കൊച്ചി- കേരളത്തില്‍ മൊത്തം 177 കിലോമീറ്റര്‍ റോഡ് ശൃംഖലയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയതായി കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ( എന്‍എച്ച്എഐ ) അറിയിച്ചു.
'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷത്തോടനുബന്ധിച്ച് , റീജിയണല്‍ ഓഫീസര്‍മാരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ച എന്‍എച്ച്‌ഐഐഎ ചെയര്‍പേഴ്‌സണ്‍ അല്‍ക്ക ഉപാധ്യായ ആണ് ഇക്കാര്യം അറിയിച്ചത്,
34,972 കോടി രൂപ ചെലവില്‍ 403 കിലോമീറ്റര്‍ റോഡ്പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുന്നു. കൂടാതെ, 21,271 കോടി രൂപ ചെലവില്‍ 187 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 6 പദ്ധതികള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കും.
ആലപ്പുഴ ജില്ലയിലെ തുറവൂര്‍ മുതല്‍ അരൂര്‍വരെയുള്ള 12.34 കിലോമീറ്റര്‍ എലിവേറ്റഡ് ഹൈവേയാണ് പ്രധാന പദ്ധതി. നിലവില്‍ സംസ്ഥാനത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ആറ് വരി എലിവേറ്റഡ് ഹൈവേയാകും ഇത്. .ഈ എലവേറ്റഡ് ഹൈവേ ആലപ്പുഴ ജില്ലയെ എറണാകുളം ജില്ലയും കൊച്ചി നഗരവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തും.
121 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന പാലക്കാട് മലപ്പുറം കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേ നിലവിലുള്ള എന്‍എച്ച് 966ലെ ഗതാഗതം സുഗമമാക്കുമെന്ന് അവര്‍ പറഞ്ഞു. ഇതോടെ ഈ മുഴുവന്‍ ദൂരവും പിന്നിടാനുള്ള സമയപരിധി നിലവിലെ മൂന്നര മണിക്കൂറില്‍ നിന്ന് ഒന്നര മണിക്കൂറായി കുറയും . പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദൂര പ്രദേശങ്ങളുടെ വികസനത്തിന് ഗ്രീന്‍ ഫീല്‍ഡ് ഹൈവേ ഉത്തേജനം നല്‍കും. തമിഴ്‌നാടും വടക്കന്‍ കേരളവും തമ്മിലുള്ള അന്തര്‍സംസ്ഥാന ഗതാഗത ബന്ധം ഈ ഹൈവേ മെച്ചപ്പെടുത്തും.59 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ചെങ്കോട്ട കൊല്ലം ഗ്രീന്‍ഫീല്‍ഡ് ഹൈവേ തടസ്സമില്ലാത്ത ഗതാഗത സൗകര്യം ഉറപ്പാക്കുകയും നിലവിലുള്ള 744ല്‍ ഗതാഗതം സുഗമമാക്കുകയും ചെയ്യും. കൊല്ലം, തിരുവനന്തപുരം ജില്ലകള്‍ക്ക് ഇത് ഗുണകരമാകും.
തിരുവനന്തപുരം ജില്ലയിലെ ഗതാഗതം സുഗമമാക്കാന്‍ എന്‍എച്ച്എഐ ഔട്ടര്‍ റിംഗ് റോഡ് പദ്ധതിക്ക് അംഗീകാരം നല്‍കും ,ഗ്രാന്‍ഡ് ചലഞ്ച് മെക്കാനിസത്തിന് കീഴിലുള്ള ഭാരത്മാല പരിയോജന പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ എന്‍എച്ച്എഐ നടപടികള്‍ സ്വീകരിക്കുകയും മന്ത്രാലയം ഇതിന് അനുമതി നല്‍കുകയും ചെയ്തു. സ്ഥലമെടുപ്പ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് പദ്ധതി ഉടന്‍ ആരംഭിക്കും. ഔട്ടര്‍ റിംഗ് റോഡ്, പുരോഗമിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഗതാഗതം സുഗമമാക്കും