണ് ആദില നിയമസഹായം തേടിയത്.