കാസര്‍കോട്- ചീമേനി പുലിയന്നൂരില്‍ റിട്ട.അധ്യാപിക പി.വി.ജാനകി(65)യെ കഴുത്തറുത്തു കൊലപ്പെടുത്തി പണവും ആഭരണവും കവര്‍ന്ന കേസില്‍ ശിഷ്യന്മരായ രണ്ട് പ്രതികള്‍ക്ക് ജീവപര്യന്തം. പുലിയന്നൂര്‍ ചീര്‍ക്കുളം വലിയവീട്ടില്‍ വിശാഖ്(31), ചീര്‍ക്കുളം അള്ളറാട്ട് ഹൗസില്‍ അരുണ്‍കുമാര്‍(29) എന്നിവര്‍ക്കാണ് ശിക്ഷ. രണ്ടാം പ്രതി പുലിയന്നൂര്‍ ചീര്‍ക്കുളം തലക്കാട്ട് ഹൗസില്‍ ടി.റെനീഷിനെ(24) വെറുതേ വിട്ടിരുന്നു.
2017 ഡിസംബര്‍ 13നു രാത്രി 9.30നാണ് മുഖംമൂടി അണിഞ്ഞ സംഘം വീട്ടില്‍ കയറി ജാനകിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം 17 പവന്‍ ആഭരണവും 92,000 രൂപയും കവര്‍ന്നത്. ഭര്‍ത്താവ് റിട്ട.അധ്യാപക!ന്‍ കളത്തേര കൃഷ്ണനെ(74) ഗുരുതരമായി പരുക്കേല്‍പിക്കുകയും ചെയ്തിരുന്നു. കൊലപാതകം, കവര്‍ച്ച, ഭവനഭേദനം, ഗൂഢാലോചന, വധശ്രമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. രണ്ടാം പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനു സാധിച്ചില്ല.
കവര്‍ച്ച നടത്തിയ സ്വര്‍ണം ഉരുക്കിയ നിലയില്‍ കണ്ണൂര്‍, മംഗളൂരു എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍ നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതാണു സ്വര്‍ണം വില്‍ക്കാന്‍ പോയ സ്ഥലം തിരിച്ചറിയാനും പ്രതികളെ കണ്ടെത്താനും സഹായിച്ചത്.
2019 ഡിസംബറില്‍ വിചാരണ പൂര്‍ത്തിയായെങ്കിലും ജഡ്ജിമാരുടെ സ്ഥലം മാറ്റവും കോവിഡും കാരണം വിധി പറയാന്‍ വൈകുകയായിരുന്നു. വിചാരണ ആരംഭിച്ച ശേഷം ആറാമത്തെ ജഡ്ജിയാണ് ഇപ്പോള്‍ വിധി പറഞ്ഞത്.