Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ആമിലടക്കം എട്ട് പ്രൊഫഷന്‍ മാറ്റല്‍ നിര്‍ബന്ധം, തൊഴിലാളിയുടെ അനുമതിയും ഫീസും വേണ്ട

റിയാദ് - സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കീഴില്‍ ജോലി ചെയ്യുന്ന വിദേശികളുടെ എട്ടു പ്രൊഫഷനുകള്‍ മാറ്റാന്‍ തൊഴിലാളികളുടെ അനുമതി വേണമെന്ന വ്യവസ്ഥ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്‌ഫോം റദ്ദാക്കി. ഡോക്ടര്‍, എക്‌സ്‌പേര്‍ട്ട്, സ്‌പെഷ്യലിസ്റ്റ്, എന്‍ജിനീയര്‍, സ്‌പെഷ്യലിസ്റ്റ് എക്‌സ്‌പേര്‍ട്ട്, കണ്‍ട്രോള്‍ ടെക്‌നീഷ്യന്‍, തൊഴിലാളി, സാദാ തൊഴിലാളി എന്നീ പ്രൊഫഷനുകള്‍ മാറ്റാനാണ് തൊഴിലാളികളുടെ അനുമതി ആവശ്യമില്ലാത്തത്. ഈ എട്ടു പ്രൊഫഷനുകളിലും ജോലി ചെയ്യുന്ന വിദേശികളുടെ പ്രൊഫഷന്‍ മാറ്റണമെന്ന വ്യവസ്ഥ അടുത്തിടെ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഈ എട്ടു പ്രൊഫഷനുകളില്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ പുതിയ വിസകള്‍ അനുവദിക്കില്ല. റിക്രൂട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന തൊഴിലാളികളുടെ പ്രൊഫഷനുകളുടെ കൃത്യമായ വിവരണം തൊഴിലുടമകള്‍ പ്ലാറ്റ്‌ഫോമില്‍ നല്‍കണമെന്നും ഖിവാ പ്ലാറ്റ്‌ഫോം പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കു കീഴിലെ തൊഴിലാളികളുടെ പ്രൊഫഷനുകളാണ് ഖിവാ പ്ലാറ്റ്‌ഫോം വഴി മാറ്റുക. വ്യക്തിഗത സ്‌പോണ്‍സര്‍മാര്‍ക്കു കീഴിലെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ ഖിവാ പ്ലാറ്റ്‌ഫോം വഴി മാറ്റാന്‍ കഴിയില്ല.
സാധാരണ ഗതിയില്‍ പ്രൊഫഷന്‍ മാറ്റത്തിന് തൊഴിലാളികളുടെ അനുമതി ആവശ്യമാണ്. പ്രൊഫഷന്‍ മാറ്റത്തിന് രണ്ടായിരം റിയാല്‍ വരെയാണ് ഫീസ്. ഇപ്പോള്‍ ഖിവാ പ്ലാറ്റ്‌ഫോം നിര്‍ണയിച്ച എട്ടു പ്രൊഫഷനുകള്‍ മാറ്റാന്‍ ഫീസ് നല്‍കേണ്ടതില്ല. റദ്ദാക്കിയ പ്രൊഫഷനുകളുടെ തിരുത്തല്‍ ആയാണ് പ്രൊഫഷന്‍ മാറ്റം പരിഗണിക്കുക. ഫീസില്ലാതെ ഒരു തവണ മാത്രമാണ് പൊഫഷനില്‍ തിരുത്തല്‍ വരുത്താന്‍ അനുവദിക്കുക. രണ്ടാമതും തിരുത്തല്‍ വരുത്താന്‍ ആഗ്രഹിക്കുന്ന പക്ഷം പ്രൊഫഷന്‍ മാറ്റ സേവനം തെരഞ്ഞെടുത്ത് ഫീസ് അടക്കണം.
