Sorry, you need to enable JavaScript to visit this website.

വ്യാജ വീഡിയോ അപ് ലോഡ് ചെയ്തയാള്‍ പോളിംഗ് ദിനത്തില്‍ പിടിയിലായതിന് പിന്നിലെന്ത്, വിവാദം

കൊച്ചി- എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരായ വ്യാജ അശ്ലീല വീഡിയോ സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്തയാള്‍ പിടിയിലായെങ്കിലും വിവാദം കത്തിക്കയറുന്നു. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫാണ് കോയമ്പത്തൂരില്‍ നിന്നു പിടിയിലായത്. പിടിയിലായ ആള്‍ യു.ഡി.എഫ് പ്രവര്‍ത്തകനെന്ന് തെളിഞ്ഞതായി എല്‍.ഡി.എഫും, പോലീസിന്റെ നാടകമെന്ന് പ്രതിപക്ഷവും ആരോപിച്ചു. വോട്ടെടുപ്പിന്റെ അവസാനമണിക്കൂറുകളില്‍ വ്യാജ അശ്ലീല വീഡിയോ പ്രധാന ആയുധമാക്കുകയാണ് എല്‍.ഡി.എഫ്.

കോയമ്പത്തൂരില്‍ നിന്നു പിടികൂടിയ മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി അബ്ദുള്‍ ലത്തീഫ് മുസ്്‌ലിം ലീഗ് അനുഭാവിയാണെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഇയാളെ കൊച്ചി സിറ്റി പൊലീസ് ചോദ്യം ചെയ്യുകയാണ്. വ്യാജ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയല്ല, അപ് ലോഡ് ചെയ്തവര്‍ക്കെതിരെയാണ് നടപടി വേണ്ടതെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയുടെ ചുവടുപിടിച്ചായിരുന്നു എല്‍.ഡി.എഫ് നേതാക്കളുടെ പ്രതികരണങ്ങള്‍. സത്യം പുറത്തുവന്നെന്നാണ് സ്ഥാനാര്‍ഥി ജോ ജോസഫ് പ്രതികരിച്ചത്.

എല്‍.ഡി.എഫ് വാദങ്ങള്‍ തള്ളിയ പ്രതിപക്ഷനേതാവ്, വോട്ടെടുപ്പ് ദിനത്തില്‍ പ്രതിയെ പിടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കി.

പിടിയിലായ അബ്ദുള്‍ ലത്തീഫിനെ മുസ്ലീംലീഗും തള്ളിപ്പറഞ്ഞു. ഇങ്ങനെഒരാള്‍ പാര്‍ട്ടിയിലില്ലെന്നാണ് നേതാക്കളുടെ വിശദീകരണം. വോട്ടെടുപ്പ് പാതി പിന്നിടുമ്പോള്‍ വിഷയം കത്തിച്ചുനിര്‍ത്താനാണ് എല്‍.ഡി.എഫ് ശ്രമം. എന്നാല്‍ പോലീസിന്റെ കള്ളക്കളിയെന്നാണ് യു.ഡി.എഫ് പ്രതിരോധം. സര്‍ക്കാരിനെ ഉലക്കുന്ന മുഴുവന്‍ വിഷയങ്ങളും മാറ്റി അശ്‌ളീല വിഡിയോ ചര്‍ച്ച ചെയ്യുന്നത് എന്തിനെന്ന് എല്ലാവരും മനസിലാക്കുമെന്ന് യു.ഡി.എഫ് പറയുന്നു.

 

Latest News