കൊച്ചി- തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ടിനു ശ്രമിച്ച ഒരാള്‍ പിടിയില്‍. വൈറ്റില പൊന്നുരുന്നിയിലെ സ്‌കൂളിലെ പോളിങ് ബൂത്തില്‍ കള്ളവോട്ടു ചെയ്യാന്‍ ശ്രമിച്ച പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിനാണ് പിടിയിലായത്. ബൂത്തിലെ ടി.എം.സഞ്ജു എന്നയാളുടെ പേരില്‍ വോട്ടു ചെയ്യാനെത്തിയ ഇയാള്‍ക്കെതിരെ എന്‍.ഡി.എ, യുഡിഎഫ് ബൂത്ത് ഏജന്റുമാരാണ് പരാതി നല്‍കിയത്.
മണ്ഡലത്തില്‍ പോളിങ് പുരോഗമിക്കുകയാണ്. ഉച്ചക്ക് ഒരു മണിയായപ്പോള്‍ പോളിങ് 45 ശതമാനം പിന്നിട്ടു.
യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്‌ലൈന്‍ ജംക്ഷനിലെ ബൂത്ത് 50ലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജോ ജോസഫ് വാഴക്കാലയിലെ 140 ാം നമ്പര്‍ ബൂത്തിലും വോട്ടു രേഖപ്പെടുത്തി. അതിനിടെ മോട്ടിച്ചോട് ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ മദ്യപിച്ചെന്ന് ആക്ഷേപത്തെ തുടര്‍ന്ന് പകരം ആളെ നിയമിച്ചു.
വൈകിട്ട് 6 വരെയാണു പോളിങ്. വെള്ളിയാഴ്ചയാണു വോട്ടെണ്ണല്‍. പി.ടി.തോമസ് എംഎല്‍എയുടെ നിര്യാണംമൂലം ഒഴിവുവന്ന നിയമസഭാ സീറ്റിലേക്കാണു ഉപതെരഞ്ഞെടുപ്പ്. ആകെയുള്ള 1,96,805 വോട്ടര്‍മാരില്‍ 1,01,530 പേര്‍ വനിതകളാണ്. ഒരു ട്രാന്‍സ്‌ജെന്‍ഡറുമുണ്ട്.
പോളിങിനു ശേഷം ബാലറ്റ് യൂണിറ്റുകള്‍ മഹാരാജാസ് കോളജിലെ സ്‌ട്രോങ് റൂമിലേക്കു മാറ്റും. വെള്ളിയാഴ്ച രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ തുടങ്ങുക. മണ്ഡലത്തില്‍ ആറു തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടുകളുമുണ്ട്.