ഡോക്ടര്‍, എക്‌സ്‌പേര്‍ട്ട്, സ്‌പെഷ്യലിസ്റ്റ്, എന്‍ജിനീയര്‍, സ്‌പെഷ്യലിസ്റ്റ് എക്‌സ്‌പേര്‍ട്ട്, കണ്‍ട്രോള്‍ ടെക്‌നീഷ്യന്‍ എന്നീ പ്രൊഫഷനുകളുടെ വിശദാംശങ്ങള്‍ നല്‍കിയാണ് സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ പ്രൊഫഷനുകളില്‍ തിരുത്തല്‍ വരുത്തേണ്ടത്.
തൊഴിലാളി, സാദാ തൊഴിലാളി എന്നിവക്കു പകരം തെരഞ്ഞെടുക്കാവുന്ന 67 പ്രൊഫഷനുകള്‍ ഖിവാ പ്ലാറ്റ്‌ഫോം നിര്‍ണയിച്ചിട്ടുണ്ട്.
പെട്രോള്‍ ബങ്ക് തൊഴിലാളി, ഭക്ഷ്യവസ്തു സ്ഥാപനങ്ങളിലെ കൗണ്ടര്‍ തൊഴിലാളി, പേഴ്‌സണല്‍ കെയര്‍, റെഡിമിക്‌സ്, വാഹന പെയിന്റിംഗ്, കെട്ടിടങ്ങളുടെ ടെറസ്സ് ക്ലീനിംഗ്, ഫോര്‍ക് ലിഫ്റ്റ്, എംബ്രോയ്ഡറി, ഇലക്ട്രിക് ഉപകരണങ്ങളുടെ റിപ്പയറിംഗ്, ഫര്‍ണിച്ചര്‍ അസംബ്ലി, പ്ലാസ്റ്റിക്, ലോഹ ഉല്‍പന്നങ്ങളുടെ അസംബ്ലി, പച്ചക്കറികളും പഴവര്‍ഗങ്ങളും സൂക്ഷിക്കല്‍, പെസ്റ്റ് കണ്‍ട്രോള്‍, ഖനനം, പേപ്പര്‍ബോര്‍ഡ് അസംബ്ലി, ഹോട്ടല്‍ അറേഞ്ച്‌മെന്റ്, കാര്‍ പാര്‍ക്കിംഗ്, ഓഫീസ്, സ്ഥാപന ക്ലീനിംഗ്, ലോണ്‍ട്രി, ഇസ്തിരിയിടല്‍, കാര്‍പെറ്റ് ക്ലീനിംഗ്, വാഹന ക്ലീനിംഗ്, വാട്ടര്‍ ടാങ്ക് ക്ലീനിംഗ്, മലിനജലം, കന്നുകാലി ഫാം, പൗള്‍ട്രി ഫാം, മൊബൈല്‍ കാര്‍ വാഷിംഗ്, റോഡ് ക്ലീനിംഗ്, പാര്‍ക്ക് ക്ലീനിംഗ്, ഹാച്ചറി, അഗ്രിക്കള്‍ച്ചറല്‍ ആന്റ് അനിമല്‍ പ്രൊഡക്ഷന്‍ ഫാം, നഴ്‌സറി, ഹരിത പ്രദേശങ്ങള്‍, മത്സ്യകൃഷി, ഫോറസ്റ്റുകള്‍, മേയ്ച്ചില്‍പുറങ്ങള്‍, കാട്ടുതീ കെടുത്തല്‍, മത്സ്യബന്ധനം, ഖനി, ക്വാറി, നിര്‍മാണം, റോഡ് മെയിന്റനന്‍സ്, ടാറിംഗ്, ഖബറിസ്ഥാന്‍, പ്രിന്റിംഗ്, ബൈന്റിംഗ് ഫിനിഷിംഗ് ജോലികള്‍, ടെലികോം, ഐ.ടി കേബിള്‍ ഇന്‍സ്റ്റലേഷന്‍, കോണ്‍ക്രീറ്റ് മിക്‌സ്, കോണ്‍ക്രീറ്റ്, പൊളിക്കല്‍, പേക്കിംഗ്, സ്റ്റിക്കര്‍ പതിക്കല്‍, ഉല്‍പന്നങ്ങള്‍ തരംതിരിക്കല്‍, വര്‍ക്ക് ഷോപ്പ്, ട്രോളി ഉന്തല്‍, ചരക്ക് നീക്കത്തിനുള്ള ബൈക്ക്, മൃഗങ്ങള്‍ വലിക്കുന്ന വണ്ടികള്‍ ഓടിക്കല്‍, കയറ്റിറക്കല്‍, ഷെല്‍ഫുകള്‍ നിറക്കല്‍, സ്റ്റോര്‍, അടുക്കള ഉപകരണങ്ങളുടെ ക്ലീനിംഗ്, അടുക്കള, ഡ്രില്ലിംഗ് എന്നിവ അടക്കമുള്ള 67 പ്രൊഫഷനുകളിലേക്കാണ് തൊഴിലാളി, സാദാ തൊഴിലാളി പ്രൊഫഷനുകള്‍ മാറ്റേണ്ടത്.

 

 

Latest News