കൊച്ചി- നടിയെ ആക്രമിച്ച കേസില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍ പിള്ളി. നടി ബാര്‍ കൗണ്‍സിലിനു നല്‍കിയ പരാതിക്കുള്ള മറുപടിയിലാണ് രാമന്‍ പിള്ളയുടെ വിശദീകരണം. അഡ്വക്കേറ്റ്‌സ് ആക്ടിലെ 35 ാം വകുപ്പിനു വിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് രാമന്‍പിള്ള വ്യക്തമാക്കി.
ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചു കൊണ്ടുള്ള അഭിഭാഷകന്റെ മറുപടി ബാര്‍ കൗണ്‍സില്‍ നടിക്ക് അയച്ചു കൊടുത്തിട്ടുണ്ട്.
കൂടുതലായി എന്തെങ്കിലും വിശദീകരിക്കാനുണ്ടെങ്കില്‍ തെളിവു സഹിതം നല്‍കണമെന്ന നിര്‍ദേശത്തോടെയാണ് അയച്ചിരിക്കുന്നത്.
ദിലീപിന്റെ അഭിഭാഷകന്‍ കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് നടി നേരത്തെ ബാര്‍ കൗണ്‍സിലിനു പരാതി നല്‍കിയിരുന്നത്.
ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ ബി.രാമന്‍ പിള്ള, ഫിലിപ് ടി.തോമസ്, സുജേഷ് മോഹന്‍ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. ഇമെയില്‍ വഴി അയച്ച പരാതി സ്വീകരിക്കാനാവില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് നേരിട്ടെത്തി ഫീസടച്ച്് നടി നല്‍കിയ പരാതി ബാര്‍ കൗണ്‍സില്‍ സ്വീകരിക്കുകയായിരുന്നു.